ഗള്‍ഫ്് യൂനിയന്‍: പ്രത്യേക സമിതി രൂപവത്കരിക്കും

ഗള്‍ഫ്് യൂനിയന്‍: പ്രത്യേക സമിതി രൂപവത്കരിക്കും

റിയാദ്: സഹകരണത്തിന്‍െറ തലത്തില്‍നിന്ന് യൂറോപ്യന്‍യൂനിയന്‍ മാതൃകയില്‍ ഗള്‍ഫ് യൂനിയന്‍ രൂപവത്കരിക്കാനുള്ള തീരുമാനവുമായി ഗള്‍ഫ് സഹകരണ സമിതി (ജി.സി.സി) മുന്നോട്ട്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നോട്ടുവെച്ച യൂനിയന്‍ നിര്‍ദേശത്തിന് കൂടുതല്‍ മൂര്‍ത്തമായ പരിപാടികള്‍ ആവിഷ്കരിച്ചാണ് തിങ്കളാഴ്ച റിയാദില്‍ സമ്മേളിച്ച ജി.സി.സി കൂടിയാലോചനാ ഉച്ചകോടി അവസാനിച്ചത്. യൂനിയന്‍െറ നയസമീപനങ്ങളും കര്‍മപരിപാടികളും സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് ഉച്ചകോടി തീരുമാനങ്ങള്‍ വിശദീകരിച്ച സൗദി വിദേശമന്ത്രി സുഊദ് ഫൈസല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമിതിയുടെ നിര്‍ദേശങ്ങള്‍ റിയാദില്‍ ചേരുന്ന ജി.സി.സി ഉച്ചകോടി വിലയിരുത്തി അന്തിമതീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ ജനങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ തുടരുന്നതില്‍ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. ഗള്‍ഫ്രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇറാന്‍-യു.എ.ഇ തര്‍ക്കം പരാമര്‍ശിച്ച് വിദേശമന്ത്രി വ്യക്തമാക്കി.
അതേസമയം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ മൂന്നു മേഖലകളില്‍ അംഗരാഷ്ട്രങ്ങളില്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങള്‍ക്ക് സമവായത്തിലൂടെ സംയുക്തപരിഹാരം കണ്ടെത്താന്‍ ജി.സി.സി വിദേശമന്ത്രിതല യോഗം നിര്‍ദേശം സമര്‍പ്പിച്ചതായി അറിയുന്നു.
ഇതനുസരിച്ച് ഈ മൂന്നു തലങ്ങളിലും കൂടുതല്‍ പഠനം നടത്താനും കര്‍മപരിപാടി ആവിഷ്കരിക്കാനും സംയുക്ത സമിതികള്‍ രൂപവത്കരിക്കാന്‍ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്താന്‍ ഈ ത്രിതല സംയുക്തനീക്കങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. അംഗരാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളിലും പുതുതായി ഉരുത്തിരിയുന്ന വിഷയങ്ങളിലും ഓരോരുത്തരും സ്വന്തം നിലപാടും നയസമീപനവും സ്വീകരിക്കുന്നതിനു പകരം ഏകീകൃതമായ ഒരു പൊതുചട്ടം രൂപവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നിലവിലെ സുപ്രീംകൗണ്‍സില്‍ എന്ന ഉന്നതാധികാര സമിതിക്കു പകരം അംഗരാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിമാര്‍ അടങ്ങുന്ന ഒരു മന്ത്രിതല സമിതി സംയുക്ത നിയമനിര്‍മാണ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനെ കുറിച്ച നിര്‍ദേശവും ഉച്ചകോടിക്ക് അനുബന്ധമായി ചേര്‍ന്ന ജി.സി.സി വിദേശമന്ത്രിമാരുടെ യോഗം മുന്നോട്ടുവെച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമൊന്നും ഉച്ചകോടി കൈക്കൊണ്ടിട്ടില്ല.
തിങ്കളാഴ്ച റിയാദിലെ ദറഇയ്യ കൊട്ടാരത്തില്‍ ഉച്ചതിരിഞ്ഞ് ആരംഭിച്ച ഉച്ചകോടി രാത്രിയാണ് സമാപിച്ചത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹ്മദ് ജാബിര്‍ അസ്സബാഹ്, ബഹ്റൈന്‍ പ്രസിഡന്‍റ് ഈസാ ബിന്‍ ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അസ്സഈദ്, യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരുടെ നേതൃത്വത്തിലാണ് അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിക്കെത്തിയത്.
റിയാദ് റോയല്‍ എയര്‍ബേസില്‍ സൗദി ഭരണാധികാരി അബ്ദുല്ലരാജാവിന്‍െറയും റിയാദ് ഗവര്‍ണര്‍ സത്താം ബിന്‍ അബ്ദില്‍ അസീസിന്‍െറയും നേതൃത്വത്തില്‍ അതിഥികള്‍ക്ക് വീരോചിത സ്വീകരണം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus