അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ ഡിവിഷന് കീഴിലെ ഹൈവേ പൊലീസിന്‍െറ വാഹനം കട്ടപ്പുറത്തായിട്ട് അഞ്ച് മാസം. എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരാണ് വാഹനത്തിലുള്ളത്. ബദലായി നല്‍കിയ വാഹനം ഉപയോഗിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണ്.
2007ല്‍ ഹൈവേ പൊലീസിന്‍െറ ആരംഭകാലത്ത് അനുവദിച്ച വാഹനം അടിമാലി പൊലീസ് സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. വയര്‍ലെസ്, വൈദ്യസഹായം ഉള്‍പ്പെടെ ആധുനിക സംവിധാനമാണ് വാഹനത്തിലുള്ളത്. ഗിയര്‍ ബോക്സ് തകരാറാണ് കട്ടപുറത്താകാന്‍ കാരണം. തകരാര്‍ പരിഹരിക്കാന്‍ നിരവധി തവണ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയില്ല.
വാഹനം കട്ടപ്പുറത്തായതോടെ ഒരുമാസം ഹൈവേ പൊലീസ് പ്രവര്‍ത്തനം നിലച്ചു. ഈ ഘട്ടത്തില്‍ കള്ളക്കടത്ത് സംഘങ്ങള്‍ പെരുകുകയും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ധിക്കുകയും ചെയ്തു. ഇതോടെ 30 വര്‍ഷം പഴക്കമുള്ള ജീപ്പ് ജില്ലാ മേധാവി അനുവദിച്ചു. ഈ വാഹനം ഓടുമെങ്കിലും 35 കിലോമീറ്ററില്‍ അധികം വേഗതയില്‍ സഞ്ചരിക്കാനാകില്ല. ഇതുമൂലം പല അപകട ഘട്ടത്തിലും സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്താന്‍ കഴിയുന്നത്. 2012ല്‍ മാത്രം 130ഓളം റോഡപകടങ്ങള്‍ ഹൈവേ പൊലീസിന്‍െറ അധികാര പരിധിയില്‍ ഉണ്ടായി.
കട്ടപ്പുറത്തിരിക്കുന്ന വാഹനം ഉണ്ടായിരുന്ന സമയം നിരവധി കള്ളക്കടത്ത് സംഘങ്ങളെ ഹൈവേ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വാഹനം കൊണ്ട് ഈ സംഘങ്ങളെ പിടികൂടാന്‍ കഴിയുന്നില്ല.
വിനോദ സഞ്ചാരികളുടെ പ്രവാഹവും അപകടങ്ങള്‍ നിറഞ്ഞ നേര്യമംഗലം വനമേഖലയും കണക്കിലെടുത്താണ് ദേവികുളത്ത് അനുവദിച്ച ഹൈവേ പൊലീസിനെ ഈ ഭാഗത്തേക്ക് 2007ല്‍ മാറ്റി നിയമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍