പ്ളസ് ടു: ഗള്‍ഫ് സ്കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം

ദുബൈ: ഹയര്‍ സെക്കന്‍ഡറി (കേരള) പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ മികച്ച വിജയം കൈവരിച്ചു. 98 ശതമാനത്തിലേറെ കുട്ടികള്‍ ഉപരിപഠനത്തിനായി യോഗ്യത നേടി. ഗള്‍ഫില്‍ ഒമ്പത് സ്കൂളുകളിലായി 596 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. യു.എ.ഇയില്‍ എട്ട് സ്കൂളുകളും ദോഹയില്‍ ഒരു സ്കൂളും.
മോഡല്‍ സ്കൂള്‍ അബൂദബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ (നിംസ്) ദുബൈ, നിംസ് ഷാര്‍ജ, നിംസ് അല്‍ഐന്‍, ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, ഇംഗ്ളീഷ് സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍ എന്നിവയാണ് യു.എ.ഇയിലെ സ്കൂളുകള്‍. ഇവിടെ 559 കുട്ടികള്‍ പരീക്ഷയെഴുതി. ഇതില്‍ മോഡല്‍ സ്കൂള്‍ അബൂദബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ (നിംസ്) ദുബൈ, നിംസ് ഷാര്‍ജ, നിംസ് അല്‍ഐന്‍, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, ഇംഗ്ളീഷ് സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍ എന്നിവ 100 ശതമാനം വിജയം കൈവരിച്ചു. യു.എ.ഇക്ക് പുറത്ത് ഗള്‍ഫില്‍ ആകെയുള്ള സെന്‍റര്‍ ഖത്തറിലെ ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളായിരുന്നു. ഇവിടെയും 100 ശതമാനം വിജയമുണ്ട്. 37 കുട്ടികളാണ് പരീക്ഷയെഴുതിയത്.
യു.എ.ഇയില്‍ 20 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസ് നേടിയെന്ന് ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഡയറക്ടറും ഗള്‍ഫിലെ എസ്.എസ്.എല്‍.സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷാ കോ-ഓര്‍ഡിനേറ്ററുമായ കെ.ആര്‍. സുരേന്ദ്രന്‍ നായര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നൂറുമേനി സ്കൂളുകളുടെ എണ്ണം കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം കൈവരിക്കാന്‍ ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.
അതിനിടെ, കേരള സിലബസില്‍ പരീക്ഷയെഴുതിയ ഇറാഖ് വംശജയുടെ ഉന്നത വിജയം ശ്രദ്ധേയമായി. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്കൂളില്‍ പരീക്ഷയെഴുതിയ അസ്റാ ഫാരിസ് അബ്ദുല്‍ റിഥയാണ് 87.1 ശതമാനം മാര്‍ക്ക് നേടി സയന്‍സ് സ്ട്രീമില്‍ സ്കൂളിലെ ടോപര്‍ ആയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus