മാനന്തവാടി: ആദിവാസി ക്ഷേമസമിതി തുടങ്ങിവെച്ച ഭൂമികൈയേറ്റ സമരം മറ്റു സംഘടനകളും ഏറ്റെടുത്ത് വ്യാപിപ്പിക്കുന്നു. സി.പി.ഐക്കും ബി.ജെ.പിക്കും പുറമെ ആദിവാസി കോണ്‍ഗ്രസും ഭൂസമരവുമായി രംഗത്തെത്തി.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 44ല്‍ സര്‍വേ നമ്പര്‍ 42ല്‍പ്പെട്ട 6.90 ഏക്കറും കൈതക്കൊല്ലിയിലെ പത്ത് ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയുമാണ് ആദിവാസി കോണ്‍ഗ്രസ് കൈയേറിയത്. വാളാട് ചുള്ളിയിലെ 67 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസി ക്ഷേമസമിതിയും കൈയേറി.
മാനന്തവാടി പഞ്ചായത്തിലെ എടപ്പട്ടിയില്‍ ഒരു സംഘടനയുടെയും പിന്തുണയില്ലാതെ 170ഓളം കുറിച്യ-പണിയ സമുദായങ്ങളില്‍പ്പെട്ടവര്‍ 200 ഏക്കറോളം ഭൂമി കൈയേറി കുടില്‍കെട്ടിയതും ശ്രദ്ധേയമായി. റവന്യൂ-വനം-ദേവസ്വം വക ഭൂമിയാണിത്.
വരുംദിവസങ്ങളില്‍ ചില സമുദായ സംഘടനകളും ഭൂമി കൈയേറ്റ സമരത്തിനൊരുങ്ങുകയാണ്. അതേസമയം, ആദിവാസി കോണ്‍ഗ്രസിന്‍െറ സമരം സര്‍ക്കാറിനെതിരെയല്ലെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.വി. രാമന്‍ പറഞ്ഞു. ആദിവാസികള്‍ക്ക് നിയമതടസ്സമില്ലാതെ കിട്ടുമെന്ന് ഉറപ്പുള്ള ഭൂമിയില്‍ മാത്രമാണ് സമരം ചെയ്യുന്നത്.
കിട്ടില്ലെന്ന് ഉറപ്പുള്ള ഭൂമിയിലാണ് സി.പി.എം കൈയേറ്റം നടത്തുന്നത്. ഇത്തരം ഭൂമികളില്‍നിന്നും ഒഴിപ്പിക്കുമ്പോള്‍ മുത്തങ്ങ ആവര്‍ത്തിക്കാനാണ് അവരുടെ ശ്രമമെന്നും രാമന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍