ബസ് അപകടം: മരിച്ചത് മലയാളി ഡ്രൈവര്‍

ബസ് അപകടം: മരിച്ചത് മലയാളി ഡ്രൈവര്‍

അബൂദബി: സ്കൂള്‍ ബസില്‍ മിനി വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് മരിച്ചത് മലയാളി ഡ്രൈവറാണെന്ന് വ്യക്തമായി. ചാലക്കുടി കൊന്നക്കുഴി പണ്ടാരപറമ്പില്‍ വിജയന്‍െറ മകന്‍ വിനീപ് (24) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു.
അബൂദബി മോഡല്‍ സ്കൂളിന്‍െറ ബസിന് പിന്നില്‍ അല്‍ ഗസല്‍ ട്രാന്‍സ്പോര്‍ട്ടിന്‍െറ മിനി വാനാണ് ഇടിച്ചത്. തിങ്കളാഴ്ച ഉച്ച ഒരു മണിയോടെ മുസഫ-താരിഫ് റോഡിലാണ് അപകടമുണ്ടായത്. സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ചെന്നും സ്കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചെന്നുമായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍, സ്കൂള്‍ ബസിന് പിന്നില്‍ മിനി വാന്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നും മിനി വാന്‍ ഡ്രൈവര്‍ വിനീപാണ് മരിച്ചതെന്നും ചൊവ്വാഴ്ച അറിവായി. മൂന്നാമതൊരു വാഹനം കൂടി ഈ അപകടത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ഒരു വര്‍ഷം മുമ്പാണ് വിനീപ് അബൂദബിയില്‍ എത്തിയത്. ജൂണില്‍ അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. അമ്മ: സുലോചന. സഹോദരന്‍: ദിലീപ്.
അബൂദബി മോഡല്‍ സ്കൂളില്‍ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ക്ളാസിലേക്ക് വന്ന 45 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. അതിശക്തമായ ഇടിയുടെ ആഘാതത്തില്‍ മിനി വാന്‍ ഡ്രൈവര്‍ വിനീപ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഡ്രൈവറുടെ സീറ്റുള്ള വശമാണ് സ്കൂള്‍ ബസില്‍ ഇടിച്ചത്. ആറു മലയാളി വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ സ്കൂള്‍ ബസിന്‍െറ ഗ്ളാസ് തകര്‍ന്നതിനെ തുടര്‍ന്നാണ് ചില കുട്ടികള്‍ക്ക് പരിക്കേറ്റത്. ഒരു കുട്ടിക്ക് നാല് തുന്നല്‍ ഇടേണ്ടിവന്നു. മറ്റൊരു കുട്ടിക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് കഴുത്തിലും മറ്റും വേദനയാണുണ്ടായത്. ആവശ്യമായ ചികില്‍സക്ക് ശേഷം ആറു പേരെയും തിങ്കളാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്തതായി പ്രിന്‍സിപ്പല്‍ വി.വി. അബ്ദുല്‍ ഖാദര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus