കോഴഞ്ചേരി:ജില്ലയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് മഴക്കാല രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാകുമെന്ന് ആശങ്ക. ആരോഗ്യ മേഖലയിലെ 70 ശതമാനത്തോളം ജീവനക്കാരെയാണ് സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
54ഗ്രാമപഞ്ചായത്തുകളിലായി ഓരോ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 140 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 270ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുമാണ് ജില്ലയില്‍ രോഗപ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നത്. ഇവരില്‍ 70 ശതമാനത്തോളം ആളുകളെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെയാണ് ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം താളം തെറ്റാന്‍ തുടങ്ങിയത്.
2007ല്‍ ചികുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് വേനല്‍മഴക്കാലത്തും വര്‍ഷകാലത്തും ഉള്‍പ്പെടെ ആരോഗ്യരംഗത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ക്രമീകരിച്ചിരുന്നത്.
ചികുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനം തടയാന്‍ ‘സമഗ്ര’ എന്ന ആരോഗ്യപദ്ധതി ജില്ലയില്‍ നടപ്പാക്കുകയാണ്. ജില്ലയില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാറിന്‍െറയും നേതൃത്വത്തില്‍ ഗ്രാമസഭകള്‍വരെ വിളിച്ചുചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ ഗ്രാമസഭകളില്‍ പങ്കെടുക്കുകയും തുടര്‍ന്ന് രൂപവത്കരിക്കുന്ന കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യണ്ടത് ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്.
ആശാ വര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധസംഘടനപ്രവര്‍ത്തകരും അടക്കം ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ ഓരോദിവസവും വീടുകള്‍ കയറിയ ശേഷം ലഭിക്കുന്ന വിഷയങ്ങള്‍ ഹെല്‍ത്ത് സെന്‍ററുകള്‍ക്കും ആരോഗ്യവകുപ്പിന് കൈമാറണ്ടതുണ്ട്. ഈ ഏകോപനമാണ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുന്നത്. ഈ മാസം25നകമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. സെന്‍സസ് ആരംഭിച്ചതിന് ശേഷം നാല് ദിവസം പോളിയോ വാക്സിനേഷന് വേണ്ടി സമയം കണ്ടെത്തേണ്ടി വന്നിരുന്നു. ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ഈ ദിവസങ്ങളിലും സെന്‍സസ് ഡ്യൂട്ടിക്ക് പോകാന്‍ കഴിയില്ല. ഇത്തരം സാഹചര്യത്തില്‍ 25ന് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍