Tue, 05/15/2012 - 00:02 ( 1 year 5 weeksago)
നിസ്റ്റല്‍റൂയി ബൂട്ടഴിച്ചു
(+)(-) Font Size
നിസ്റ്റല്‍റൂയി ബൂട്ടഴിച്ചു

മലാഗ (സ്പെയിന്‍): രാജ്യാന്തര, ക്ളബ് ഫുട്ബാളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അനുഗൃഹീത സ്ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍റൂയി പ്രഫഷനല്‍ ഫുട്ബാളിനോട് വിടപറഞ്ഞു. സ്പാനിഷ് ലീഗില്‍ മലാഗക്കുവേണ്ടി ഈ സീസണില്‍ ബൂട്ടുകെട്ടിയ 35കാരന്‍ ഫുട്ബാളില്‍നിന്ന് പടിയിറങ്ങാന്‍ പറ്റിയ സമയമാണിതെന്ന് മലാഗയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മഡ്രിഡ് എന്നീ വമ്പന്‍ ക്ളബുകളില്‍ ഗോളടിയന്ത്രമായിരുന്ന നിസ്റ്റല്‍റൂയി നെതര്‍ലന്‍ഡ്സിന്‍െറ അണിയില്‍ രാജ്യാന്തര ഫുട്ബാളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. രാജ്യത്തിനുവേണ്ടി 70 കളികളില്‍ 35 ഗോളുകള്‍ നേടിയിരുന്നു. 1993ല്‍ ഡച്ച് ലീഗിലെ രണ്ടാം ഡിവിഷന്‍ നിരയായ ഡെന്‍ ബോഷ്കിന് കളിച്ചു തുടങ്ങിയ റൂഡ് 1997ല്‍ ഹീരെന്‍വീനിലേക്കും അടുത്ത വര്‍ഷം പി.എസ്.വി ഐന്തോവനിലേക്കും കൂടുമാറി. പി.എസ്.വിക്കുവേണ്ടി 67 കളികളില്‍ 62 ഗോളുകള്‍ നേടിയതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. 2001 മുതല്‍ 2006 വരെ യുനൈറ്റഡില്‍ 219 മത്സരങ്ങളില്‍ 150 ഗോളുകള്‍. മാഞ്ചസ്റ്ററുകാര്‍ക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ് ജയങ്ങളില്‍ പങ്കാളിയായി. 2006ല്‍ റയല്‍ മഡ്രിഡിലെത്തിയ ശേഷം രണ്ടുതവണ ലാ ലീഗ കിരീടജയങ്ങളില്‍ പങ്കാളിയായി. 68 കളികളില്‍ മഡ്രിഡില്‍ 46 ഗോളുകള്‍. പരിക്കലട്ടിയ കരിയറില്‍ പിന്നീട് 2010ല്‍ ജര്‍മനിയിലെ ഹാംബര്‍ഗര്‍ എസ്.വിയിലേക്ക് കൂടുമാറ്റം. 36 കളികളില്‍ 12 ഗോളുകള്‍ നേടിയ സീസണിനുശേഷമാണ് മലാഗയിലെത്തിയത്.
‘കഴിഞ്ഞ ദിവസം ഞാനെന്‍െറ അവസാന പ്രഫഷനല്‍ മത്സരം കളിച്ചുകഴിഞ്ഞു. ബൂട്ടഴിക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു. ശാരീരികമായി പരിമിതികള്‍ ബോധ്യപ്പെട്ടുതുടങ്ങിയതിനാല്‍ പരമാവധി മികവിലെത്താന്‍ കഴിയില്ല. ഇതിലും നല്ല ഒരു വിടപറയല്‍ കിട്ടാനില്ലെന്നാണ് കരുതുന്നത്. ടീമുകള്‍ക്കൊപ്പവും വ്യക്തിപരമായും ലഭിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ട്. കരിയറില്‍ ബൂട്ടുകെട്ടിയ ക്ളബുകളോടും അവര്‍ നല്‍കിയ പിന്തുണയിലും ഏറെ നന്ദിയുണ്ട്. എന്‍െറ കൂട്ടുകാരും കുടുംബവും ഈ പ്രയാണത്തില്‍ താങ്ങായിനിന്നു. എല്ലാ ക്ളബുകളുടെയും ആരാധകരോടും അളവറ്റ നന്ദിയുണ്ട്’ -നിസ്റ്റല്‍റൂയി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus