മനാമ: ബഹ്റൈന്‍ കേരളീയ സമാജം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇപ്പോഴത്തെ ഭരണ സമിതി ശ്രമം നടത്തുന്നതായി റിഫോര്‍മേഴ്സ് പാനല്‍ ഭാരവാഹികളും സ്ഥാനാര്‍ഥികളും വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടിക അതിന്‍െറ പൂര്‍ണ രൂപത്തില്‍ റിഫോര്‍മേര്‍സ് പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. തെറ്റായ ടെലിഫോണ്‍ നമ്പറും മറ്റ് രേഖകളും കൂട്ടിക്കുഴച്ച പട്ടികയില്‍നിന്ന് അംഗങ്ങളെ കണ്ടെത്തുകയെന്നത് പ്രായോഗികമല്ല. അതേസമയം, മറുപക്ഷം സമാജം രേഖകള്‍ മുഴുവന്‍ ഉപയോഗിച്ച് സമാജം ഓഫീസിനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. റിഫോര്‍മേഴ്സിന് നല്‍കിയ വോട്ടര്‍ പട്ടികയില്‍നിന്ന് സി.പി.ആര്‍ നമ്പര്‍ ഒഴിവാക്കിയിരിക്കയാണ്. ഏത് തെരഞ്ഞെടുപ്പിലും സി.പി.ആര്‍ നമ്പറും അംഗത്വ നമ്പറും ഒത്തുനോക്കിയാണ് വോട്ട് ചെയ്യാനുള്ള യോഗ്യത നിശ്ചയിക്കുന്നത്.
അതിനുള്ള സാധ്യത തകര്‍ത്ത് അംഗങ്ങളല്ലാത്തവരെ ഇറക്കി വോട്ട് ചെയ്യിക്കാനുള്ള ഗൂഢ ശ്രമമാണ് ഇതിന് പിന്നില്‍. ഇത് ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാകില്ല. സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ സി.പി.ആര്‍ നമ്പറുള്ള ലിസ്റ്റ് നല്‍കാമെന്ന് വരണാധികാരി സമ്മതിച്ചതായിരുന്നു. എന്നാല്‍, സി.പി.ആര്‍ നമ്പര്‍ നല്‍കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി സമ്മതിക്കാത്തതിനാല്‍ നല്‍കാനാവില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരിക്കുന്നത്. വരണാധികാരി ഇങ്ങനെ പക്ഷം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാല്‍, നിഷ്പക്ഷമായ തെരഞ്ഞെടുപ്പിന് വിഘാതം സൃഷ്ടിക്കുന്ന നടപടിക്കെതിരെ സാമൂഹികക്ഷേമ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
’86ല്‍ വാര്‍ഷിക ജനറല്‍ബോഡി പാസാക്കിയ നിയമപ്രകാരം രണ്ട് തവണ ഭരണത്തില്‍ ഉണ്ടായിരുന്നയാള്‍ മൂന്നാമത്തെ ടേമില്‍ മത്സരിക്കാന്‍ പാടില്ല. 2007ല്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കാനെന്ന കാരണത്താല്‍ മൂന്നാമത്തെ ടേമിലും ഭരണ സമിതി തുടര്‍ന്നത് ഒഴിച്ചാല്‍ ’86ന് ശേഷം മൂന്നാമത്തെ വര്‍ഷം ഭരണ സമിതിയിലേക്ക് ആരും മത്സരിച്ചിട്ടില്ല. ഈ കീഴ്വഴക്കം കാറ്റില്‍ പറത്തിയാണ് ഇപ്പോഴത്തെ ഭരണ സമിതി മൂന്നാം തവണയും മത്സര രംഗത്തുള്ളത്.
രജിസ്റ്റര്‍ പുസ്തകം ഒഴിവാക്കി മെമ്പര്‍ഷിപ്പിന് കാര്‍ഡ് സിസ്റ്റം കൊണ്ടുവന്നത് വ്യാജന്മാരെ തിരുകിക്കയറ്റാനാണ്. നിലവിലെ സമാജം ലിസ്റ്റ് പരിശോധിച്ചാല്‍ പകുതി അംഗങ്ങളെ കണ്ടെത്താനാകില്ല. അപേക്ഷിച്ച് നാല് വര്‍ഷമായിട്ടും അംഗത്വം ലഭിക്കാത്തവരുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന് പോലും അംഗത്വം നല്‍കിയിട്ടില്ല. സ്വന്തക്കാര്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പ്രവണതയാണുള്ളത്.
മുമ്പ് ഭരിച്ചവരാരും സമാജം സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഭരണഘടന ലംഘിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങിയവര്‍ യഥാര്‍ഥത്തില്‍ രാജിവെക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, നീട്ടിക്കിട്ടിയ നാല് മാസം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്.
കേരളീയ സമാജം പ്രവാസി മലയാളികളുടെ പൊതു ഇടമായി മാറേണ്ടതുണ്ട്. അത് കുറച്ചുപേരുടെ ദന്ത ഗോപുരമാകാന്‍ പാടില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സമാജം അംഗങ്ങളും പൊതുസമൂഹവും പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ റിഫോര്‍മേഴ്സ് പാനല്‍ വക്താവ് ഇ.എ. സലീം, പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സതീഷ് മുതലയില്‍, സുധിന്‍ എബ്രഹാം, എസ്. മോഹന്‍കുമാര്‍, കെ.സി. ഫിലിപ്പ്, ബി.ഐ. രാജീവ്, മുഹമ്മദ് സലീം, അനില്‍കുമാര്‍, ഷിജു ജോണ്‍, എസ്.വി. ഇബ്രാഹിം, കെ.ടി. സലീം എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍