12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ നെയ്യാറ്റിന്‍കരയെ മറക്കുന്നു

നെയ്യാറ്റിന്‍കര: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ നെയ്യാറ്റിന്‍കരയുടെ അടിസ്ഥാന പ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പരാജയപ്പെടുന്നു . രാഷ്ട്രീയ ആരോപണ, പ്രത്യാരോപണങ്ങള്‍ നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ വോട്ടഭ്യര്‍ഥിക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും ശ്രമിക്കുമ്പോള്‍ വര്‍ഷങ്ങളായി വികസനം മുരടിച്ച നെയ്യാറ്റിന്‍കരയിലെ യഥാര്‍ഥ പ്രശ്നം ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന പരാതിയാണ് വോട്ടര്‍മാര്‍ക്കുള്ളത്.
കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും തന്നെ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടന്നിട്ടില്ലെന്ന പരാതിയാണ് വോട്ടര്‍മാര്‍ക്കുള്ളത്. ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമാണ് നെയ്യാറ്റിന്‍കരക്കുള്ളത്. എന്നാല്‍ ഇരുമുന്നണികളും നെയ്യാറ്റിന്‍കരയുടെ വികസനത്തിനായി കാര്യമായിട്ടൊന്നും ചെയ്തില്ലത്രെ. രൂക്ഷമായ ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നമായി അവര്‍ പറയുന്നത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 20 കിലോമീറ്റര്‍ദൂരം മാത്രമേയുള്ളൂവെങ്കിലും മണിക്കൂറുകളാണ് വേണ്ടിവരുന്നത്. റോഡ് വികസനം യാഥാര്‍ഥ്യമാകാത്തതാണ് ഇതിന് പ്രധാന കാരണം. കരമന-കളിയിക്കാവിള റോഡ് വികസനം യാഥാര്‍ഥ്യമായാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ട ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ല.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ റോഡ് വികസനത്തിനായി 100 കോടിയും യു.ഡി.എഫ് സര്‍ക്കാര്‍ 25 കോടിയും അനുവദിച്ചെങ്കിലും അതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.
റോഡുവികസനം യാഥാര്‍ഥ്യമാക്കാന്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാത്തതില്‍ കടുത്ത പ്രതിഷേധവും ജനങ്ങള്‍ക്കുണ്ട്. ഒരു പോളിടെക്നിക് ഒഴികെ നെയ്യാറ്റിന്‍കരയില്‍ ഒരു സര്‍ക്കാര്‍ കോളജ് പോലുമില്ലെന്നതും ഇവിടത്തെ വികസനമില്ലായ്മയുടെ ഉദാഹരണമാണ്. കോളജിന് വേണ്ടിയുള്ള ആവശ്യം പലകുറി മുന്നോട്ട് വെച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയുടെശോച്യാവസ്ഥയും വികസനമുരടിപ്പിന് ഉദാഹരണമായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാരും സൗകര്യങ്ങളുമുണ്ടെന്ന് അധികൃതര്‍അവകാശപ്പെടുന്നുവെങ്കിലും കാര്യമായ യാതൊരു സൗകര്യങ്ങളും ഇവിടെയില്ലെന്ന് ജനങ്ങള്‍ പറയുന്നു. മരിച്ചാല്‍ സംസ്കാരത്തിന് മുനിസിപ്പാലിറ്റിയുടേയോ സര്‍ക്കാറിന്‍െറയോ അധീനതയിലുള്ള ഒരുശ്മശാനം പോലും ഇവിടില്ല. സമുദായങ്ങളുടെ ചെറിയ ചെറിയ ശ്മശാനങ്ങളിലാണ് സംസ്കാരചടങ്ങുകള്‍ ഇപ്പോള്‍ നടന്നുവരുന്നത്.
മാലിന്യപ്രശ്നം രൂക്ഷമായിട്ടും മണ്ഡലത്തില്‍ ഒരിടത്തു പോലും മാലിന്യസംസ്കരണ പ്ളാന്‍റ് ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാലിന്യപ്രശ്നം ഇവിടെ രൂക്ഷമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് പലയിടങ്ങളിലും സ്റ്റേഡിയങ്ങള്‍ വരുമ്പോഴും മണ്ഡലത്തില്‍ ഒരു സ്റ്റേഡിയം പോലുമില്ല.
നെയ്യാറിന്‍െറ സംരക്ഷണം യാഥാര്‍ഥ്യമാക്കാന്‍ യാതൊരു നടപടിയുമില്ലെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്. നെയ്യാറില്‍ നിന്നുള്ള മണലൂറ്റ് വ്യാപകമായതിനെ തുടര്‍ന്ന് അത് അപകടാവസ്ഥയിലേക്ക് തിരിഞ്ഞിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ജനങ്ങള്‍ പറയുന്നു.
ഇത്തരത്തില്‍ ഒട്ടേറെ വികസന പ്രശ്നങ്ങള്‍ നിലനില്‍ക്കവെയാണ് നെയ്യാറ്റിന്‍കര വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഈ വിഷയങ്ങളൊന്നും തന്നെ ചര്‍ച്ച ചെയ്യാതെ ചന്ദ്രശേഖരന്‍ വധവും ശെല്‍വരാജിന്‍െറ കാലുമാറ്റവും അഞ്ചാംമന്ത്രിവിവാദവും ഒക്കെയാണ് ഇവിടെ പ്രചാരണ വി ഷയങ്ങള്‍ .


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com