തൊടുപുഴ: നവീകരിച്ച് തുറന്നുകൊടുത്ത നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിലെ ബോട്ടിങ് പൂര്‍ണമായും വാട്ടര്‍ ഫൗണ്ടന്‍ ഭാഗികമായും പ്രവര്‍ത്തനം നിലച്ചു. ആഴ്ചകളായി ഇവ തകരാറിലാണെങ്കിലും ഉപയോഗക്ഷമമാക്കാന്‍ അധികൃതര്‍ നടപടിയൊന്നും എടുക്കുന്നില്ല.
വാട്ടര്‍ ഫൗണ്ടന്‍െറ വെള്ളം സംഭരിക്കുന്ന ഭാഗത്ത് ചോര്‍ച്ചയുള്ളതിനാല്‍ ഇതിന്‍െറ പ്രവര്‍ത്തനം മന്ദഗതിയിലാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാത്രമാണ് ബോട്ടില്‍ പ്രവേശം അനുവദിച്ചിരുന്നത്. എന്നാല്‍, പാര്‍ക്ക് തുറന്ന ശേഷം ഇതിന്‍െറ മേല്‍നോട്ടം ഏറ്റെടുക്കാന്‍ ആളില്ലായതോടെ മുതിര്‍ന്നവര്‍ വരെ ബോട്ട് ഉപയോഗിക്കാന്‍ തുടങ്ങി. അഞ്ചുപേര്‍ക്ക് ഇരിക്കാവുന്ന ബോട്ടില്‍ നിരവധി പേരെ കുത്തിനിറച്ച് ഓടിക്കുകയും ചെയ്തു. ബോട്ട് ഉപയോഗിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. ഇതോടെ ഇരുബോട്ടും തകരാറിലാകുകയായിരുന്നു. ബോട്ടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ ഇത് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. പാര്‍ക്ക് മോടി പിടിപ്പിച്ചതോടെ കുടുംബ സമേതം നിരവധി പേരാണ് ഇവിടെ എത്തുന്നത്.പ്രധാന വിനോദോപാധിയായ ബോട്ടിങ് നിലച്ചത് കുട്ടികളെയും നിരാശരാക്കിയിട്ടുണ്ട്.
നവീകരിച്ച ശേഷം പാര്‍ക്കിലെ സന്ദര്‍ശന സമയം വൈകുന്നേരം മൂന്ന് മുതല്‍ എട്ടുവരെയാക്കി ചുരുക്കിയിട്ടുണ്ട്. പാര്‍ക്കിനുള്ളിലെ ഐസ്ക്രീം പാര്‍ലറിലേക്ക് പ്രവേശിക്കാമെങ്കിലും ബാക്കി ഭാഗത്തേക്ക് കയറാന്‍ വൈകുന്നേരം മൂന്നിന് മാത്രമേ അനുവാദം നല്‍കുകയുള്ളൂ. മിക്ക ദിവസവും പാര്‍ക്ക് തുറക്കാന്‍ കാത്തിരിക്കുന്നവരുടെ നീണ്ട നിര രാവിലെ മുതല്‍ കാണാം.
മുമ്പ് സമീപ പഞ്ചായത്തിലുള്ളവര്‍ കുടുംബ സമേതം രാവിലെ പാര്‍ക്കിലെത്തി ഉച്ചകഴിഞ്ഞ് മടങ്ങിയിരുന്നു. എന്നാല്‍, സമയക്രമത്തില്‍ മാറ്റം വന്നത് ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുരിതമാകുകയാണ്.
കുട്ടികളുടെ അവധിക്കാലം കഴിയുംവരെയെങ്കിലും പാര്‍ക്ക് രാവിലെ മുതല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിലവിലെ ബോട്ടുകള്‍ നന്നാക്കിയെടുക്കുകയോ പുതിയ ബോട്ടുകള്‍ വാങ്ങി മേല്‍നോട്ടത്തിനായി ജീവനക്കാരെ ചുമതലപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ബോട്ടിങ് സുഗമമാക്കാന്‍ കഴിയൂയെന്ന് വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍