‘സര്‍, മകനെ ഒന്ന് മടിയിലിരുത്താമോ?’

ദുബൈ: ‘സര്‍, മകനെ ഒന്ന് മടിയില്‍ ഇരുത്താമോ? ഇയാള്‍ക്ക് സീറ്റ് കൊടുക്കാനാണ്’. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഏതെങ്കിലും ബസിലെ കണ്ടക്ടറുടെ അഭ്യര്‍ഥനയല്ലിത്. കൊച്ചി-ഷാര്‍ജ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂ അംഗം ഒരു യാത്രക്കാരനോട് ചോദിച്ചതാണ്. സീറ്റില്ലാതെ നില്‍ക്കുന്ന സഹയാത്രികന്‍െറ ദൈന്യതയോര്‍ത്ത് മകനെ മടിയിലിരുത്തി യാത്ര ചെയ്ത ഈ യാത്രക്കാരന്‍ തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ 12ന് രാത്രി കൊച്ചി-ഷാര്‍ജ റൂട്ടില്‍ ജെറ്റ് എയര്‍വെയ്സില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്ത പൊന്നാനി സ്വദേശി ഹബീബിനാണ് ഈ ദുരനുഭവമുണ്ടായത്. ഹബീബും ഭാര്യയും കുട്ടികളുമടക്കം ആറ് പേരാണ് യാത്ര ചെയ്തത്. വിമാനത്തില്‍ ഒരേ ലൈനിലുള്ള മൂന്ന് വീതം സീറ്റുകള്‍ ആണ് ഇവര്‍ക്ക് ലഭിച്ചത്. വിമാനം പൊങ്ങുമ്പോളുള്ള രാത്രികാല കാഴ്ചകള്‍ ജനാലക്കരികിലിരുന്ന് കാണാന്‍ മൂന്നര വയസ്സുള്ള മകന്‍ ഹബീബിന്‍െറ മടിയില്‍ ഇരുന്നു. ഈ സമയത്താണ് കാബിന്‍ ക്രൂ അംഗം മറ്റൊരു യാത്രക്കാരനെയും കൊണ്ട് ഹബീബിന് അരികിലേക്ക് വന്നത്. മകനെ മടിയില്‍ ഇരുത്തി അയാളെ ആ സീറ്റില്‍ ഇരുത്താമോയെന്ന് വിമാന ജീവനക്കാരന്‍ ചോദിച്ചു.
അയാള്‍ വിമാനത്തില്‍ അധികമായി കയറിയതാണെന്നും അതിനാല്‍ സഹകരിക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. താന്‍ ആറ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും സീറ്റുകള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും വാദിച്ചെങ്കിലും അധിക യാത്രക്കാരനെ തന്‍െറ മകന്‍െറ സീറ്റില്‍ ഇരുത്താനാണ് വിമാനത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിച്ചതെന്ന് ഹബീബിന്‍െറ പരാതിയില്‍ പറയുന്നു. ഒടുവില്‍ യാത്രക്കാരന്‍െറ നിസ്സഹായാവസ്ഥയും നിവൃത്തികേടും കണ്ടപ്പോള്‍ മകനെ മടിയില്‍ ഇരുത്തി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ഹബീബ് തയാറായി. ഇതുമൂലം, ഭക്ഷണം കഴിക്കാനും ഉറങ്ങാനുമാകാതെ ബുദ്ധിമുട്ടിയാണ് യാത്ര തുടര്‍ന്നത്. യാത്ര അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ ആ യാത്രക്കാരനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഹബീബ് പറഞ്ഞു.
എങ്കിലും സീറ്റിങ് ശേഷിയെക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി, ഭീമമായ തുക മുടക്കി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് താന്‍ പരാതി നല്‍കിയതെന്ന് ഹബീബ് പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus