അടിമാലി: മേഖലയില്‍ നിലം നികത്ത് വ്യാപകം. വ്യാജ രേഖകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തിലുള്ള ഭൂമാഫിയകളുടെ പ്രവര്‍ത്തനം കുടിവെള്ളക്ഷാമമടക്കം വ്യാപക പരിസ്ഥിതി പ്രത്യാഘാതത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക ഉയര്‍ത്തുകയാണ്.
200 ഏക്കര്‍ റോഡിലെ കോളജ് കുന്നിടിച്ച് നിരത്തുന്ന മണ്ണാണ് ഇപ്പോള്‍ മേഖലയില്‍ പ്രധാനമായി പാടം നികത്തലിന് ഉപയോഗിക്കുന്നത്. 20 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഈ കുന്നിരിക്കുന്ന സ്ഥാനത്ത് ബഹുനില കെട്ടിട സമുച്ചയം നിര്‍മിക്കുന്നുവെന്ന് കാട്ടിയാണ് ഭൂവുടമ മണ്ണെടുക്കാന്‍ അനുമതി നേടിയത്. ഇവിടെ ഇടിച്ചെടുക്കുന്ന മണ്ണ് ഇവിടെ തന്നെ ഉപയോഗിക്കണമെന്നാണ് അനുമതിയിലെ വ്യവസ്ഥ. എന്നാല്‍, ഈ മണ്ണില്‍ 90 ശതമാനവും അടിമാലി മേഖലയിലെ പാടം നികത്തലിനാണ് ഉപയോഗിക്കുന്നത്.
അഞ്ച് എക്സ്കവേറ്ററും 30 ഓളം ടിപ്പറുകളും ഉപയോഗിച്ചാണ് രാത്രിയും പകലുമായി കുന്ന് നിരത്തുന്നത്. ഉഗ്ര സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കലും നടക്കുന്നുണ്ട്. പലപ്പോഴും പാറകള്‍ പൊട്ടിക്കാന്‍ സ്ഫോടനം നടത്തുമ്പോള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഭൂമികുലുക്കം അനുഭവപ്പെടുന്നുമുണ്ട്. ഗുണ്ടകളെ കവാടങ്ങളില്‍ കാവല്‍ നിര്‍ത്തിയാണ് മണ്ണിടിക്കലും പാറ പൊട്ടിക്കലും. ഭീമമായ കുന്നിടിക്കലിന് അനുമതി കിട്ടിയത് മന്ത്രിസഭയിലെ ഒരംഗത്തിന്‍െറ ഇടപെടലിനും ശേഷമാണത്രേ.
ഇരുനൂറേക്കര്‍, മില്ലുംപടി, കരിങ്കുളം, മന്നാങ്കാല, ആയിരമേക്കര്‍, കോയിക്കാക്കുടി, ചാറ്റുപാറ പ്രദേശങ്ങളെല്ലാം വയല്‍ നികത്തല്‍ വ്യാപകമാണ്. ചാറ്റുപാറയിലെ 95 ശതമാനം പാടവും മാഫിയ നികത്തിക്കഴിഞ്ഞു. അതിനിടെ പാടം നികത്തല്‍ മൂന്ന് ലക്ഷംവീട് കോളനികളെ പ്രളയ ഭീതിയിലാക്കിയിട്ടുണ്ട്. ശക്തമായ മഴ പെയ്തിറങ്ങിയാല്‍ ഈ കോളനിയടക്കം ജനവാസ കേന്ദ്രങ്ങള്‍ പലതും വെള്ളക്കെട്ടിനടിയില്‍പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അതുപോലെ അശാസ്ത്രീയ കെട്ടിട നിര്‍മാണവും വെള്ളക്കെട്ടിന് കാരണമാകും. താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് പൊക്കി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചവരോട് നിയമം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ ആരുമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം മഴവെള്ളം പൂര്‍ണമായും നഗര ഹൃദയങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. നിയമം പാലിക്കാതെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയതിനാല്‍ വെള്ളമൊഴുകാന്‍ ഓടകളോ തോടുകളോ ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍