ചാരുംമൂട്: പാലമേല്‍, താമരക്കുളം പഞ്ചായത്തുകളില്‍ നിരോധം ലംഘിച്ച് മണ്ണെടുപ്പ് തകൃതി. പാലമേല്‍ പഞ്ചായത്തിലെ തണ്ടാണിവിള, ആദിക്കാട്ടുകുളങ്ങര, ഊട്ടുപറമ്പ്, കുടശനാട് എന്നിവിടങ്ങളിലും താമരക്കുളം പഞ്ചായത്തിലെ കൊട്ടക്കാട്ടുശേരി, പേരൂര്‍കാരാണ്‍മ, വേടരപ്ളാവ്, ലെപ്രസി സാനട്ടോറിയത്തിന് സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുമാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യാപക മണ്ണെടുപ്പ് നടന്നത്. പാലമേല്‍ പഞ്ചായത്തിലെ മലകളില്‍നിന്നാണ് ഖനനം കൂടുതലും. താഴ്ഭാഗത്ത് ഖനനം നടത്തുന്നതിനാല്‍ മലയുടെ മുകളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. മഴക്കാലമായാല്‍ ഏതുനിമിഷവും മലയിടിഞ്ഞ് വീഴാം. മുമ്പ് ഇവിടെ മലയിടിഞ്ഞ് വീടുകള്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഈ പഞ്ചായത്തുകളില്‍ മണ്ണെടുപ്പും ചെങ്കല്ല് ഖനനവും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കാറ്റില്‍പറത്തി രാത്രി ഖനനം തുടരുകയാണ്. രാത്രി 12ന് തുടങ്ങുന്ന ഖനനം പുലര്‍ച്ചെ നാലുവരെ നീളും. ഇതുമൂലം നാട്ടുകാര്‍ക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ല. അധികൃതരെ വിവരം ധരിപ്പിച്ചാല്‍ എത്താറില്ലെന്നും പരാതിയുണ്ട്.
നാട്ടുകാരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ റവന്യൂ അധികൃതര്‍ വ്യാപക റെയ്ഡ് നടത്തി വാഹനങ്ങള്‍ പിടികൂടിയിരുന്നു. നൂറനാട് എസ്.ഐ ഫയാസിന്‍െറ നേതൃത്വത്തിലും കഴിഞ്ഞദിവസം പത്തോളം ടിപ്പര്‍ലോറികളും എക്സ്കവേറ്ററും പിടികൂടി.
എന്നാല്‍, ഇതിന് പിന്നാലെ വീണ്ടും മണ്ണെടുപ്പ് തുടങ്ങി. നൂറുകണക്കിന് ടിപ്പര്‍ലോറികളും മണ്ണുമാന്തി യന്ത്രങ്ങളുമാണ് ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നത്. മണ്ണുലോബിയെ സഹായിക്കാന്‍ ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
അനധികൃത ഖനനം നടക്കുന്ന വിവരം ലഭിച്ചാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഇടപെടലാണ് വില്ലേജ് ഓഫിസര്‍, എസ്.ഐ എന്നിവര്‍ കൃത്യസമയത്ത് എത്താതിരിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് നൂറനാട് എസ്.ഐ വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ഇവ വിട്ടുകൊടുത്തു.
മണ്ണുലോബി ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത്. ഇതിന് പൊലീസ്, റവന്യൂ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ആരോപണമുണ്ട്. കൂടാതെ, അനധികൃത ഖനന പ്രദേശങ്ങളില്‍നിന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്നതുമൂലം മറ്റുവാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരാനാവാത്ത സ്ഥിതിയാണ്. മഴക്കാലത്തുപോലും കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശങ്ങളില്‍ ഖനനം വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഖനനം നിര്‍ത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍