വടകര: വിവാഹ തട്ടിപ്പ് വീരനെ വടകര പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍നിന്നായി വിവാഹ തട്ടിപ്പ് നടത്തിയ കുറ്റ്യാടി കായക്കൊടി ചന്ദനക്കുഴിയില്‍ അന്‍വറി (35)നെയാണ് വടകര എസ്.ഐ പി.എം. മനോജും സംഘവും അറസ്റ്റു ചെയ്തത്. നിലവിലത്തെ ഭാര്യയായ വയനാട് കരണിയില്‍ സുബൈദ (26)യുടെ പരാതിപ്രകാരമാണ് അറസ്റ്റ്.
2011 ഫെബ്രുവരി നാലിന് തന്നെ വിവാഹം കഴിച്ച അന്‍വര്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കൈക്കലാക്കി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന സുബൈദയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലാണ് തലശ്ശേരി, കൊടുവള്ളി, കാളമ്പാടി, പെരിന്തല്‍മണ്ണ, വയനാട്, മാഹി എന്നിവിടങ്ങളില്‍നിന്നായി നേരത്തേ ആറ് വിവാഹം കഴിച്ചതായി വിവരം ലഭിച്ചത്. നേരത്തേ കല്യാണം കഴിച്ചതില്‍ നാലു കുട്ടികളുണ്ട്.
പ്രതി വടകര ഗവ. ആശുപത്രിക്ക് സമീപമുള്ള നാണു ക്വാട്ടേജിലാണ് താമസം. സാമ്പത്തിക നേട്ടമുണ്ടാക്കിയശേഷം ഭാര്യമാരെ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തേ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന പ്രതി വിദേശത്ത് നിന്ന് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം വീണ്ടുമൊരു കല്യാണം കഴിക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ഭാര്യ സുബൈദ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍