Sat, 05/12/2012 - 21:28 ( 1 year 5 weeksago)
കൊല്‍ക്കത്തക്ക് മുംബൈ ബ്രേക്ക്
(+)(-) Font Size
കൊല്‍ക്കത്തക്ക് മുംബൈ ബ്രേക്ക്
രോഹിത് ശര്‍മക്ക് സെഞ്ച്വറി

കൊല്‍ക്കത്ത: ഐ.പി.എല്‍ അഞ്ചാം സീസണിലെ നാലാം സെഞ്ച്വറി പിറന്ന ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 27 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. 60 പന്തില്‍ 109 റണ്‍സുമായി പുറത്താവാതെനിന്ന രോഹിത് ശര്‍മയുടെയും അപരാജിതനായി 58 പന്തില്‍ 66 റണ്‍സടിച്ച ഹെര്‍ഷലെ ഗിബ്സിന്‍െറയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒരു വിക്കറ്റിന് 182 റണ്‍സെടുത്തു. 60 പന്തില്‍ 79 റണ്‍സുമായി ജാക് കാലിസും പുറത്താവാതെ 31 പന്തില്‍ 40 റണ്‍സ് നേടി യൂസുഫ് പത്താനും പൊരുതിയെങ്കിലും ആതിഥേയരുടെ മറുപടി 20 ഓവറില്‍ നാലിന് 155ല്‍ തീര്‍ന്നു. രോഹിത്താണ് കളിയിലെ കേമന്‍. വിജയത്തോടെ മുംബൈയുടെ സെമി പ്രതീക്ഷകള്‍ സജീവമായി.
ടോസ് നേടിയ ഹര്‍ഭജന്‍സിങ് ബാറ്റിങ് തീരുമാനിക്കുകയായിരുന്നു. സചിന്‍ ടെണ്ടുല്‍കറെ (രണ്ട്) മാത്രമാണ് ടീമിന് നഷ്ടപ്പെട്ടത്. 12 ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു രോഹിത്തിന്‍െറ പ്രകടനം. വെറ്ററന്‍ ഗിബ്സിന്‍െറ ഇന്നിങ്സിന് ഏഴ് ഫോറും രണ്ട് സിക്സും മാറ്റേകി. യൂസുഫും കാലിസും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കൊല്‍ക്കത്തക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും മുംബൈ ബൗളര്‍മാരുടെ സമയോചിത ഇടപെടലാണ് അവര്‍ക്ക് വിജയം നിഷേധിച്ചത്. ഏഴ് ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 79 റണ്‍സെടുത്ത കാലിസ് അവസാന ഓവറിലാണ് പുറത്തായത്.
നേരത്തേ, മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ച ഗിബ്സാണ് സചിനൊപ്പം ഓപണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ ബ്രെറ്റ്ലിക്കെതിരെ മൂന്ന് ബൗണ്ടറി നേടി രംഗം കൊഴുപ്പിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ വരാന്‍പോവുന്ന വെടിക്കെട്ടിന്‍െറ സൂചന നല്‍കി. എന്നാല്‍, ശകീബുല്‍ ഹസന്‍ പന്തുമായെത്തിയ മൂന്നാം ഓവറില്‍ സചിന് മടക്കമായി. രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത മുംബൈക്കാരനെ വിക്കറ്റ് കീപ്പര്‍ മന്‍വീന്ദര്‍ ബിസ്ല സ്റ്റമ്പ് ചെയ്യുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ്.
പിന്നെ കണ്ടത് സന്ദര്‍ശകരുടെ വാഴ്ചയായിരുന്നു. ഗിബ്സും രോഹിതും മാറിമാറി സിക്സും ബൗണ്ടറിയും പറത്തിയതോടെ കൊല്‍ക്കത്ത ബൗളര്‍മാര്‍ തീര്‍ത്തും നിസ്സഹായരായി. ഇടക്ക് ഗിബ്സിനെ മറികടന്ന രോഹിത് സ്കോര്‍ബോര്‍ഡില്‍ ദ്രുതഗതിയില്‍ മാറ്റങ്ങളുണ്ടാക്കി. 29ാം പന്തില്‍ യുവതാരം 50ലെത്തി. 12ാം ഓവറില്‍ രജത് ഭാട്യക്കെതിരെ നേടിയ സിക്സറിലൂടെ ഗിബ്സ് ടീം സ്കോര്‍ 100ന് മുകളിലാക്കി. 48ാം പന്തില്‍ ഗിബ്സിന്‍െറ അര്‍ധശതകവും പിറന്നു. ഇതേസമയം, രോഹിത് ബഹുദൂരം മുന്നിലെത്തിയിരുന്നു.
ശകീബും സുനില്‍ നാരായണും റണ്‍സ് വിട്ടുകൊടുക്കാന്‍ അല്‍പം മടികാണിച്ചതോടെയാണ് മുംബൈ സ്കോര്‍ 200 കടക്കാതിരുന്നത്.
ലീ 17ാം ഓവറുമായെത്തുമ്പോള്‍ രോഹിത് 47 പന്തില്‍ 85 റണ്‍സ് എന്ന നിലയിലായിരുന്നു. ആദ്യ പന്തില്‍ സിക്സര്‍ നേടിയ രോഹിത് രണ്ടും നാലും പന്തുകള്‍ അതിര്‍ത്തി കടത്തി 99ലേക്ക് കുതിച്ചു. നേരിട്ട 52ാം പന്തില്‍ അദ്ദേഹം കന്നി ഐ.പി.എല്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് രോഹിത് അല്‍പം പതുക്കെയാക്കിയെങ്കിലും ഗിബ്സ് സ്കോര്‍ ചെയ്തുകൊണ്ടിരുന്നു. 17.4 ഓവര്‍ ക്രീസില്‍ നിന്ന അപരാജിത സഖ്യം 167 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ആദ്യ ഓവറില്‍ത്തന്നെ ഗൗതം ഗംഭീറിനെ പൂജ്യനായി മടക്കി മുംബൈയും മുനാഫ് പട്ടേലും മറുപടിയില്‍ കൊല്‍ക്കത്തെയെ ഞെട്ടിച്ചു.
രണ്ടാം ഓവറില്‍ ബിസ്ലക്കും (ഒന്ന്) തിരിച്ചുകയറേണ്ടിവന്നു. 25 പന്തില്‍ 27 റണ്‍സുമായി നിന്ന മനോജ് തിവാരിയെ കീറണ്‍ പൊള്ളാര്‍ഡ് വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 60 റണ്‍സാണ്.
തുടര്‍ന്നാണ് കാലിസും യൂസുഫും ഒത്തുചേര്‍ന്നത്.

സ്കോര്‍ ബോര്‍ഡ്
മുംബൈ: ഗിബ്സ് നോട്ടൗട്ട് 66 (58), സചിന്‍ സ്റ്റമ്പ്ഡ് ബിസ്ല സി ശകീബ് 2 (2), രോഹിത് 109 (60), എക്സ്ട്രാസ് 5, ആകെ 20 ഓവറില്‍ ഒരു വിക്കറ്റിന് 182.
വിക്കറ്റ് വീഴ്ച: 1-15.
ബൗളിങ്: ശകീബുല്‍ ഹസന്‍ 4-0-27-1, ¥്രബറ്റ് ലീ 4-0-44-0, നാരായണ്‍ 4-0-28-0, കാലിസ് 4-0-40-0, രജത് ഭാട്യ 4-0-41-0.
കൊല്‍ക്കത്ത: ബിസ്ല സി മുനാഫ് ബി ഓജ 1 (2), ഗംഭീര്‍ ബി മുനാഫ് 0 (2), കാലിസ് സി രോഹിത് ബി സ്മിത്ത് 79 (60), തിവാരി എല്‍.ബി.ഡബ്ള്യൂ ബി പൊള്ളാര്‍ഡ് 27 (25), യൂസുഫ് പത്താന്‍ നോട്ടൗട്ട് 40 (31), ദേവബ്രത ദാസ് നോട്ടൗട്ട് 4 (1), എക്സ്ട്രാസ് 4, ആകെ 20 ഓവറില്‍ നാലിന് 155.
വിക്കറ്റ് വീഴ്ച: 1-1, 2-3, 3-60, 4-151.
ബൗളിങ്: മുനാഫ് 4-0-32-1, ഓജ 3-0-26-1, മലിംഗ 4-0-27-0, ഹര്‍ഭജന്‍ 1-0-7-0, പൊള്ളാര്‍ഡ് 4-0-29-1, ഡ്വയ്ന്‍ സ്മിത്ത് 4-0-32-1.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus