ചിറ്റാര്‍: വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കുയാത്രികനെ പൊലീസ് സ്റ്റേഷനില്‍ ഒരു ദിവസം വിലങ്ങിട്ട് പൂട്ടിയിട്ടതായി പരാതി.
സീതത്തോട് നെത്തോലിപ്പടി വല്യത്ത് രാജു ലൂക്കോസിനെയാണ് (42) ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ വരാന്തയിലെ ഇരുമ്പുകസേരയില്‍ വിലങ്ങിട്ട് പൂട്ടിയിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ ചൊവ്വാഴ്ച സീതത്തോട്ടില്‍ വാഹന പരിശോധന നടത്തിയ ചിറ്റാര്‍ എ.എസ്.ഐയെയും സംഘത്തെയും കണ്ട് രാജു ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. എ.എസ്.ഐ പിറ്റേദിവസം രാജുവിന്‍െറ വീട്ടിലെത്തി ബൈക്ക് കസ്റ്റഡിയിലെടുത്ത് പെട്ടി ഓട്ടോയില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി. രാജു ലൂക്കോസ് രണ്ട് ജാമ്യക്കാരുമായി വന്നാല്‍ ബൈക്ക് കൊടുത്തുവിടാമെന്ന വ്യവസ്ഥയിലാണ് ബൈക്ക് കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
തൊട്ടടുത്ത ദിവസം രാജു രണ്ട് ജാമ്യക്കാരുമായി സ്റ്റേഷനില്‍ ചെന്നെങ്കിലും ബൈക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പൊലീസുകാരുമായി വാക്കേറ്റമുണ്ടായി. ഈ സമയം, എ.എസ്.ഐ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. ക്ഷുഭിതനായ രാജുവിനെ പൊലീസ് വിലങ്ങിട്ട് വരാന്തയിലെ ഇരുമ്പുകസേരയില്‍ പൂട്ടിയിടുകയായിരുന്നത്രേ.
വൈകുന്നേരത്തോടെ എ.എസ്.ഐ എത്തി രണ്ട് ജാമ്യക്കാരുടെ ഉറപ്പിന്മേല്‍ രാജുവിനെ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടു.
അതിനിടെ, ജാമ്യത്തിലിറക്കാന്‍ വന്നയാള്‍ വിലങ്ങില്‍ കിടക്കുന്ന രാജുവിന്‍െറ ചിത്രം പകര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജുവിന്‍െറ ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍