12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

യെദിയൂരപ്പയുടെ വീടുകളില്‍ റെയ്ഡ്

യെദിയൂരപ്പയുടെ വീടുകളില്‍  റെയ്ഡ്

ബംഗളൂരു: അനധികൃത ഖനന കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മക്കളുടെയും മരുമക്കളുടെയും വസതികളിലും ഓഫിസുകളിലും സി.ബി.ഐ റെയ്ഡ് . റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 6.15നാണ് ബംഗളൂരുവിലെയും ഇവരുടെ ജന്മനാടായ ഷിമോഗയിലെയും വീടുകളിലും ഓഫിസുകളിലും റെയ്ഡ് ആരംഭിച്ചത്. അതിനിടെ, അറസ്റ്റ് ഭയന്ന യെദിയൂരപ്പയും മക്കളും സി.ബി.ഐ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍, സി. ബി.ഐ ജാമ്യത്തിന് തടസ്സവാദമുന്നയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
യെദിയൂരപ്പക്ക് പുറമെ മകനും ഷിമോഗ എം.പിയുമായ ബി.വൈ. രാഘവേന്ദ്ര, മറ്റൊരു മകന്‍ ബി.വൈ. വിജയേന്ദ്ര, മരുമക്കളായ ആര്‍.എന്‍. സോഹന്‍കുമാര്‍, ഉദയകുമാര്‍ എന്നിവരുടെ വസതികളിലാണ് ഒരേസമയം സി.ബി.ഐ പരിശോധന നടത്തിയത്.
ഷിമോഗയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളിലെ യെദിയൂരപ്പയുടെയും ബന്ധുക്കളുടെയും പ്രേരണ ട്രസ്റ്റിന്റെയും ബാങ്ക് ലോക്കറുകളും പണമിടപാട് രേഖകളും സി.ബി.ഐ പരിശോധിച്ചു. ഷിമോഗയിലെ പി.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കോളജ് ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയായ മരുമകന്‍ ഉദയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
യെദിയൂരപ്പയുടെ ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വസതിയും രണ്ട് ഓഫിസുകളും, മകന്റെ റേസ്കോഴ്സ് റോഡിലെ വസതി, ഷിമോഗയിലെ വിനോഭ നഗറിലെ വീടുകള്‍, 2010ല്‍ യെദിയൂരപ്പ 20 കോടി രൂപക്ക് ഖനനത്തിന് ലൈസന്‍സ് അനുവദിച്ചതായി പറയുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന് കീഴിലെ സൗത് വെസ്റ്റ് മൈനിങ് ലിമിറ്റഡ് കമ്പനിയുടെ ബെല്ലാരി സന്തൂറിലെ ഓഫിസ്, ജിന്‍ഡാല്‍ സി.ഇ.ഒ വിനോദ് നോവലിന്റെ വീട്, കമ്പനി പണം കൈമാറിയ യെദിയൂരപ്പയുടെ ബന്ധുക്കള്‍ നടത്തുന്ന പ്രേരണ ട്രസ്റ്റിന്റെ ബംഗളൂരുവിലെയും ഷിമോഗയിലെയും ഓഫിസ്, ഖനി ഉടമയും കേസിലെ ആറാംപ്രതിയുമായ പ്രവീണ്‍ ചന്ദ്രയുടെ വീട്, മാലൂര്‍ എം.എല്‍.എ എന്‍. കൃഷ്ണയ്യ ഷെട്ടിയുടെ ബംഗളൂരു രാജാജി നഗറിലെ വീട് തുടങ്ങി ഒമ്പതിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
അതേസമയം, സി.ബി.ഐ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് യെദിയൂരപ്പ പ്രതികരിച്ചു. 'രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശമായ കാലമാണ് തനിക്കിപ്പോള്‍. നിരപരാധിയായി തിരിച്ചുവരാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. സി.ബി.ഐയെയും ജുഡീഷ്യറിയെയും അങ്ങേയറ്റം ബഹുമാനിക്കുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും' -യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com