തൊടുപുഴ: നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ മാതൃകയില്‍ തൊടുപുഴ നിയോജക മണ്ഡല സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. ഇതിന് 70 കോടിയുടെ ഭരണാനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ തൊടുപുഴ പട്ടണത്തിലെ റോഡുകളുടെ മാതൃകയില്‍ നിര്‍മിക്കും. തൊടുപുഴ-പാലാ റോഡ് പുനര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതായും ഇതിന്‍െറ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ-വെള്ളിയാമറ്റം-പൂച്ചപ്ര റോഡ് പുനര്‍ നിര്‍മിക്കാന്‍ 19 കോടി അനുവദിച്ചു. ഞറുക്കുറ്റി-വണ്ണപ്പുറം-ഒടിയപാറ റോഡിന് 15 കോടിയും കോലാനി-മാറിക റോഡിന് ഒമ്പത് കോടിയും ചെലവിടും. കുന്നം-പടിഞ്ഞാറെ കോടിക്കുളം-തെന്നത്തൂര്‍-കാളിയാര്‍ റോഡിന് 12 കോടിയുടെ ജോലികള്‍ക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയി. ഈ റോഡുകള്‍ കെ.എസ്.ടി.പി നിലവാരത്തില്‍ നിര്‍മിക്കും.
മറ്റ് പ്രധാന വാഹന സഞ്ചാരമുള്ള റോഡുകളും ഈ പദ്ധതിയില്‍ ഏറ്റെടുക്കും. തൊടുപുഴയാറിന് കുറുകെ മാരിയില്‍കടവ്, ചിറ്റൂര്‍ അങ്കംവെട്ടി, മലങ്കര എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും 15 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ-രാമമംഗലം റോഡ് പുനര്‍ നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കാന്‍ ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. തൊടുപുഴ-പാപ്പൂട്ടി ഹാള്‍-വെങ്ങല്ലൂര്‍ പാലം പുഴയോര ബൈപാസിന്‍െറ സ്ഥലമേറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷന്‍ നടത്തിയിട്ടുണ്ട്. ഇത് വേഗം പൂര്‍ത്തിയാക്കി നിര്‍മാണം നടത്തും. തൊടുപുഴ-ഊന്നുകല്‍ റോഡും തൊടുപുഴ-മൂലമറ്റം-പാറമട റോഡും റീ ടാറിങ് നടത്തും.
മലങ്കര റിസര്‍വിന് ചേര്‍ന്നുള്ള ഭൂമിയും ഐലന്‍ഡും ഉപയോഗപ്പെടുത്തി ടൂറിസം പ്രോജക്ട് നടപ്പാക്കും. ഇപ്പോള്‍ നിര്‍മാണം നടന്നുവരുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ടെന്‍ഡര്‍ ചെയ്യും. മൂന്നാംഘട്ട റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍