Sun, 05/13/2012 - 20:02 ( 1 year 1 weekago)
ചണ്ഡിലക്ക് ഹാട്രിക്ക്; രാജസ്ഥാന് ജയം
(+)(-) Font Size
ചണ്ഡിലക്ക് ഹാട്രിക്ക്; രാജസ്ഥാന് ജയം

ജയ്പൂര്‍: ഐ.പി.എല്‍ അഞ്ചാം സീസണിലെ ആദ്യ ഹാട്രിക് പിറന്ന മത്സരത്തില്‍ തകപ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ് സെമി ഫൈനല്‍ പ്രതീക്ഷകളെ സജീവമാക്കി. പുണെ വാരിയേഴ്സിനെ 45 റണ്‍സിനാണ് രാഹുല്‍ ദ്രാവിഡും സംഘവും കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 170 റണ്‍സെടുത്തു. പുണെയുടെ മറുപടി 20 ഓവറില്‍ ഒമ്പതിന് 125ല്‍ അവസാനിച്ചു. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി ഹാട്രിക്കോടെ നാലു വിക്കറ്റ് വീഴ്ത്തി കളിയിലെ കേമനായ അജിത് ചണ്ഡിലയുടെ ഉജ്ജ്വല ബൗളിങ്ങാണ് വിജയത്തിലെ പ്രധാന സവിശേഷത. 47 പന്തില്‍ 61 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെയും 31 പന്തില്‍ 58 റണ്‍സടിച്ച ഷെയ്ന്‍ വാട്സണിന്റെയും അര്‍ധ ശതകങ്ങള്‍ രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ലായി. 31 പന്തില്‍ 37 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് പുണെയുടെ ടോപ് സ്കോറര്‍. പുണെ ബൗളര്‍മാരില്‍ ആശിഷ് നെഹ്റ മൂന്നു വിക്കറ്റ് നേടി.
171 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പുണെയെ ആദ്യ ഓവറില്‍ത്തന്നെ ചണ്ഡില ഞെട്ടിച്ചു. അഞ്ചാം പന്തില്‍ ജെസ്സി റൈഡറെ വാട്സണിന്റെ കൈയിലെത്തിച്ച പഞ്ചാബ് സ്വദേശിയായ യുവ ബൗളര്‍ തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയും വീഴ്ത്തി. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത ഗാംഗുലിയെ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി സ്റ്റമ്പ് ചെയ്യുകയായിരുന്നു. മൂന്നാം ഓവറുമായെത്തിയ ചണ്ഡില ആദ്യ പന്തില്‍ത്തന്നെ റോബിന്‍ ഉത്തപ്പയെ (ആറ്) മടക്കിയാണ് ഹാട്രിക് സ്വന്തമാക്കിയത്. ഉത്തപ്പയെയും ഗോസ്വാമി സ്റ്റമ്പ് ചെയ്തു. സ്കോര്‍ മൂന്നിന് 11 റണ്‍സ്.
ഇന്നിങ്സിലെ അഞ്ചാമത്തെയും തന്റെ മൂന്നാമത്തെയും ഓവറിലും ചണ്ഡിലക്ക് ഇരയെലഭിച്ചു. ഇത്തവണ അനുസ്തുപ് മജുംദാറിനെ (ഒമ്പത്) ബൗളര്‍തന്നെ പിടികൂടി. പിന്നെ വിക്കറ്റുകള്‍ മുറക്ക് നിലംപതിച്ചുകൊണ്ടിരുന്നു. 26 പന്തില്‍ 23 റണ്‍സെടുത്ത കല്ലം ഫെര്‍ഗൂസനെയും സ്മിത്തിനെയും (37) ജൊഹാന്‍ ബോത പറഞ്ഞുവിട്ടതോടെ ആറിന് 89 എന്ന നിലയില്‍ തകര്‍ന്ന പുണെയുടെ വിജയമോഹങ്ങള്‍ അസ്തമിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസ് എട്ടാമനായാണ് മടങ്ങിയത്. ബോതക്ക് പുറമെ വാട്സണും രണ്ട് വിക്കറ്റെടുത്തു.
നേരത്തേ, ദ്രാവിഡും രഹാനെയും രാജസ്ഥാന് മിന്നുന്ന തുടക്കം സമ്മാനിച്ചു. ആദ്യ ഓവറുകളില്‍ അടിച്ചു തകര്‍ത്ത ദ്രാവിഡിനെ അഞ്ചാം ഓവറില്‍ നെഹ്റ വിക്കറ്റ് പിന്നില്‍ ഉത്തപ്പയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ക്രീസില്‍ സംഗമിച്ച രഹാനെയും മാത്യൂസും പുണെ ബൗളര്‍മാരെ അനായാസം കൈകാര്യം ചെയ്തു. രഹാനെയെ മറികടന്ന വാട്സണ്‍ 13ാം ഓവറില്‍ നേരിട്ട 26ാം പന്തില്‍ റൈഡറെ സിക്സറിന് പറത്തിയാണ് അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. ഒപ്പം ടീം 100ഉം പിന്നിട്ടു. 15ാം ഓവറുമായി നെഹ്റ എത്തിയപ്പോള്‍ വാട്സണ്‍ ക്ളീന്‍ ബൗള്‍ഡായി. ആറ് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് ഓസീസ് താരം 58ലെത്തിയത്. 14 പന്തില്‍ 14 റണ്‍സെടുത്ത ബ്രാഡ് ഹോഡ്ജിനെ നെഹ്റ ഗാംഗുലിയുടെ കൈകളിലെത്തിച്ചു. ഇടക്ക് അര്‍ധ ശതകം കടന്ന രഹാനെയെ (61) 20ാം ഓവറില്‍ മാത്യൂസ് ബൗള്‍ഡാക്കി. മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി ബോതയും അഞ്ച് പന്തില്‍ ആറ് റണ്‍സെടുത്ത് സ്റ്റുവര്‍ട്ട് ബിന്നിയും പുറത്താവാതെ നിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus