1966ലെ ലോകകപ്പ് ഫുട്ബാള്‍ ചരിത്ര സംഭവമായി മാറ്റിയത് യുസേബിയോ എന്ന കളിക്കാരന്‍െറ മികവുമായിട്ടെത്തിയ ഇത്തിരിമാത്രം വലുപ്പമുണ്ടായിരുന്ന കൊച്ചുരാജ്യമായ പോര്‍ചുഗലായിരുന്നു. യൂറോപ്പിലെ ബ്രസീലുകാര്‍ എന്ന് വിശേഷണമുള്ള ഈ ചെറുതീരം, അവരുടെ ആദ്യമത്സരത്തില്‍ വിഖ്യാതരായ ഹംഗറിയെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്. പിന്നീട് ബെല്‍ജിയത്തെ, ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് പിന്തള്ളിയത് യാദൃച്ഛികവിജയമായി വിശേഷിപ്പിക്കപ്പെട്ടു. അടുത്തതായി പറങ്കിപ്പട നിലവിലെ ജേതാക്കളായ മഞ്ഞപ്പടയോട് ഏറ്റുമുട്ടുമ്പോള്‍ ‘ഒരു കുരുതി’ കാണാമെന്നും മാധ്യമങ്ങള്‍ അച്ചുനിരത്തി. മത്സരാനന്തരം, പ്രവചിക്കപ്പെട്ട കുരുതി തന്നെ നടന്നു. പക്ഷേ, കുരുതി കഴിക്കപ്പെട്ടത് നിലവിലെ ജേതാക്കളായിരുന്നുവെന്നു മാത്രം. അതാകട്ടെ ‘വിശേഷണങ്ങള്‍ക്കൊക്കെ അപ്പുറമായ’ പെലെ അടങ്ങിയ ബ്രസീല്‍, അതും ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് ബ്രസീലിന് അവരുടെ അതേ ശൈലിയില്‍ കളിച്ചുകൊണ്ട് തന്നെയാണ് യുസേബിയോ എന്ന കരിമ്പുലിയും കൂട്ടരും തറപറ്റിച്ചത്.
രാജ്യം, ജനത
ഐബീരിയന്‍ ഉപദ്വീപ് സമൂഹത്തില്‍ സ്പാനിഷ് മേഖലയിലെ ഒരു സ്വതന്ത്രരാഷ്ട്രമാണ് യൂറോപ്പിന്‍െറ തെക്ക്പടിഞ്ഞാറുമാറി സ്ഥിതിചെയുന്ന ഈ കൊച്ചുരാജ്യം. തലസ്ഥാനം ലിസ്ബണ്‍. ഭാഷ -പോര്‍ചുഗീസ്, പാര്‍ലമെന്‍റ് -ഡെമോക്രസി, പ്രസിഡന്‍റ് -അനിബല്‍ കാവകോ സില്‍വ, പ്രധാനമന്ത്രി- പെഡ്രോ പാസോസ് ക്യോലോ, വലുപ്പം -92,345 ചതുരശ്രകി.മീ., ജനസംഖ്യ -1,05,55,853: 2011 ജൂലൈയിലെ കണക്ക്. യൂറോപ്യന്‍ യൂനിയനില്‍ അംഗം. നാണയം -യൂറോ.
സാഹസികതക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ സമ്മാനിച്ചവരാണ് പോര്‍ചുഗീസുകാര്‍. യൂറോപ്പിനപ്പുറം ഒരു ലോകം നിലവിലില്ലെന്ന് സങ്കല്‍പിക്കപ്പെട്ടിരുന്ന കാലത്ത് പരിധികളില്ലാത്ത സമുദ്രത്തിനുമപ്പുറം തങ്ങളുടേത്പോലെ ഒരു കരയുണ്ടാവുകയില്ലേയെന്ന സംശയം തീര്‍ക്കാന്‍ അന്ന് നക്ഷത്രങ്ങളെ മാത്രം വഴികാട്ടികളാക്കിഅവരുടെ നാവികര്‍, അലകടലില്‍ വെറും പായ്ക്കപ്പലുകളില്‍ നടത്തിയ സഞ്ചാരം ഐതിഹാസികമായിരുന്നു. സാങ്കല്‍പിക പാതയിലൂടെ നടത്തിയ ദുരിതയാത്രക്കൊടുവില്‍, അതുവരെ യൂറോപ്പുമാത്രമായിരുന്നു ലോകമെന്ന ധാരണ സാഹസികരായ സമുദ്രസഞ്ചാരികളാല്‍ തിരുത്തിക്കുറിക്കപ്പെട്ടു. നക്ഷത്രങ്ങളെയും കാറ്റിനെയും മാത്രം വഴികാട്ടികളാക്കി വാസ്കോഡ ഗാമ 1498ല്‍ ഗുഡ്ഹോപ് മുനമ്പ് കടന്ന് ഇങ്ങ് കാപ്പാട് വരെ വന്നെത്തി.
ഭൂപടത്തില്‍ ഒരു മൊട്ടുസൂചിയുടെ വലുപ്പമുള്ള ഈ രാജ്യം ഭൂമിയുടെ പകുതിയിലധികം കൈവശം വെച്ചിരുന്ന അധിപന്മാരായിരുന്നു! പോര്‍ചുഗലിന്‍െറ 50ലധികം ഇരട്ടിവലുപ്പമുണ്ടായിരുന്ന ബ്രസീലിന്‍െറയും ഇന്ത്യയുടെയും ഉടമകളായിരുന്നു. 1961ല്‍ ഗോവ മോചിപ്പിക്കുംവരെ ഇന്ത്യയില്‍ അവരുടേതായിട്ടൊരു ഭാഗമുണ്ടായിരുന്നു. അതുപോലെ വന്‍കരയായ ചീനയുടെ ഭാഗമായ മക്കാവോ ദ്വീപ് സമൂഹങ്ങള്‍ 1989 വരെ, അതായത് പുത്തന്‍തലമുറയുടെ ഓര്‍മകള്‍വരെ പോര്‍ചുഗീസുകാരുടേതായിരുന്നു. ലാറ്റിനമേരിക്കയിലും, ആഫ്രിക്കയിലും, ഏഷ്യയിലുമായി 50 ഓളം ചെറുതും വലുതുമായ രാജ്യങ്ങളെയാണ്, പോര്‍ചുഗല്‍ കോളനിയായി വെച്ചനുഭവിച്ചിരുന്നത്.
ക്രിസ്തുവിന് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐബീരിയന്‍ അര്‍ധദ്വീപ് സമൂഹത്തിലെ ഈ മനോഹര തീരം കണ്ടെത്തിയത് ഉത്തരാഫ്രിക്കയിലെ സമുദ്രസഞ്ചാരികളായിരുന്ന ‘ഇമ്പീരിയന്‍’ വംശജരായിരിക്കണമെന്ന് അനുമാനിക്കപ്പെടുന്നു. ഇന്നത്തെ മൊറോക്കോ, ലിബിയ, അല്‍ജീരിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ പൂര്‍വ പിതാമഹന്മാരായിരുന്നു ആദ്യകാലങ്ങളില്‍ പോര്‍ചുഗലിന്‍െറ അധിപന്മാര്‍. ഇസ്ലാമിക ആചാരവും സംസ്കാരവും വാസ്തുശില്‍പശൈലിയുമായിരുന്നു അന്നവിടെ. എന്നാല്‍, റോമന്‍ സാമ്രാജ്യത്തിന്‍െറ ശ്രദ്ധ ഈ ഭാഗത്തേക്ക് എത്തിയതോടെ ‘റിക്വണ്‍ ക്വിസ്റ്റ’ കാലഘട്ടത്തില്‍ നടന്ന ഭീകരമായ കടന്നാക്രമണത്തില്‍ ഐബീരിയന്‍ പ്രവിശ്യ ഒന്നടങ്കം ഇസ്ലാം ഭരണാധികാരികള്‍ക്ക് റോമാ സാമ്രാജ്യത്തിന് സമര്‍പ്പിക്കേണ്ടി വന്നു.
868ല്‍ ആണ് പോര്‍ചുഗലിന്‍െറ ഇന്നത്തെ രൂപം നിലവില്‍ വരുന്നത്. തുടര്‍ന്ന് നിലനില്‍പ്പിന്വേണ്ടി നിരന്തരമായി പോര്‍ചുഗലിന് പോരാടേണ്ടിവന്നു. ലിയോണ്‍ സാമ്രാജ്യം അധികാരം പിടിച്ചടക്കിയെങ്കിലും 1139ല്‍ വീണ്ടും പോര്‍ചുഗീസ് സാമ്രാജ്യം നിലവില്‍വന്നു. തുടര്‍ന്ന് റോമന്‍ കത്തോലിക്ക സഭയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായ പോര്‍ചുഗല്‍, സാഹസികരായ സമുദ്രസഞ്ചാരികളുടെ നാടായി.
1349ല്‍ യൂറോപ്പിലാകമാനം കടന്നുപിടിച്ച പ്ളേഗും 1383-85 കാലത്തുണ്ടായ കൊടിയ വരള്‍ച്ചയും പട്ടിണിമരണങ്ങളും പോര്‍ചുഗലിന്‍െറ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നവിധമാക്കി. തുടര്‍ന്ന് പ്രഭുസഭയിലെ ചില അംഗങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളില്‍ ചിലര്‍ ചേര്‍ന്നുണ്ടാക്കിയ സൈനികസഖ്യം അല്‍ജുബറോട്ടയുദ്ധക്കളത്തില്‍വെച്ച് രാജഭരണം അട്ടിമറിച്ചു. തുടര്‍ന്നാണ് സമുദ്രസഞ്ചാരികള്‍ പോര്‍ചുഗലിനെ സമ്പല്‍സമൃദ്ധിയിലും, സൈനിക ശക്തിയിലും പ്രഥമസ്ഥാനത്തെത്തിച്ചത്.
അന്നത്തെ ഓര്‍മകള്‍ അയവിറക്കി, ഇന്ന് യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായി നിലനില്‍ക്കുന്ന പോര്‍ചുഗീസുകാര്‍ ദു$ഖിതരും നിരാശരുമാണ്. പഴയ സമ്പന്നമായ സാമ്പത്തിക വ്യവസ്ഥക്ക് പകരം തകര്‍ന്നടിഞ്ഞ ഒരു സാമ്പത്തിക ശാസ്ത്രത്തിന്‍െറ അവകാശികളാണിന്നവര്‍. ഇന്ന് പോര്‍ചുഗലിന്‍െറ പ്രധാനവരുമാന മാര്‍ഗം ടൂറിസവും വീഞ്ഞുല്‍പാദനവുമാണ്. പിന്നെ ഭൂമി അവര്‍ക്ക് മറ്റാര്‍ക്കും നല്‍കാത്തവിധമൊരു വരദാനവും നല്‍കി. ലോകത്ത് ഇന്നുല്‍പാദിപ്പിക്കുന്ന ‘കോര്‍ക്കുകളു’ടെ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുവായ കോര്‍ക്കുമരങ്ങളുടെ 95 ശതമാനവും പോര്‍ചുഗീസ് മണ്ണിലാണ്.ഫുട്ബാളിന്‍െറ പ്രചാരകരായിരുന്നു പോര്‍ചുഗീസ് സമുദ്രസഞ്ചാരികളും, സൈനികരും, നാവികരും. എവിടെപ്പോയാലും ഒരു തുകല്‍പ്പന്ത് അവര്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ് ബ്രസീലിലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമൊക്കെ കാല്‍പന്തുകളിയെത്തിയത്.
യൂറോകപ്പില്‍ പോര്‍ചുഗലിന്‍െറ ആറാമൂഴമാണിത്. 2004ല്‍ ആതിഥേയരായിരുന്നിട്ടും കലാശക്കളിയില്‍ ഒരേ ഒരു ഗോളിന് ഗ്രീസിനോട് പരാജയമേറ്റുവാങ്ങേണ്ടിവന്നു.
ഇത്തവണ നോര്‍വേയും ഡെന്മാര്‍ക്കും സൈപ്രസും അടങ്ങിയ ഗ്രൂപ്പില്‍ ഏറ്റവും മോശമായ പ്രകടനത്തോടെ രണ്ടാം സ്ഥാനത്തെത്തി. പ്ളേ ഓഫ് മത്സരങ്ങളില്‍ ആദ്യം ബോസ്നിയ-ഹെര്‍സഗോവിനയോട് തലവണങ്ങുകയും ഹോം മത്സരത്തില്‍ നാനിയുടെയും റൊണാള്‍ഡോയുടെയും മികവില്‍ രണ്ടിനെതിരെ ആറുഗോളുകള്‍ക്ക് മാനം കാത്ത് കരകയറി. പൗലോ ബന്‍േറാ എന്ന 42 കാരനാണ് അവരെ പരിശീലിപ്പിക്കുന്നത്. വിഖ്യാതനായ സ്കോളാരിയുടെ പിന്‍ഗാമിയായിട്ടെത്തിയിരിക്കുന്ന ഈ ചെറുപ്പക്കാരന്‍ പോര്‍ചുഗീസ് ലീഗ് മത്സരങ്ങളിലെ സൂപ്പര്‍സ്റ്റാറായിരുന്നു.
ഹോളണ്ടും ജര്‍മനിയും യോഗ്യതാ മത്സരങ്ങളില്‍ ഇവരുടെ കഥകഴിച്ച ഡെന്മാര്‍ക്കുമാണ് ഇത്തവണ പറങ്കികള്‍ക്കൊപ്പം. 4:4:2 ശൈലിയിലാണ് പൗലോബന്‍േറാ ടീമിനെ അണിനിരത്തുന്നത്. അതായത് പ്രതിരോധം കടുകട്ടിയായിരിക്കും.
ബെന്‍ഫിക്കയുടെ എഡ്വാര്‍ഡോയെ ഗോള്‍വല കാക്കാനേല്‍പിച്ചാണ്, വിശ്വസ്തരായ നാല് പേര്‍ക്ക് ബന്‍േറാ പ്രതിരോധത്തിന്‍െറ താക്കോല്‍ കൈമാറിയിരിക്കുന്നത്. സെന്‍റ് പീറ്റേഴ്സ് ബര്‍ഗിന്‍െറ ബ്രൂണോ ആല്‍വ്സ്, സ്പോര്‍ട്ടിങ് ലിസ്ബന്‍െറ യാവോ പെരീറ, റയല്‍ മഡ്രിഡിന്‍െറ സൂപ്പര്‍ താരങ്ങളായ പെപ്പേ, ഫാബിയോ കോന്‍േററോ എന്നിവര്‍. നിര്‍ഭാഗ്യമെന്നുപറയട്ടെ, വിഖ്യാതരായ ഈ നാലുപേരും കൂടി കെട്ടിപ്പടുത്ത പ്രതിരോധക്കോട്ട യൂറോ യോഗ്യതാ മത്സരങ്ങളില്‍ തകര്‍ന്നുവീണു. തീരേ അശക്തരായ സൈപ്രസിന്‍െറ ഫോര്‍വേഡുകള്‍ എണ്ണംപറഞ്ഞ നാലുഗോളുകളാണ് ഈ മഹാന്മാര്‍ക്ക് സമ്മാനിച്ചത്. (ഒടുവില്‍ അവസാനതുള്ളി വിയര്‍പ്പുമൊഴുക്കി റഫറിയുടെ ഒരു കൊച്ചു ഒത്താശയുടെ 90ാം മിനിറ്റില്‍ 4:4 സമനില വഴങ്ങി മാനംകാത്തു). മധ്യനിരയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്് ചെല്‍സിയുടെ റൗള്‍ മെയ്റെലസാണ്. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നിലവില്‍ 20 ദശലക്ഷം വിലപറയുന്ന പോര്‍ട്ടോയുടെ യാവോ മൊണ്ടനോ അസാധാരണ ഫോമിലാണ്. ഈ 23 കാരനാകും നാനിക്കും റൊണാള്‍ഡോക്കും ഗോളടിക്കാനായി പന്തെത്തിക്കുക. ഒപ്പമുള്ളത് ഹ്യൂഗോ അല്‍മേയ്ഡയും പീറ്റേഴ്സ്ബര്‍ഗിന്‍െറ ഡാനിയും. എന്നാല്‍, ഡാനിയെ ഗോളടിക്കാന്‍ ക്രിസ്റ്റ്യാനോക്കൊപ്പം വിട്ട് നാനിയെ മധ്യനിരയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. ഗോളടിക്കാനാരെ നിയോഗിക്കണമെന്നകാര്യത്തില്‍ കോച്ചിനോ, കാണികള്‍ക്കോ സംശയിക്കേണ്ട കാര്യവുമില്ല. ഒന്നാമന്‍, 2008ലെ ലോക ഫുട്ബാളറും റയല്‍ മഡ്രിഡിനുവേണ്ടി ഗോളടിച്ചുകൂട്ടി മുന്നേറുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ളപ്പോള്‍ പകരക്കാരനെ തിരയേണ്ടതില്ലല്ലോ. കടലാസില്‍ പെരുമയുള്ളവരാണിവരൊക്കെ. എന്നാല്‍, ഇവരൊക്കെയടങ്ങിയ സമ്പൂര്‍ണ ടീമായിരുന്നു യോഗ്യതാ മത്സരങ്ങളില്‍ ഊര്‍ധശ്വാസം വലിച്ചതെന്നും ഓര്‍ക്കുക.
സാധ്യത:- അവരുടെ ദിവസങ്ങളില്‍ ആരെയും വകവരുത്തുവാനുള്ള കഴിവും കരുത്തുമുള്ളവരുമാണ് കരിമ്പുലിയുടെ പിന്‍ഗാമികള്‍. എന്നാല്‍, ഇത്തവണ മത്സരം അത്ര അനായാസമാകില്ല. ജര്‍മനിയോട് അടുത്തനാളുകളില്‍ പോര്‍ചുഗലിന് പിടിച്ചു നില്‍ക്കാനായിട്ടില്ല. ഹോളണ്ടിന്‍െറ കടന്നുകയറ്റത്തിനു മുമ്പില്‍,പ്രതിരോധനിര പതറും. തന്ത്രശാലികളായ ആര്യന്‍ റോബനും വാന്‍പേഴ്സിയുമടങ്ങിയ ഹോളണ്ടിന്‍െറ മുന്നില്‍ ക്രിസ്റ്റ്യനോയുടെ കുട്ടികള്‍ പിടിച്ചുനില്‍ക്കാനാകാതെ പതറും. ഡെന്മാര്‍ക്കിനോട് ഏറിയാല്‍ ഒരു സമനിലക്കപ്പുറമെത്താനുള്ള സാധ്യത കാണുന്നില്ല. ചുരുക്കത്തില്‍ മുന്‍ വ്യാഘ്രങ്ങള്‍ പ്രഥമ റൗണ്ടില്‍തന്നെ സലാം പറഞ്ഞ് പിരിഞ്ഞേക്കും.ലോകത്ത് മറ്റേതൊരു കോണിലായിരുന്നുവെങ്കിലും കലാശക്കളിവരെ ചെന്നെത്താവുന്ന ഒരു ടീമാണ് ഇവിടെ ഒന്നാം റൗണ്ട് കടക്കാനാകാതെ വിഷമിക്കേണ്ടി വരിക. അതാണ് യൂറോപ്യന്‍ ഫുട്ബാളിന്‍െറ ശക്തിയും സൗന്ദര്യവും.ഗ്രൂപ് ‘ബി’ ടീമുകള്‍:
ഹോളണ്ട് , ഡെന്മാര്‍ക്, ജര്‍മനി, പോര്‍ചുഗല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍