12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ജനം വളര്‍ന്നു; ജനപ്രതിനിധികളോ?

ജനം വളര്‍ന്നു; ജനപ്രതിനിധികളോ?

ഇന്ത്യന്‍ പാര്‍ലമെന്റ് ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ നിറവിലാണ്. സ്വാതന്ത്രൃാനന്തരം ഏതു പാത തെരഞ്ഞെടുക്കണമെന്ന വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പാര്‍ലമെന്ററി ജനാധിപത്യമാണ് അഭികാമ്യം എന്ന് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി വിധിയെഴുതിയത്. ജനപ്രതിനിധി മണ്ഡലമായി ലോക്സഭയും സംസ്ഥാനങ്ങളുടെ സംയുക്ത സമിതി എന്ന നിലയില്‍ രാജ്യസഭയുമായി ഇരുതല സംവിധാനത്തില്‍ അര്‍ധ ഫെഡറല്‍ സ്വഭാവം പ്രതിഫലിപ്പിക്കുന്നതായിരിക്കണം പാര്‍ലമെന്റ് എന്നും അന്നേ വിഭാവന ചെയ്തു. 1952 ഏപ്രില്‍ 17ന് രൂപംകൊണ്ട ഇന്ത്യയുടെ ആദ്യപാര്‍ലമെന്റ് മേയ് 13നാണ് സമ്മേളിച്ചത്. സുപ്രീംകോടതി പഴയ ഫ്യൂഡല്‍ സമീന്ദാരി സമ്പ്രദായത്തിന് നിയമ പരിരക്ഷ നല്‍കിയ ഘട്ടത്തില്‍ ഭൂരഹിതര്‍ക്ക് ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂമി ലഭ്യമാക്കി നിയമനിര്‍മാണത്തിന് ഗംഭീര തുടക്കംകുറിക്കാന്‍ പാര്‍ലമെന്റിനു കഴിഞ്ഞു. പ്രിവി പഴ്സ് നിര്‍ത്തലാക്കി പഴയ രാജഭരണത്തിന്റെ ശേഷിപ്പുകള്‍ക്ക് നല്‍കിയ പരിഗണന എടുത്തുകളഞ്ഞ് ജനാധിപത്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ചു. ജനാധിപത്യത്തിന്റെ കാതല്‍ ജനഹിതമാകയാല്‍ അതിന് ഊനം തട്ടുന്നതൊന്നും ചെയ്യില്ല എന്ന ദൃഢനിശ്ചയത്തിന്റെ കര്‍മവേദിയായി പാര്‍ലമെന്റ്. തമിഴ്നാട്ടിലെ അരിയല്ലൂരിലുണ്ടായ തീവണ്ടിയപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റ് മന്ത്രിപദം രാജിവെച്ചൊഴിഞ്ഞ് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അതിന് മിനിമം മാതൃകയും കുറിച്ചു.
ഏകാധിപത്യവും കുടുംബവാഴ്ചയും അരങ്ങുവാഴുന്ന രാഷ്ട്രങ്ങളില്‍ ജനാധിപത്യക്രമത്തിന്റെ പൂങ്കാറ്റ് അടിച്ചുവീശുമ്പോഴാണ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികം. ആഘോഷത്തില്‍ പങ്കെടുത്ത് ഞായറാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയതു പോലെ, ബഹുസ്വര ജനാധിപത്യത്തെ പരിപാലിച്ചു മുന്നോട്ടുപോകുന്നു എന്നത് ഇന്ത്യയുടെ എക്കാലത്തേയും അഭിമാന നേട്ടമാണ്. അടുത്തിടെയായി ജനാധിപത്യസംവിധാനങ്ങളോടും നടപടിക്രമങ്ങളോടുമുള്ള ജനതാല്‍പര്യം വര്‍ധിച്ചുവരുകയാണെന്ന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റിലേക്കു വരെയുള്ള തെരഞ്ഞെടുപ്പിലെ വര്‍ധിത ജനപങ്കാളിത്തം ഉദാഹരിച്ച് അദ്ദേഹം വ്യക്തമാക്കി. ശരിയാണ്, ജനാധിപത്യത്തോട് വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന പ്രദേശങ്ങളിലും ജനവിഭാഗങ്ങളിലുമൊക്കെ സാമൂഹികമാറ്റത്തിനും പുരോഗതിക്കുമുള്ള ഏറ്റവും ഉചിതമാര്‍ഗം പാര്‍ലമെന്ററി ജനാധിപത്യം തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. ആഗോളവ്യാപകമായിത്തന്നെ ഈ സന്ദേശത്തിന് സ്വീകാര്യത നേടിയെടുക്കാനുമായിട്ടുണ്ട്. ഈയിടെ അറബ്നാടുകളിലും മറ്റു രാജ്യങ്ങളിലും ജനാധിപത്യവത്കരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അലയടിച്ചപ്പോള്‍ അവരെല്ലാം എടുത്തുകാട്ടിയത് ജനാധിപത്യ ഇന്ത്യയെയായിരുന്നു.
എന്നാല്‍, ഈ സന്തോഷത്തിന് ഒരു ഇരുണ്ട മറുവശമുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ജനകീയാവേശത്തോട് സക്രിയമായി പ്രതികരിക്കാന്‍ അവരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികള്‍ക്കോ കക്ഷികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സാധിക്കുന്നുണ്ടോ? അതോ, ജനാധിപത്യത്തെ തന്നെ ഗളഹസ്തം ചെയ്യുന്ന വിധം അവര്‍ തരംതാഴുന്നുണ്ടോ? നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അറുപതു പിന്നിടുന്ന ജനാധിപത്യത്തിന്റെ സിരാകേന്ദ്രം വളരുകയോ തളരുകയോ? പാര്‍ലമെന്റിന്റെ ഉച്ഛ്വാസവായുവിനൊപ്പം 42 ആണ്ടുകള്‍ ജീവിച്ച ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി കഴിഞ്ഞ ദിവസം 'മാധ്യമ'ത്തോടു പറഞ്ഞത് ഗ്രാഫ് താഴോട്ടാണ് എന്നാണ്. 32 ാം വയസ്സില്‍ പാര്‍ലമെന്റില്‍ എത്തി ഇന്നും അംഗമായി തുടരുന്ന മണിപ്പൂരിലെ റിഷാങ് കെയ്ഷിങ്ങും പാര്‍ലമെന്റിന്റെ പ്രകടനം മങ്ങിവരുകയാണെന്ന് നിരാശപ്പെടുന്നു. രണ്ടു പതിറ്റാണ്ടുകഴിഞ്ഞ അനുഭവത്തില്‍നിന്ന് പ്രധാനമന്ത്രി സംസാരിക്കുന്നതും പൂര്‍ണസംതൃപ്തിയിലല്ല. എല്ലാവരുടെയും പരിഭവം ഒന്നുതന്നെ-രാഷ്ട്രവും ജനതയും വളര്‍ന്നതിനനുസൃതമായി പാര്‍ലമെന്റ് വളര്‍ന്നില്ല. എന്നല്ല, നിലവാരം തകര്‍ന്നേ വരുകയാണ്. നിയമനിര്‍മാണത്തിന്റെ ഉന്നതഗേഹം കക്ഷിരാഷ്ട്രീയ വഴക്കിനും വിഴുപ്പലക്കിനുമുള്ള വേദിയായി തരംതാണിരിക്കുന്നു.
'ഇന്നാട്ടില്‍ ജീവിക്കുന്ന ജനകോടികളുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന ഈ പരമോന്നത വേദിയില്‍ അംഗമായിരിക്കുക എന്നതിലും വലിയൊരു ബാധ്യതയില്ല' എന്നു പഠിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവും സമകാലികരും തൊട്ട് ഇന്ദ്രജിത് ഗുപ്ത, അടല്‍ ബിഹാരി വാജ്പേയി, ചന്ദ്രശേഖര്‍, ജി.എം. ബനാത്ത്വാല, സോമനാഥ് ചാറ്റര്‍ജി തുടങ്ങിയ സമീപകാല ഉന്നതശീര്‍ഷര്‍ വരെ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ തീക്ഷ്ണമായ നിലപാടുകളും വാദമുഖങ്ങളും അവതരിപ്പിച്ചും പുത്തന്‍ ദിശാബോധം പകര്‍ന്നും രാജ്യത്തിന്റെ തന്നെ ആദരം നേടിയവരാണ്. എന്നാല്‍, ഇന്ന് ചാനല്‍ കാമറക്കണ്ണുകള്‍ പിടിച്ചുപറ്റാനായി സഭക്കകത്ത് യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് പുതുതലമുറ രാഷ്ട്രീയക്കാരുടെ തിണ്ണമിടുക്ക്. ഔപചാരിക വിദ്യാഭ്യാസത്തിലും മറ്റും സഭാംഗങ്ങളുടെ പൊതുനിലവാരത്തില്‍ മികവുണ്ടായി. 1952-57 കാലത്ത് ബിരുദമില്ലാത്തവരുടെ എണ്ണം 41 ശതമാനമായിരുന്നത് പത്തോ അതില്‍ താഴെയോ ആയി ചുരുങ്ങി. ആ മികവൊന്നും സഭയില്‍ പ്രതിഫലിച്ചില്ല. സഭയുടെ പ്രവൃത്തിദിനം 124ല്‍ നിന്ന് എണ്‍പതോ അതില്‍ താഴെയോ ആയി. പാസ്സാക്കുന്ന ബില്ലുകളുടെ എണ്ണം 65-70 എന്നത് 40-45 എന്നിടത്തെത്തി. ഈയിടെയായി പാര്‍ലമെന്റ് കൂടുന്നതുതന്നെ സ്തംഭിപ്പിക്കാന്‍ എന്ന അവസ്ഥയെത്തി. വിലക്കയറ്റവും മറ്റുമായി ജനം പൊറുതിമുട്ടുന്ന ദുഃസ്ഥിതിയില്‍ പോലും കോടികള്‍ പാഴാക്കി ഇരുസഭകളും സ്തംഭിച്ചു കിടന്നു. ആചാരി ചൂണ്ടിക്കാട്ടിയ പോലെ, രാജ്യതാല്‍പര്യങ്ങള്‍ കക്ഷികളുടെ പ്രാദേശിക, കുടുംബതാല്‍പര്യങ്ങള്‍ക്കു വഴിമാറി. ക്രിമിനലുകളും അഴിമതിക്കാരും സഭയുടെ അധികാരം പതിച്ചെടുത്തു. വിശ്വാസവോട്ടു പോലും നോട്ടുകെട്ടു നോക്കിയാണെന്ന നിലയായി. ഒടുവില്‍ രാജ്യത്തിന്റെ പരമാധികാരം കവരുന്ന ഇടപാടുകളും കരാറുകളുമൊന്നും പാര്‍ലമെന്റ് അറിയണമെന്നില്ല എന്നു വന്നു. പൗരാവകാശങ്ങള്‍ ധ്വംസിക്കുന്ന കാടന്‍നിയമങ്ങള്‍ വരെ വേണ്ടത്ര ചര്‍ച്ചയില്ലാതെ ചുട്ടെടുക്കാമെന്നായി. അങ്ങനെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കക്ഷിരാഷ്ട്രീയക്കാരുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കു മുന്നില്‍ വെറും നോക്കുകുത്തിയായി പാര്‍ലമെന്റ്. ജനാധിപത്യ പ്രതിബദ്ധതയില്‍ ജനതയോളം ഉയരാന്‍ ജനപ്രതിനിധികള്‍ക്കായില്ല എന്നര്‍ഥം. ഇതുതന്നെയാണ് നമ്മുടെ പാര്‍ലമെന്റിന്റെ ദുരന്തം. ഇക്കാര്യം പ്രധാനമന്ത്രിയും മന്ത്രിമാരുമൊക്കെ ഏറ്റുപറയുന്നുണ്ട്. പത്തു വര്‍ഷം മുമ്പ് സുവര്‍ണജൂബിലി ആഘോഷവേളയിലും ഇത്തരം ഏറ്റുപറച്ചിലും തിരുത്തല്‍പ്രതിജ്ഞയുമെല്ലാമുണ്ടായിരുന്നു. പിന്നെയും കാര്യങ്ങള്‍ പഴയ പടിതന്നെ തുടര്‍ന്നു. ആ കുറ്റസമ്മതം ആവര്‍ത്തിക്കുന്നതിലല്ല, ആ കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിലാണ് കാര്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com