വെല്ലുവിളികള്‍ നേരിടാന്‍ ജി.സി.സി കോണ്‍ഫെഡറേഷന്‍ അനിവാര്യം: മന്ത്രിസഭ

വെല്ലുവിളികള്‍ നേരിടാന്‍ ജി.സി.സി കോണ്‍ഫെഡറേഷന്‍ അനിവാര്യം: മന്ത്രിസഭ

മനാമ: മേഖലയിലെ വിവിധ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കഴിയണമെങ്കില്‍ ജി.സി.സി കോണ്‍ഫെഡറേഷന്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി 14 ാമത് ഉച്ചകോടിയില്‍ മേഖലയുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളുണ്ടാകുമെന്ന് മന്ത്രിസഭ പ്രത്യാശിച്ചു. ജി.സി.സി കോണ്‍ഫെഡറേഷന്‍ സാക്ഷാത്കരിക്കുന്നതിന്‍െറ പ്രാഥമിക നടപടികള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജി.സി.സി രാഷ്ട്രങ്ങളുടെ യോജിപ്പ് മേഖലയുടെ ശാക്തീകരണത്തിനും വളര്‍ച്ചക്കും വഴിയൊരുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നോട്ടുവെച്ച പ്രസ്തുത നിര്‍ദേശം ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വികസിപ്പിക്കുന്നതിന്‍െറ സാധ്യതകള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്തിരുന്നു. തായ്ലന്‍റ് പ്രധാനമന്ത്രി എഞ്ചലൂക് ഷിനോവ്ത്രയുടെ ബഹ്റൈന്‍ സന്ദര്‍ശനം നടക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കമിടയില്‍ ബന്ധം പുതുക്കാനും വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താനും സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ദേശീയ സംവാദ നിര്‍ദേശങ്ങള്‍, ബി.ഐ.സി.ഐ റിപ്പോര്‍ട്ട് എന്നിവ നടപ്പാക്കുന്നതിന് തീരുമാനിക്കുകയും രാജ്യത്തിന്‍െറ വളര്‍ച്ചക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് മന്ത്രിസഭ പ്രത്യേകം ആശംസകള്‍ അര്‍പ്പിച്ചു. ബി.ഐ.സി.ഐ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യേകം ഏല്‍പിക്കപ്പെട്ട സംവിധാനം നല്ല നിലയില്‍ നടക്കുന്നുണ്ടെന്ന് മന്ത്രിസഭ ഉറപ്പുവരുത്തി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി ചുമതലയേല്‍പിക്കപ്പെട്ട നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ പരിഗണിച്ചു. ബി.ഐ.സി.ഐ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് പരിഷ്കരണം നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ അവ നടപ്പാക്കുന്നിന് മുഴുവന്‍ മന്ത്രാലയങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രിസഭ ഉണര്‍ത്തി. സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഇക്കാര്യത്തില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്‍.എം.ആര്‍.എ ഏര്‍പ്പെടുത്തിയിട്ടുള്ള തൊഴില്‍ ഫീസ് 50 ശതമാനം കുറക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ ഇത് 10 ദിനാറാണെങ്കിലൂം ജൂണ്‍ 30 വരെ ഇത് വാങ്ങുന്നത് മരവിപ്പിച്ചിരിക്കുകയാണ്. ജൂലൈ മുതല്‍ അഞ്ചില്‍ താഴെ വിദേശ തൊഴിലാളികളുള്ള സ്ഥാപനത്തിന് ഓരോ വിദേശ തൊഴിലാളിക്കും അഞ്ച് ദിനാര്‍ വീതം ഈടാക്കുകയും അഞ്ചില്‍ കൂടുതലുണ്ടെങ്കില്‍ 10 ദിനാര്‍ വീതം ഈടാക്കുകയും ചെയ്യും. മൊത്തം സ്ഥാപനങ്ങളില്‍ 78 ശതമാനത്തിനും തൊഴില്‍ ഫീസ് കുറക്കുന്നതിന്‍െറ ഗുണം ലഭിക്കും. ഉപഭോക്തൃ അവകാശ സംരക്ഷണ സമിതി പുന:സംഘടിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനും കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെുടത്തിയാണ് സമിതി പുന:സംഘടിപ്പിച്ചിട്ടുള്ളത്. കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് സമിതി കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം നല്‍കിയ മറുപടി പാര്‍ലമെന്‍റിന് കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus