ഒറ്റപ്പാലം: കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ പി. പാറുക്കുട്ടി സി.പി.എം പിന്തുണയോടെ ചെയര്‍പേഴ്സനായും എസ്. ശെല്‍വന്‍ വൈസ് ചെയര്‍മാനായും ഒറ്റപ്പാലം നഗരസഭയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ അവസാനം സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചെയര്‍പേഴ്സന്‍ റാണി ജോസ് പുറത്തായിരുന്നു. വൈസ് ചെയര്‍മാന്‍ പി.എം.എ. ജലീല്‍ രാജിവെക്കുകയും ചെയ്തിരുന്നു. ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പ് രാവിലെയും വൈസ് ചെയര്‍മാന്റേത് ഉച്ചക്ക് ശേഷവുമാണ് നടന്നത്. പാറുക്കുട്ടിക്കും ശെല്‍വനും 19 വീതം വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച റാണി ജോസിനും പി.എം.എ. ജലീലിനും 13 വീതവും ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിച്ച പാര്‍വതി, എസ്. ഗംഗാധരന്‍ എന്നിവര്‍ക്ക് നാലു വീതവും വോട്ടുകളാണ് ലഭിച്ചത്.
36 അംഗ കൗണ്‍സിലില്‍ സി.പി.എം 16ഉം സി.പി.എം വിമതര്‍ അഞ്ചും ബി.ജെ.പി നാലും കോണ്‍ഗ്രസ് ഏഴും ലീഗ് നാലും എന്നതാണ് കക്ഷിനില.
സി.പി.എമ്മിന് അനുകൂലമായി അവിശ്വാസത്തെ പിന്തുണച്ചത് ശെല്‍വന്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ്. പാര്‍ട്ടിയില്‍നിന്ന് ഇവരെ പുറത്താക്കിയിരുന്നു. ഇതോടെ കൗണ്‍സിലില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ നാലായി ചുരുങ്ങി. നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 19 വോട്ടുകള്‍ മതി. സി.പി.എം പിന്തുണയോടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കേവല ഭൂരിപക്ഷത്തിന് തുല്യമാണ്. ചെറുകിട ജലസേചന വകുപ്പിലെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബി.എസ്. രേണുകാ ദേവിയാണ് റിട്ടേണിങ് ഓഫിസറുടെ ചുതല വഹിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍