ബംഗളൂരു: മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിന് അവസാനമായില്ലെന്ന് സൂചന നല്‍കി തല്‍ക്കാലത്തേക്ക് താനും അനുയായികളും എം.എല്‍.എ സ്ഥാനത്തു നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നില്ലെന്ന് കര്‍ണാടക മുന്‍ മഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. തന്നോട് ഏറെക്കാലമായി സംസാരിക്കുന്ന, തനിക്ക് ഏറെ ആദരവുള്ള ഏക കേന്ദ്രനേതാവ് ജെയ്റ്റ്ലിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം മാറ്റുന്നതെന്ന് യെദിയൂരപ്പ ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യെദിയൂരപ്പയുടെ അടുത്ത അനുയായിയും ഊര്‍ജ മന്ത്രിയുമായ ശോഭ കരന്ത്ലാജെ അരുണ്‍ ജെയ്റ്റിലിയുമായി തിങ്കളാഴ്ച ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ജെയ്റ്റിലിയുമായി യെദിയൂരപ്പ ടെലിഫോണ്‍ സംഭാഷണവും നടത്തി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രാജി തീരുമാനം മാറ്റിയത്.
ഉഡുപ്പി-ചിക്മംഗളൂരു ലോക് സഭ ഉപതെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് സദാനന്ദഗൗഡ വാക്കുതന്നിരുന്നു. പക്ഷേ, അദ്ദേഹം തന്നെ വഞ്ചിച്ചു. ഇപ്പോള്‍ കര്‍ണാടകയിലുണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പ, ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. എന്‍. അനന്ത്കുമാര്‍, മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ എന്നിവരാണ്. സദാനന്ദഗൗഡക്ക് ഭരിക്കാനറിയില്ല. അദ്ദേഹം പരാജയമാണ്. നിയമസഭാകക്ഷിയോഗം എത്രയും പെട്ടെന്ന് വിളിക്കണം. സദാനന്ദഗൗഡക്ക് അധികാരം മാത്രമാണുള്ളത്. ജനങ്ങളുടെയും 70 എം. എല്‍.എമാരുടെയും പിന്തുണ തനിക്കാണ്. ബി.ജെ.പിക്ക് യെദിയൂരപ്പയെ വേണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അഞ്ചു മന്ത്രിമാര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും അവരെ മന്ത്രി സഭയില്‍നിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ട് സദാനന്ദഗൗഡ കേന്ദ്രനേതൃത്വത്തിനയച്ച കത്ത് ചോര്‍ന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കത്ത് മന$പൂര്‍വം ചോര്‍ത്തിയതാണ്. മാന്യതയുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കത്ത് ചോര്‍ന്നതിന് ശേഷം നിയമസഭാ കക്ഷി യോഗം വിളിച്ചുചേര്‍ക്കണമായിരുന്നു. 38 എം.എല്‍.എമാര്‍ ഇക്കാര്യമുന്നയിച്ച് കത്ത് നല്‍കിയെങ്കിലും അദ്ദേഹം തയാറായില്ല. അദ്ദേഹത്തിനെ എതിര്‍ക്കുന്ന എം.എല്‍.എമാരുടെ മണ്ഡലങ്ങള്‍ക്ക് വികസന ഫണ്ട് അനുവദിച്ചില്ല. അനന്ത്കുമാറിന് കര്‍ണാടക മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതില്‍ താന്‍ എതിരല്ല. പക്ഷേ, അധികാരത്തിലെത്താനുള്ള ശ്രമം നേരായ മാര്‍ഗത്തിലൂടെയാകണമായിരുന്നു. മത്സരിച്ച് ജയിക്കുകയായിരുന്നു വേണ്ടത്. ലോകായുക്ത കേസില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് തന്നെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഢാലോചനകള്‍ നടന്നു. മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ ആഗ്രഹമായിരുന്നു തന്നെ താഴെയിറക്കുക എന്നത്. ഈശ്വരപ്പ, സദാനന്ദഗൗഡ, അനന്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന്‍െറ ആഗ്രഹം സഫലീകരിച്ച് കൊടുത്തു. എന്നാല്‍, ഇത്രയും എം. എല്‍.എമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളതിനാല്‍ താന്‍ സന്തോഷവാനാണ്. സംസ്ഥാനപര്യടനം നടത്തി ജനതാല്‍പര്യം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. യെദിയൂരപ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, രാജിവെക്കുന്നില്ലെന്ന യെദിയൂരപ്പയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍