Mon, 05/14/2012 - 23:58 ( 1 year 5 weeksago)
സോക്കര്‍ അല : എ.ഐ.എഫ്.എഫ് അംഗീകാരം റദ്ദാക്കി
(+)(-) Font Size

കോട്ടയം: കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ പിന്തുണയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ ഐ.പി.എല്‍ മാതൃകയില്‍ ചൊവ്വാഴ്ച തുടങ്ങുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിനു നല്‍കിയ അംഗീകാരം അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ റദ്ദാക്കി. കെ.എഫ്.എയുടെ ഇടപെടലിന്‍െറ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്‍റിന് അംഗീകാരം നല്‍കുകയും ചട്ടം മറികടന്ന് ഐ ലീഗ് താരങ്ങള്‍ക്ക് അതില്‍ കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്ത എ.ഐ.എഫ്.എഫ് നടപടി വന്‍ വിവാദമായിരുന്നു.
വിവിധ ഫുട്ബാള്‍ അസോസിയേഷനുകളും ക്ളബ് അധികൃതരും എതിര്‍പ്പ് അറിയിച്ചിട്ടും അനങ്ങാതിരുന്ന അഖിലേന്ത്യാ ഫെഡറേഷന്‍ സമ്മര്‍ദം ശക്തമായതോടെ ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. പരാതി കിട്ടിയാല്‍ സെവന്‍സ് ടൂര്‍ണമെന്‍റിന്‍െറ അംഗീകാരം റദ്ദാക്കുമെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചാരിറ്റി മത്സരമാണെന്ന് കരുതിയാണ് മത്സരത്തെ എ.ഐ.എഫ്.എഫ് കാര്യമായി ഗൗനിക്കാതിരുന്നതെന്ന് കുശാല്‍ദാസ് പറഞ്ഞു.
അതേസമയം, താരങ്ങള്‍ വിലക്ക് ലംഘിച്ച് സെവന്‍സ് കളിക്കുന്നുണ്ടോ എന്നറിയാന്‍ പ്രമുഖ ക്ളബുകള്‍ സ്വന്തനിലക്ക് സംവിധാനം ഏര്‍പ്പെടുത്തിയതായും അറിയുന്നു. പുണെ എഫ്.സി, കൊല്‍ക്കത്ത ക്ളബുകളായ ചിരാഗ് യുനൈറ്റഡ്, മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്സ്, ഡെംപോ ഗോവ എന്നീ ക്ളബുകള്‍ ഇതിനായി കോഴിക്കോട്ടെ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംഘാടകര്‍ നല്‍കുന്ന ടീം ലൈനപ്പും വീഡിയോയും പരിശോധിച്ച് വിലക്ക് ലംഘിക്കുന്ന കളിക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് ക്ളബ് അധികൃതരുടെ നീക്കം. എ.ഐ.എഫ്.എഫ് അംഗീകാരം റദ്ദാക്കിയ സാഹചര്യത്തില്‍ കളിക്കാര്‍ക്ക് നടപടി ചോദ്യംചെയ്യാനുമാവില്ല.
എന്നാല്‍, അഖിലേന്ത്യാ ഫെഡറേഷന്‍, ‘സോക്കര്‍ അല’യുടെ അംഗീകാരം റദ്ദാക്കിയെന്നതു സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ പറഞ്ഞു. ടൂര്‍ണമെന്‍റിന് കെ.എഫ്.എ അംഗീകാരവും അനുമതിയും നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് വിവരം കിട്ടേണ്ടതായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു.
ദേശീയ ചാമ്പ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിയില്‍ കളിക്കുന്നതില്‍നിന്ന് ദേശീയ ഒന്നാം ഡിവിഷന്‍ ലീഗ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെയാണ് എ.ഐ.എഫ്.എഫ് പ്രാദേശിക സെവന്‍സ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. മുന്‍നിര താരങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സന്തോഷ് ട്രോഫിക്കടക്കം നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍, കെ.എഫ്.എ നേരിട്ട് കത്ത് എഴുതിയതിന്‍െറ അടിസ്ഥാനത്തിലാണ് പരിക്കിന് കൂടുതല്‍ സാധ്യതയുള്ള സെവന്‍സില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ പച്ചക്കൊടി കാട്ടിയത്.
ഗോവയിലെയും ബംഗാളിലെയും ഫുട്ബാള്‍ അസോസിയേഷനുകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഗോവന്‍ ക്ളബുകളുമായി ബന്ധമുള്ള കളിക്കാര്‍ സെവന്‍സില്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്ന് ഗോവ ഫുട്ബാള്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ബംഗാള്‍ അസോസിയേഷന്‍ സെക്രട്ടറി ഉത്പല്‍ ഗാംഗുലി എ.ഐ.എഫ്.എഫിന് ഒബ്ജക്ഷന്‍ ലെറ്റര്‍ നല്‍കി പ്രതിഷേധം നേരിട്ട് അറിയിക്കുകയുണ്ടായി.
ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ സോക്കര്‍ അച്ചീവ്മെന്‍റ് ആണ് ഐ. പി.എല്‍ ക്രിക്കറ്റിന്‍െറ മാതൃകയില്‍ ‘സോക്കര്‍ അല’ എന്ന പേരില്‍ എടവണ്ണയില്‍ സെവന്‍സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus