റിയാദ്: റി എന്‍ട്രിയിലോ എക്സിറ്റിലോ രാജ്യം വിടുന്നവരുടെ വിരലടയാള പരിശോധന കുറ്റവാളികളെ കണ്ടുപിടിക്കാന്‍. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ മൂന്നാഴ്ചയായി എമിഗ്രേഷന്‍ വിഭാഗത്തില്‍ വിരലടയാള പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം രാജ്യം വിടാനെത്തുന്നവരെ പിടികൂടാനാണ് ഇതെന്നറിയുന്നു. റിയാദിലേത് പരീക്ഷണാടിസ്ഥാനത്തിലാണെന്നും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കുമെന്നും സൂചനയുണ്ട്. ഒറ്റ വിരല്‍ പരിശോധനക്കു ശേഷം മാത്രമേ എമിഗ്രേഷന്‍ നടപടികള്‍ ഇപ്പോള്‍ തുടങ്ങുന്നുള്ളൂ. ഒറ്റവിരല്‍ പരിശോധനയില്‍ അസ്വാഭാവികത കണ്ടാല്‍ മുഴുവന്‍ വിരലുകളും പരിശോധനക്ക് വിധേയമാക്കും.
ചെറിയ പിഴവുകള്‍ പോലും ഈ അതിസൂക്ഷ്മ പരിശോധനയില്‍ തെളിയുന്നതായാണ് വിവരം. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ച ശേഷം ആളെ വിമാനത്താവളത്തിലെ താല്‍ക്കാലിക ലോക്കപ്പിലേക്ക് മാറ്റും. കുറ്റങ്ങളുടെ തരം നോക്കി ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറുകയും ചെയ്യും. മൂന്നാഴ്ചക്കിടയില്‍ രണ്ട് മലയാളികള്‍ ഇങ്ങനെ കുടുങ്ങിയതായി വിവരമുണ്ട്. ഹൗസ് ഡ്രൈവറായ കോഴിക്കോട് സ്വദേശി അവധിക്ക് പോകാനെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. 10 വര്‍ഷം മുമ്പ് റിയാദില്‍നിന്ന് റീ എന്‍ട്രി വിസയില്‍ പോയശേഷം തിരിച്ചുവരാതിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയതായിരുന്നു. ആദ്യ തവണ ഹെവി ഡ്രൈവറായിരുന്നു.
ഹെവി ഡ്രൈവര്‍ ലൈസന്‍സിന് വിരലയാളം രേഖപ്പെടുത്താറുണ്ട്. അന്ന് എന്തെങ്കിലും പിഴവ് രേഖപ്പെടുത്തപ്പെട്ടതാവാം എന്നു കരുതുന്നു. വിവരം അറിഞ്ഞ് ഇപ്പോഴത്തെ സ്പോണ്‍സര്‍ വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആളെ പുറത്തിറക്കുകയായിരുന്നത്രെ. കുറ്റം ഗുരുതരമല്ലാത്തതിനാല്‍ വിട്ടയച്ചതാണെന്ന് കരുതുന്നു. റൗദ പൊലീസ് സ്റ്റേഷനിലുള്ള ഒരു കേസിന്‍െറ പേരിലാണ് മലപ്പുറം സ്വദേശി കുടുങ്ങിയത്. ആദ്യ തവണ സാധാരണ നിലയില്‍ എക്സിറ്റില്‍ പോയ ഇയാള്‍ പിന്നെ മറ്റൊരു വിസയിലെത്തുകയായിരുന്നു. ഇപ്പോള്‍ റീ എന്‍ട്രി വിസയില്‍ പോകുമ്പോള്‍ തന്നെയാണ് കുടുങ്ങിയിരിക്കുന്നത്. സ്പോണ്‍സര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ലത്രെ. കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ രേഖകളിലും മറ്റും കൃത്രിമത്വം നടത്തി രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ചുള്ള നടപടിയാണ് സൗദി അധികൃതര്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ വിരലടയാള ശേഖരണം നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍