Tue, 05/15/2012 - 20:08 ( 1 year 1 weekago)
സന്തോഷ് ട്രോഫി: കേരളം ക്വാര്‍ട്ടറില്‍
(+)(-) Font Size
സന്തോഷ് ട്രോഫി: കേരളം ക്വാര്‍ട്ടറില്‍

കട്ടക് (ഒഡിഷ): ഹിമാചല്‍പ്രദേശിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴടക്കിയ കേരളം 66ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗില്‍ ഇടംനേടി. പശ്ചിമ ബംഗാള്‍, പഞ്ചാബ്, ക്ളസ്റ്റര്‍ നാലിലെ ജേതാക്കളായ മഹാരാഷ്ട്ര എന്നിവയാണ് ക്വാര്‍ട്ടര്‍ ലീഗില്‍ കേരളത്തിന്‍െറ ഗ്രൂപ്പിലുള്ളത്.
ബരാബതി സ്റ്റേഡിയത്തില്‍ നടന്ന ക്ളസ്റ്റര്‍ രണ്ടിലെ നിര്‍ണായക മത്സരത്തില്‍ പതിഞ്ഞ തുടക്കത്തിനുശേഷം രണ്ടാം പകുതിയില്‍ കേരളം മികവുകാട്ടുകയായിരുന്നു. ഗോള്‍ ശൂന്യമായ ആദ്യപകുതിക്കുശേഷം വിനീത് ആന്‍റണി നേടിയ ഇരട്ട ഗോളുകളാണ് കേരളത്തിന്‍െറ തുണക്കെത്തിയത്. രാകേഷും മുഹമ്മദ് റാസിയും ഓരോ ഗോള്‍ നേടി. നേരത്തെ, ത്രിപുരയെയും 0-4ന് കീഴടക്കിയ കേരളം കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചാണ് ക്ളാസ്റ്ററില്‍ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ലീഗിലെത്തിയത്. ഹിമാചല്‍ 3-2ന് ത്രിപുരയെ കീഴടക്കിയിരുന്നു. ക്വാര്‍ട്ടര്‍ ലീഗിലെത്താന്‍ സമനില മതിയായിരുന്ന കേരളത്തെ തുടക്കത്തില്‍ ഹിമാചല്‍ സമര്‍ഥമായി പ്രതിരോധിച്ചുനിര്‍ത്തുന്നതാണ് കണ്ടത്. ത്രിപുരക്കെതിരെ രണ്ടു ഗോള്‍ നേടിയ ഉസ്മാനെ എതിര്‍ പ്രതിരോധം പിടിച്ചുകെട്ടി. ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാന്‍ മലയാളി താരങ്ങള്‍ക്കായില്ല.
ആദ്യപകുതിയില്‍ കേരളത്തിനൊപ്പം നിന്ന ആവേശത്തില്‍ ഇടവേളക്കുശേഷം തുടക്കമിട്ട ഹിമാചല്‍പ്രദേശിന് പിന്നീട് പിടിവിട്ടുപോയി. രണ്ടാം പകുതി തുടങ്ങി 25 മിനിറ്റിനകം മൂന്നു തവണ കേരളം എതിര്‍വലയില്‍ പന്തെത്തിച്ചു. ആദ്യപകുതിയില്‍നിന്ന് തീര്‍ത്തും ഭിന്നമായ ശൈലിയില്‍ പന്തുരുട്ടിയ കേരളതാരങ്ങള്‍ ഹിമാചല്‍ കാവലാളുകളുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് റാഫിയുടെ സഹോദരന്‍ കൂടിയായ മുഹമ്മദ് റാസിയുടെ ഗോളുമെത്തിയതോടെ ക്വാര്‍ട്ടര്‍ ലീഗില്‍ കേരളം ഇടമുറപ്പിച്ചു. ക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.
ക്ളസ്റ്റര്‍ അഞ്ചില്‍ ഭുവനേശ്വറില്‍ ചൊവ്വാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ ഉത്തര്‍പ്രദേശ് 3-2ന് നാഗാലന്‍ഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ഇരു ടീമും 2-2 എന്ന നിലയിലായിരുന്നു. 90ാം മിനിറ്റില്‍ മുഹമ്മദ് കമാലുദ്ദീനാണ് യു.പിയുടെ വിജയഗോള്‍ നേടിയത്.
ക്ളസ്റ്റര്‍ മൂന്നില്‍ ബരാഗഡില്‍ നടന്ന കളിയില്‍ മധ്യപ്രദേശ് 1-0ത്തിന് പോണ്ടിച്ചേരിയെ കീഴടക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus