Mon, 05/14/2012 - 23:59 ( 1 year 1 weekago)
അജയ്യരായി യുവന്‍റസ്
(+)(-) Font Size

മിലാന്‍: ഒരു സീസണ്‍ മുഴുവന്‍ അപരാജിതരായി നിലയുറപ്പിച്ച് ഇറ്റാലിയന്‍ ലീഗ് ഫുട്ബാളില്‍ യുവന്‍റസിന്‍െറ വിജയഭേരി. ഒമ്പതു വര്‍ഷത്തിനിടെ ആദ്യകിരീടത്തിലേക്ക് പന്തു പായിച്ച യുവന്‍റസ് കഴിഞ്ഞദിവസം അത്ലാന്‍റയെ അവസാന ലീഗ് മത്സരത്തില്‍ 1-3ന് കീഴടക്കിയാണ് അപരാജിത കുതിപ്പില്‍ പുതിയ റെക്കോഡിട്ടത്. ഇറ്റാലിയന്‍ ലീഗില്‍ ഒരു മത്സരവും തോല്‍ക്കാതെ കിരീടത്തിലെത്തുന്ന മൂന്നാമത്തെ ടീമാണ് യുവന്‍റസ്. 1992ല്‍ എ.സി മിലാന്‍ ഈ നേട്ടം കൊയ്തശേഷം ആദ്യമായാണ് ഒരു ടീം തോല്‍വിയറിയാതെ കീരിടത്തിലെത്തുന്നത്. ഇതോടെ 43 മത്സരങ്ങളില്‍ തോല്‍വിയറിയാതെ നടത്തിയ കുതിപ്പില്‍ യുവന്‍റസ്, എ.സി മിലാനെ പിന്തള്ളി റെക്കോഡിട്ടു. 42 മത്സരങ്ങളിലെ മിലാന്‍െറ അപരാജിത കുതിപ്പ് ഇതോടെ പഴങ്കഥയായി.
38 മത്സരങ്ങളില്‍ 84 പോയന്‍റുമായാണ് ‘ഓള്‍ഡ് ലേഡി’ എന്ന് വിളിപ്പേരുള്ള യുവന്‍റസ് ചാമ്പ്യന്മാരായത്. 80 പോയന്‍റുമായി എ.സി മിലാന്‍ രണ്ടാം സ്ഥാനക്കാരായി. അവസാന മത്സരത്തില്‍ അവര്‍ 2-1ന് നൊവാരയെ കീഴടക്കി. യുദിനീസ് (64), ലാസിയോ (62) ടീമുകള്‍ മൂന്നും നാലും സ്ഥാനം നേടി. മുന്‍ ചാമ്പ്യന്മാരായ ഇന്‍റര്‍മിലാനെ അവസാന കളിയില്‍ 1-3ന് തകര്‍ത്താണ് ലാസിയോ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ഇടമുറപ്പിച്ചത്. സിയേനയെ 1-2ന് തോല്‍പിച്ച നാപോളി 61 പോയന്‍റുമായി അഞ്ചാം സ്ഥാനം നേടിയപ്പോള്‍ 58 പോയന്‍റ് നേടി ഇന്‍റര്‍ ആറാം സ്ഥാനക്കാരായി.
രണ്ട് ദശദബ്ദത്തോളം യുവന്‍റസ് ജഴ്സിയില്‍ കളംനിറഞ്ഞ വിഖ്യാത സ്ട്രൈക്കര്‍ അലസ്സാന്ദ്രോ ഡെല്‍പിയറോ ക്ളബിനുവേണ്ടി അവസാന മത്സരത്തില്‍ ഗോള്‍ നേടിയത് ടോറിനോയിലെ യുവന്‍റസ് അറീനയെ ആവേശത്തിലാഴ്ത്തി. കറുപ്പും വെള്ളയും വരയിട്ട കുപ്പായവുമായി ഇഴുകിച്ചേര്‍ന്ന കരിയറിനൊടുവില്‍, കൂടുമാറാനൊരുങ്ങുന്ന ഡെല്‍പിയറോക്ക് വികാരനിര്‍ഭര യാത്രയയപ്പുകൂടിയാണ് യുവന്‍റസ് കാണികള്‍ സമ്മാനിച്ചത്. യുവതാരം ലൂക്കാ മറോണെയുടെ പത്താം മിനിറ്റ് ഗോളില്‍ മുന്നിലെത്തിയ യുവെക്കുവേണ്ടി 28ാം മിനിറ്റിലാണ് ഗാലറിയെ ഹരംകൊള്ളിച്ച് ഡെല്‍പിയറോ നിറയൊഴിച്ചത്. ഇമ്മാനുവലെ ഗിയാച്ചെറിനിയുടെ പാസില്‍ 25 വാര അകലെനിന്ന് ഡെല്‍പിയറോ പന്ത് അത്യുജ്ജ്വലമായി അത്ലാന്‍റ വലയിലേക്ക് ഏങ്കോണിച്ചിറക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആന്ദ്രീ ബര്‍സാഗ്ലിയാണ് യുവന്‍റസിന്‍െറ മൂന്നാം ഗോള്‍ നേടിയത്. ‘മത്സരത്തിനിടെ ഒരുപാടു തവണ എന്‍െറ കണ്ണുനിറഞ്ഞിരുന്നു. എല്ലാം വളരെയധികം മാറാന്‍ പോകുകയാണ്. എന്നെ നെഞ്ചേറ്റിയ ആരാധകരാണ് എല്ലാറ്റിനും മുകളില്‍’ -ഡെല്‍പിയറോ വികാരധീനനായി വ്യക്തമാക്കി.
എ.സി മിലാന്‍ നിരയില്‍ അലസ്സാന്ദ്രോ നെസ്റ്റ, ജെനാറോ ഗട്ടൂസോ, ഫിലിപ്പോ ഇന്‍സാഗി, മാര്‍ക് വാന്‍ മൊമ്മല്‍ എന്നീ പ്രമുഖരും ക്ളബിനുവേണ്ടി അവസാന മത്സരം കളിച്ച് വിടവാങ്ങി. നൊവാരക്കെതിരെ ഇന്‍സാഗിയും ഗോള്‍നേട്ടത്തോടെയാണ് മിലാന്‍ ജഴ്സിയോട് വിടപറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus