ചിന്നക്കടയില്‍ പന്തല്‍ കെട്ടി നേതാവ് നിരാഹാരം തുടങ്ങുന്ന വാര്‍ത്തയറിഞ്ഞ് ജില്ലയിലെ കശുവണ്ടിത്തൊഴിലാളികള്‍ കുറേയേറെ കിനാവ് കണ്ടു. കുടിവറുപ്പും നിയമനിഷേധവുമൊക്കെ പതിവായ തൊഴിലിടങ്ങളില്‍ നീതിയുടെ നൂറുപൂക്കള്‍ വിരിയുമെന്ന് ചിലരെങ്കിലും കണക്കൂകൂട്ടി. സമര വിളംബരമായി വഴിയോരങ്ങളില്‍ തൊഴിലാളി നേതാവിന്‍െറ പുഞ്ചിരിക്കുന്ന മുഖവുമായി ഫ്ളക്സുകള്‍...എല്ലാം ശുഭപര്യവസായിയാവുമെന്ന് ഏവരും ഉറപ്പിച്ചു.
സമരത്തിനാധാരമായി നേതാവ് മുന്നോട്ടുവെച്ച ആവശ്യങ്ങളൊക്കെയും പരിഹരിക്കപ്പെടുംവരെ നിരാഹാരം തുടരുമെന്നും പന്തല്‍ പൊളിക്കില്ലെന്നും തൊഴിലാളികള്‍ കരുതി. പക്ഷേ, നിരാഹാരസമരം അകാലത്തില്‍ അസ്തമിച്ചു. സമരം തുടങ്ങി രണ്ടാം നാള്‍ പരിസമാപ്തിയായി. നേതാവ് ഉന്നയിച്ച പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഇളനീര്‍ കഴിച്ച് സമരം അവസാനിപ്പിച്ചു. സമരം വിജയമാണെന്ന സൂചനയുമായി വാര്‍ത്താസമ്മേളനവും നടത്തി.
കാപ്പെക്സ് തൊഴിലാളികളുടെ ബോണസ് കുടിശ്ശിക ഉടന്‍ കൊടുക്കാന്‍ ഉത്തരവാദപ്പെട്ട ആപ്പീസര്‍മാരോട് വ്യവസായമന്ത്രി കല്‍പ്പിച്ചതാണ് സമരം പിന്‍വലിക്കാനുള്ള പ്രധാനകാരണമത്രെ. നിരാഹാരത്തിന് മുന്നോടിയായി നേതാവ് ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളിലൊക്കെ തീര്‍പ്പാവുമെന്ന് കരുതിയവര്‍ നിരാശരായി. തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ രൂപാ മൂവായിരമാക്കുക, കൊല്ലം ദേശത്ത് നാഷനല്‍ കാഷ്യുബോര്‍ഡ് തുറക്കുക, സ്വകാര്യ മുതലാളിമാരെ നിയമനിഷേധ വഴിയില്‍ നിന്നും നേര്‍മാര്‍ഗത്തിലാക്കുക, കശുവണ്ടി മേഖലക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക എന്നിവ നേതാവ് സമരകാരണമായി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍പെടുന്നു. എന്തായാലും സമരഹേതുവായ ആവശ്യങ്ങളില്‍ ചിലതൊക്കെ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പുനല്‍കിയാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മടങ്ങിയത്. സമരത്തിന് അനുഭാവമര്‍പ്പിക്കാനെത്തുമ്പോള്‍ സമരകാരണമായ വിഷയങ്ങളോടും അനുഭാവം പ്രകടിപ്പിക്കുക സ്വഭാവികം. അനിശ്ചിതകാല നിരാഹാരം നിശ്ചിതസമയത്തിനകം പിരിഞ്ഞെങ്കിലും തൊഴിലാളി വര്‍ഗത്തിന്‍െറ ഒരാവശ്യമെങ്കിലും പരിഹരിക്കാനായ നേതാവിനെ കുറ്റംപറയുന്നത് ശരിയല്ല. ഭരണം സ്വന്തം പാര്‍ട്ടിക്കാണെന്ന് കരുതി തൊഴിലാളി നേതാവ് വിചാരിച്ചാല്‍ എല്ലാം നടക്കണമെന്നില്ലല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍