മരിയാപുരം: പ്രദേശത്ത് കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ എല്ലാത്തരം കൃഷികളും പിഴുതെറിയും.
വര്‍ഷങ്ങള്‍ പഴക്കമുള്ള കുരുമുളക് ചെടികള്‍ വരെ നശിപ്പിക്കപ്പെട്ടു. ഇവയെ കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭയന്ന് കര്‍ഷകര്‍ ഇതിന് മുതിരാറില്ല.
മരച്ചീനി കൃഷി നടത്തിയാല്‍ ഇടകിളക്കേണ്ട സമയത്തിന് മുമ്പേ നശിപ്പിക്കപ്പെട്ടിരിക്കും. വാഴ, തെങ്ങ്, ചേമ്പ്, ചേന, പച്ചക്കറികള്‍ തുടങ്ങി പുരയിടത്തിലുള്ള എല്ലാത്തരം വിളകളും കാട്ടുപന്നി നശിപ്പിക്കുന്ന സ്ഥിതിയാണ്. മരിയാപുരത്തെ പ്രിയദര്‍ശിനിമേട്, യോഹന്നാന്‍മേട്, തടിപ്പാലം,കരോട്ടുചട്ടിക്കുഴി, മില്ലുംപടി, നാരകക്കാനം എന്നിവിടങ്ങളിലാണ് പന്നികളെ കൂടുതലായി കാണുന്നത്.
പലയിടത്തും വീടുകളുടെ മുറ്റത്തുനില്‍ക്കുന്ന വിളവുകള്‍ പോലും ആക്രമിക്കപ്പെടുകയാണ്. കാട്ടുപന്നികള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരം തുച്ഛമാണെന്നും പരാതിയുണ്ട്.
ഇപ്പോഴത്തെ വിലയനുസരിച്ച് കണക്കുകൂട്ടിയാല്‍ 2000 രൂപയുടെ ഉണക്ക മുളക് ലഭിക്കുന്ന കുരുമുളക് ചെടി നശിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം കേവലം 20 രൂപ മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍