മസ്കത്ത്: വേനല്‍ചൂട് ശക്തമായതോടെ പകല്‍സമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടുത്തമാസം ഒന്ന് മുതല്‍ മധ്യാഹ്ന വിശ്രം അനുവദിക്കാന്‍ തൊഴില്‍മന്ത്രാലയം നിര്‍മാണകമ്പനികള്‍ക്കും മറ്റും നിര്‍ദേശം നല്‍കി. ഉച്ചക്ക് 12.00 മുതല്‍ വൈകുന്നേരം 3.30 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കേണ്ടത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഈ നിര്‍ദേശം പാലിക്കേണ്ടത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷസംബന്ധിച്ച് 2008ലാണ് എല്ലാവര്‍ഷവും ഈമാസങ്ങളില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്നവിശ്രമം നല്‍കാന്‍ മന്ത്രിസഭാതലത്തില്‍ ഉത്തരവിറക്കിയത്. ലേബര്‍ നിയമത്തിന്‍െറ ആര്‍ട്ടിക്കില്‍ (16) പ്രകാരം ഈ നിയമം പാലിക്കാന്‍ സുല്‍ത്താനേറ്റിലെ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
കനത്ത വേനല്‍ചൂട് പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിവിധ ശാരീരിക പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ശരീരത്തില്‍ ജലത്തിന്‍െറ അംശം കുറയുന്നതിന്‍െറ ഭാഗമായി തളര്‍ച്ച, തലകറക്കം, ഛര്‍ദി, ശരീരവേദന, ചൊറിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകളുണ്ടാകും. കനത്ത ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്നതിലെ പ്രയാസം മനസിലാക്കിയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്.
മധ്യാഹ്ന വിശ്രമ നിയമം രാജ്യത്ത് ശക്തമായി നപ്പാക്കുമെന്ന് മന്ത്രാലയം ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലീം ബിന്‍ സഈദ് അല്‍ബാദി പറഞ്ഞു. പുറത്തുജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും നിയമത്തിന്‍െറ പരിധിയില്‍ വരും. നിയമംലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നിയമനടപടികളാണ് സ്വീകരിക്കുക. നിയമം നടപ്പാക്കുന്നതിന്‍െറ ആനുകൂല്യം തൊഴിലാളികള്‍ക്ക് മാത്രമല്ല, തൊഴിലുടമക്ക് കൂടിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദനക്ഷമത വര്‍ധിക്കാന്‍ വിശ്രമം സഹായിക്കും. തൊഴില്‍ സ്ഥലങ്ങളിലെ അപകടങ്ങള്‍ കുറക്കുന്നതിനും കഴിയും. നിയമം പാലിക്കാനും സംരക്ഷിക്കാനും തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൂടുകാലത്തെ മധ്യാഹ്ന വിശ്രമനിയമം സംബന്ധിച്ചും ചൂടിനെ പ്രതിരോധിക്കേണ്ടതിന്‍െറ ആവശ്യകത സംബന്ധിച്ചും തൊഴിലാളികള്‍ക്കിടയില്‍ മന്ത്രാലയം ബോധവല്‍്കരണം നടത്താറുണ്ട്. മുന്‍ വര്‍ഷവും ബോധവത്കരണം നടത്തിയിരുന്നു. ചൂടുകാലത്ത് തൊഴില്‍ സ്ഥലങ്ങളില്‍ കുടിവെള്ളം, വിശ്രമസൗകര്യം, പ്രഥമശുശ്രൂഷാ സാമഗ്രികള്‍ എന്നിവ ലഭ്യമാക്കണമെന്നും അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍