എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിലെ കാര്‍ട്ടൂണുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ പോവുകയാണത്രെ. മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ അങ്ങനെ പറഞ്ഞാണ് കാര്‍ട്ടൂണുകളെച്ചൊല്ലി ബഹളംവെച്ച പാര്‍ലമെന്റംഗങ്ങളെ കഴിഞ്ഞ ദിവസം അടക്കിയിരുത്തിയത്. രാഷ്ട്രീയക്കാരെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നിരവധി കാര്‍ട്ടൂണുകളാണ് ഒമ്പതാം ക്ളാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലുള്ളതെന്ന് ഒരു ശിരോമണി അകാലിദള്‍ അംഗമാണ് ലോക്സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് കക്ഷിഭേദം കൂടാതെ അംഗങ്ങള്‍ ഒറ്റക്കെട്ടായി കാര്‍ട്ടൂണുകള്‍ക്കെതിരെ ഉറഞ്ഞുതുള്ളുകയായിരുന്നു. ജനതാദള്‍-യു നേതാവ് ശരദ് യാദവ്, സമാജ്വാദി പാര്‍ട്ടി മേധാവി മുലായം സിങ് യാദവ്, സി.പി.ഐയിലെ ഗുരുദാസ് ദാസ് ഗുപ്ത, രാഷ്ട്രീയ ജനതാദള്‍ സുപ്രീമോ ലാലുപ്രസാദ് യാദവ് തുടങ്ങിയവരൊക്കെയും മോശം ചുവയുള്ള കാര്‍ട്ടൂണുകള്‍ പാഠപുസ്തകത്തില്‍ ചേര്‍ക്കാനിടയായത് വന്‍വീഴ്ചയാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ബി.ജെ.പി നേതാവ് യശ്വന്ത് സിങ് ഒരുപടികൂടി കടന്ന് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കപില്‍ സിബല്‍ രാജിവെക്കണമെന്നുതന്നെ ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ അതേറ്റു പിടിക്കാത്തതുകൊണ്ട് കപില്‍ സിബലിന് തല്‍ക്കാലം സ്ഥാനത്യാഗം ചെയ്യേണ്ടിവരില്ല.
ഈയൊച്ചപ്പാട് നടന്നതിന്റെ തലേദിവസമാണ് ഭരണഘടനാശില്‍പി ഡോ. ഭീംറാവു അബേദ്കറെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലുണ്ടെന്നു പറഞ്ഞ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ലോക്സഭയെ പ്രക്ഷുബ്ധമാക്കിയത്. ദലിത് നേതാവിനെ അവഹേളിച്ചതിലായിരുന്നു ജയലളിതയുടെ വിനീതവിധേയര്‍ക്ക് ധര്‍മരോഷം. ഉടനെ വിഷയം മറ്റുള്ളവരും മത്സരബുദ്ധിയോടെ ഏറ്റെടുത്തു. പാഠപുസ്തകം രചിച്ചവരെയും അതിന് നേതൃത്വം നല്‍കിയവരെയും കുരിശിലേറ്റാന്‍ സകലകേന്ദ്രങ്ങളില്‍നിന്നും മുറവിളികളുയര്‍ന്നു. ഒടുവില്‍ മന്ത്രി കപില്‍ സിബല്‍ കാര്‍ട്ടൂണിനെ 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അത് പിന്‍വലിക്കുമെന്നും ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് അണപൊട്ടിയ വികാരങ്ങള്‍ തല്‍ക്കാലം അടങ്ങിയത്. കാര്‍ട്ടൂണ്‍ ആരുടേത് എന്നല്ലേ? ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ. അതിന്റെ ഉള്ളടക്കമോ? 1949ല്‍ ഭരണഘടന നിര്‍മാണപ്രക്രിയ ഇഴഞ്ഞുനീങ്ങുന്നത് കണ്ടപ്പോള്‍ അതിന്റെ മുഖ്യശില്‍പിയായ അംബേദ്കറെ ഒച്ചായും ജവഹര്‍ലാല്‍ നെഹ്റുചാട്ടവാര്‍ കൊണ്ട് അടിക്കുന്നതായും ചിത്രീകരിക്കുന്നതാണ്. നെഹ്റുവും അംബേദ്കറും കാര്‍ട്ടൂണ്‍ കാണാതെ പോവാന്‍ ഒരു കാരണവുമില്ല. അത്രക്ക് ശ്രദ്ധേയനായിരുന്നല്ലോ ശങ്കര്‍. സഹൃദയരും കലാസ്വാദകരുമായിരുന്ന ആ രണ്ട് നവഭാരത ശില്‍പികളും കാര്‍ട്ടൂണ്‍ നോക്കി പുഞ്ചിരിച്ചതല്ലാതെ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനും തെളിവുകളൊന്നുമില്ല. ആ ചരിത്രപുരുഷന്മാരെയും ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനെയും അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യശൈലിയേയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന സദുദ്ദേശ്യമല്ലാതെ മറ്റൊന്നും എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തക നിര്‍മാതാക്കള്‍ക്കും ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല. എന്തു ചെയ്യാം, പണവും അഴിമതിയും ക്രിമിനലിസവും ജാതീയതയുമൊക്കെ തരംപോലെ പ്രയോഗിച്ച് ലോക്സഭയില്‍ എത്തിപ്പെട്ട നമുക്ക് വര്‍ത്തമാനകാല ജനപ്രതിനിധികള്‍ക്ക് നെഹ്റുവിന്റെയോ അംബേദ്കറുടെയോ സഹിഷ്ണുതയോ പ്രതിഭാധനനായ ശങ്കറിനെയോ മനസ്സിലാക്കാന്‍പോലും കഴിയണമെന്നില്ല. കാട്ടുകോഴിക്കെന്ത് സംക്രാന്തി! അവര്‍ക്ക് തത്കാലം കപട ദലിത്പ്രേമം മാരകമായി പ്രകടിപ്പിച്ച് ബഹളംകൂട്ടി സഭ നിര്‍ത്തിവെപ്പിക്കണമെന്ന അജണ്ട മാത്രമേയുള്ളൂ. മുതിര്‍ന്ന നിയമജ്ഞനായ കപില്‍ സിബല്‍ ഈ കൂട്ടരോദനത്തിന്റെ മുന്നില്‍ ചകിതനായി മുട്ടുമടക്കിയതാണ് കൂടുതല്‍ ദയനീയമായത്. അതിന്റെ പേരില്‍ എന്‍.സി.ഇ.ആര്‍.ടിയുടെ ഭാരവാഹികള്‍ രാജിവെച്ചൊഴിയേണ്ടിയും വന്നിരിക്കുന്നു.
പിറ്റേദിവസം പാഠപുസ്തകങ്ങളിലെ രാഷ്ട്രീയക്കാരെക്കുറിച്ച മൊത്തം കാര്‍ട്ടൂണുകള്‍ ചര്‍ച്ചാവിഷയമായപ്പോള്‍ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയ കാര്യം ഇത്തരം കാര്‍ട്ടൂണുകള്‍ രാഷ്ട്രീയക്കാരെക്കുറിച്ച മതിപ്പ് കുട്ടികളില്‍ ഇല്ലാതാക്കുമെന്നാണ്. കള്ളപ്പണക്കാരും ക്രിമിനലുകളും കാലുമാറ്റക്കാരും അധോലോക ബന്ധമുള്ളവരുമായ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും കുറിച്ച് അല്ലെങ്കില്‍ കുട്ടികള്‍ക്ക് എന്തു മതിപ്പാണെന്നോ! വിവരസാങ്കേതികവിദ്യ അവിശ്വസനീയ പുരോഗതി കൈവരിച്ച്, ഗ്രാമാന്തരങ്ങളെപ്പോലും പിടിയിലൊതുക്കിയ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇളംതലമുറ എവിടെയെത്തി എന്നതിനെപ്പറ്റി സാമാന്യഗ്രാഹ്യം പോലുമില്ലാത്തവരാണ് നമ്മുടെ പാര്‍ലമെന്റംഗങ്ങള്‍ എന്ന് കരുതേണ്ടിവരുന്നു. ഇരുപത്തിനാലു മണിക്കൂറും ചാനലുകളിലൂടെ തെളിയുന്ന രാഷ്ട്രീയ നേതാക്കളുടെ വാക്കും പ്രവൃത്തിയും കാണുന്ന ആര്‍ക്കാണ് അവരെക്കുറിച്ച് മതിപ്പുണ്ടാവുക? കേന്ദ്രമന്ത്രിമാരും എം.പിമാരും തിഹാര്‍ ജയിലില്‍ അഴികളെണ്ണുന്ന കാഴ്ച കണ്ണില്‍പെടാത്ത അന്ധന്മാരാണോ സ്കൂള്‍ വിദ്യാര്‍ഥികള്‍! രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ഉണ്ടാക്കുന്നത് നിലവിലെ അവസ്ഥയുടെ പ്രതിഫലനം മാത്രമാണെന്നും എം.പിമാരായ ശേഷം പൊടുന്നനെ കോടിപതികളായി മാറിയവരാണ് നമ്മില്‍ പലരുമെന്നും ചൂണ്ടിക്കാട്ടിയ നാഷനല്‍ കോണ്‍ഫറന്‍സ് എം.പി ശറഫുദ്ദീന്‍ ശര്‍ഖിയെ മറ്റെല്ലാവരും ചേര്‍ന്ന് കൂവിയിരുത്തിയ നടപടി ഇവരുടെ അല്‍പത്തം വിളിച്ചോതുന്നു.
അസഹിഷ്ണുതയും അപകര്‍ഷതയും മൂലം പാഠപുസ്തകങ്ങളില്‍നിന്ന് കാര്‍ട്ടൂണുകള്‍ നീക്കം ചെയ്യിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞെന്നിരിക്കും. ഇനിമേല്‍ പാഠപുസ്തകങ്ങളില്‍ കാര്‍ട്ടൂണ്‍ വേണ്ടെന്ന് പരിശോധന കമ്മിറ്റി ശിപാര്‍ശയും ചെയ്യാനാണിട. പക്ഷേ, സാമൂഹികവിമര്‍ശത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും ഈ വജ്രായുധം രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുവോളം രാഷ്ട്രീയ തമ്പുരാക്കളുടെ ഉറക്കംകെടുത്തുകതന്നെ ചെയ്യും. ആവിഷ്കാര സ്വാതന്ത്രൃത്തിന്റെ അടിവേരില്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ മരണമണി മുഴക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍