ചെറുതോണി: ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആധുനിക സൗകര്യങ്ങള്‍ വരുന്നു. പൊലീസ് വെല്‍ഫെയര്‍ ബോര്‍ഡ് ശിപാര്‍ശയനുസരിച്ചാണ് നടപടി. ജില്ലയില്‍ 27 പൊലീസ് സ്റ്റേഷനുകളാണുള്ളത്. 10 മുതല്‍ 15 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പൊലീസ് ഡോര്‍മെറ്ററികള്‍ നിര്‍മിക്കാനും തീരുമാനമുണ്ട്.
എല്ലാ പൊലീസുകാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും നടപടി തുടങ്ങി. പട്ടാള മാതൃകയില്‍ പൊലീസിനും കാന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തും. മാനസിക ഉല്ലാസത്തിന് മാസത്തില്‍ രണ്ട് തവണ പൊലീസുകാര്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം വിനോദ യാത്രക്കുള്ള സൗകര്യമുണ്ടാകും. സര്‍ക്കാര്‍ വാഹനങ്ങളും സ്ഥലസൗകര്യങ്ങളും ഇതിന് ഉപയോഗിക്കാം.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ പഠനത്തില്‍ പലവിധ രോഗങ്ങള്‍ മൂലം മരണമടയുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ വ്യായാമമില്ലാത്തതാണ് കാരണമായി പറയുന്നത്. മിക്ക പൊലീസുകാരും ഹൈപര്‍ ടെന്‍ഷനും ഹൃദ്രോഗ പ്രശ്നങ്ങളും മൂലം വിഷമിക്കുന്നവരാണ്. പൊലീസുകാരുടെ കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ സ്റ്റേഷനുകളില്‍ ജിംനേഷ്യം തുടങ്ങും. ഉദ്യോഗസ്ഥര്‍ സാധാരണ സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ ഒഴിവാക്കി നടന്നുപോയി പരമാവധി ജോലി ചെയ്യണമെന്നും പൊലീസ് ബോര്‍ഡ് ശിപാര്‍ശ ചെയ്യുന്നു. നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കി ബാങ്ക് അക്കൗണ്ടുകള്‍ വഴിയും എ.ടി.എം കാര്‍ഡ് വഴിയും സാമ്പത്തിക ഇടപാട് നടത്തണമെന്നും ശിപാര്‍ശയുണ്ട്. പുതുതായി തങ്കമണിയില്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാനും രണ്ട് പൊലീസ് സ്റ്റേഷനുള്ള കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണല്‍ സ്റ്റേഷന്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍