12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

സാര്‍വത്രിക പെന്‍ഷന് ദേശീയ സമ്മര്‍ദം

സാര്‍വത്രിക പെന്‍ഷന് ദേശീയ സമ്മര്‍ദം

ന്യൂദല്‍ഹി: തൊഴിലും ഭക്ഷണവും അവകാശമാക്കിയത് പോലെ രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണത്തിന് ദേശീയ തലത്തില്‍ സമ്മര്‍ദം ശക്തമായി. വിവരാവകാശ നിയമത്തിനും തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യസുരക്ഷാ നിയമത്തിനും വഴിമരുന്നിട്ട ദേശീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ദേശീയ ഉപദേശക സമിതി അംഗവുമായ അരുണാ റോയ് ആണ് സാര്‍വത്രിക പെന്‍ഷന് വേണ്ടി മുന്‍നിരയിലുള്ളത്.
60 വയസ്സിന് മുകളിലുള്ള രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍ അവകാശമാക്കുന്ന തരത്തില്‍ സാര്‍വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അരുണാറോയ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഏതെങ്കിലും സര്‍വീസില്‍ ജോലി ചെയ്തവര്‍ക്ക് വിരമിക്കുമ്പോള്‍ നല്‍കാനുള്ളതാണ് പെന്‍ഷന്‍ എന്ന ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മിക്ക രാജ്യങ്ങളും പെന്‍ഷന്‍ സാര്‍വത്രികമാക്കി കഴിഞ്ഞു. മുതിര്‍ന്ന പൗരന്‍െറ അവകാശവും അഭിമാനവുമാക്കി പെന്‍ഷനെ മാറ്റുകയെന്നതാണ് പെന്‍ഷന്‍ പരിഷത്ത് ലക്ഷ്യം വെക്കുന്നതെന്ന് അവര്‍ തുടര്‍ന്നു. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്.
സാര്‍വത്രിക പെന്‍ഷന്‍ എന്ന ആശയത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശും പിന്തുണച്ചിട്ടുണ്ട്. എ.പി.എല്‍, ബി.പി.എല്‍ തരം തിരിവില്ലാതെ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാര്‍ധക്യ പെന്‍ഷന്‍ നല്‍കണമെന്നും നിലവിലുള്ള തുച്ഛമായ 200 രൂപയില്‍നിന്ന് 500 രൂപയാക്കി അത് ഉയര്‍ത്തണമെന്നുമാണ് ജയറാം രമേശ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 2000 രൂപ നല്‍കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ 10 കോടിയോളം പേര്‍ക്ക് ഗുണഫലം ലഭിക്കുന്ന പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെയും കണ്ട് വിഷയം ധരിപ്പിക്കുമെന്നും അവര്‍ തുടര്‍ന്നു.
രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ടാണ് പെന്‍ഷന്‍ പരിഷത്ത് ആദ്യം പദ്ധതി സമര്‍പ്പിച്ചതെന്ന് അരുണാ റോയ് വ്യക്തമാക്കി. ശനിയാഴ്ച കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി, കേന്ദ്ര ആസൂത്രണ കമീഷന്‍ മൊണ്ടേക് സിങ് അഹ്ലുവാലിയ എന്നിവരെ കണ്ട് വിശദമായ ചര്‍ച്ചനടത്തി. പദ്ധതി നടപ്പാക്കാന്‍ ആഗസ്റ്റ് 15 വരെ സര്‍ക്കാറിന് സമയം നല്‍കിയിട്ടുണ്ട്. അതുവരെ സര്‍ക്കാറിന്‍െറ പ്രതികരണത്തിനായി കാത്തിരിക്കുമെന്നും അതിനുശേഷം ഭാവിപരിപാടികളുമായി മുമ്പോട്ടുപോകുമെന്നും അതുണാ റോയ് പറഞ്ഞു. ദേശീയ ഉപദേശക സമിതി അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം പദ്ധതിക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.
ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളും ജില്ലകളും സന്ദര്‍ശിക്കുമെന്നും അരുണാറോയ് അറിയിച്ചു. എല്ലാ വ്യക്തിക്കും 2000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന് ഗ്രാമപഞ്ചായത്തുകളെക്കൊണ്ട് പ്രമേയം പാസാക്കിക്കുകയാണ് പ്രചാരണത്തിന്‍െറ പ്രാഥമിക ഘട്ടം.
ജന്തര്‍മന്തറില്‍ അഞ്ചുദിവസം ധര്‍ണയിരുന്ന ശേഷമാണ് രാഷ്ട്രീയ സമവായത്തിന് സമ്മര്‍ദം ശക്തമാക്കാന്‍ സംഘം തീരുമാനിച്ചത്. അരുണാറോയിയും ബാബ അധവും കണ്‍വീനര്‍മാരായ ‘പെന്‍ഷന്‍ പരിഷത്ത്’ പ്രസ്ഥാനത്തില്‍ കേരള ആസൂത്രണ കമീഷന്‍ മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായക്, സാമ്പത്തിക വിദഗ്ധന്‍ രവി ശ്രീവാസ്തവ, സാമൂഹിക പ്രവര്‍ത്തകരായ നിഖില്‍ ഡേ, വിമല തുടങ്ങി പ്രമുഖര്‍ അംഗങ്ങളായുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com