മൂന്നാര്‍: മൂന്നാറിലെ പാചക വാതക ഏജന്‍സി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് മൂലം ഉപഭോക്താക്കള്‍ വലയുന്നു. ദേവികുളം മുതല്‍ കാന്തല്ലൂര്‍ വരെ മേഖലയില്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാത്തതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
അഞ്ച് പഞ്ചായത്തുകളിലായി മുപ്പതിനായിരത്തോളം ഉപഭോക്താക്കളാണ് ഏജന്‍സിയുടെ തട്ടിപ്പ് മൂലം പാചക വാതകം ലഭിക്കാതെ വിഷമിക്കുന്നത്.
നാലുമാസമായിട്ടും ബുക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് സിലിണ്ടര്‍ നല്‍കാന്‍ വിമുഖത കാണിക്കുന്ന ഏജന്‍സി കരിഞ്ചന്തയില്‍ 650 രൂപ പ്രകാരം യഥേഷ്ടം സിലിണ്ടര്‍ വില്‍ക്കുകയാണ്. മൂന്നാര്‍, ദേവികുളം, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ പാചക വാതക വിതരണത്തിന് മൂന്നാര്‍ കേന്ദ്രീകരിച്ച് രണ്ട് ഏജന്‍സികളാണുണ്ടായിരുന്നത്. ഇതില്‍ ഒരു ഏജന്‍സി നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ താല്‍ക്കാലികമായി റദ്ദുചെയ്തു. ഇതോടെ മുഴുവന്‍ കണക്ഷനുകളും ലഭിച്ച ഏക ഏജന്‍സി സ്വീകരിച്ച നിലപാടാണ് ഉപഭോക്താക്കള്‍ക്ക് വിനയായിരിക്കുന്നത്.
ബുക് ചെയ്തവര്‍ സിലിണ്ടര്‍ ലഭിക്കാതെ മാസങ്ങളായി കാത്തിരിക്കുമ്പോള്‍ ടൗണിലും ഗ്രാമങ്ങളിലും വന്‍ വിലയ്ക്ക് സിലിണ്ടര്‍ ലഭ്യമാണ്.
ഏജന്‍സിയിലെ ചില ജീവനക്കാര്‍ ഇടനിലക്കാരില്‍നിന്നാണ് കരിഞ്ചന്തയിലെ വില്‍പ്പന നടത്തുന്നത്. വന്‍കിട റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും യഥേഷ്ടം സിലിണ്ടറുകള്‍ വില്‍ക്കുന്ന ഏജന്‍സിയുടെ നടപടി ആയിരക്കണക്കിന് ഗാര്‍ഹിക ഉപഭോക്താക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. മൂന്നാര്‍ ടൗണിലുള്ളവര്‍ വന്‍തുക മുടക്കിയാണെങ്കിലും സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ഉപഭോക്താക്കളാണ് ഏറെ വലയുന്നത്. അടിയന്തരമായി പാചകവാതക വിതരണം സുഗമമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍