അടിമാലി: ദേശീയപാതയിലൂടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ലൈന്‍ വലിക്കുന്നതിനിടെ കമ്പി കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്ക് ഗുരുതര പരിക്കേറ്റു.
കുഞ്ചിത്തണ്ണി തമ്പുരാന്‍തറയില്‍ വിനേഷ് കുമാര്‍ (32), ഭാര്യ ഊര്‍മിള (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ11 ന് അടിമാലിക്ക് സമീപം ഇരുട്ടുകാനം ഷാപ്പുംപടിയിലാണ് സംഭവം. അടിമാലിയില്‍ ഷോപ്പിങ് കഴിഞ്ഞ് തിരികെ കുഞ്ചിത്തണ്ണിക്ക് പോവുകയായിരുന്നു ദമ്പതികള്‍. വൈദ്യുതി പോസ്റ്റില്‍നിന്ന് കമ്പി താഴേക്ക് ഇടവേ, ബൈക്ക് ഓടിച്ചിരുന്ന വിനേഷ് കുമാറിന്‍െറ കഴുത്തില്‍ കുരുങ്ങി. നിയന്ത്രണം വിട്ട ഇവര്‍ റോഡില്‍ വീണു. ഉടന്‍ നാട്ടുകാരും ബോര്‍ഡ് ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വിനേഷ് കുമാറിന്‍െറ നട്ടെല്ലിന് പൊട്ടലേറ്റു. ഭാര്യ ഊര്‍മിളക്കും പരിക്കേറ്റു.
അലക്ഷ്യമായി വൈദ്യുതി ലൈന്‍ വലിച്ചതിനും കമ്പി റോഡിലേക്ക് എറിഞ്ഞതിനും ലൈന്മാനും രണ്ട് സഹായികള്‍ക്കുമെതിരെ കേസെടുത്തതായി എ.എസ്.ഐ ജോയി അബ്രഹാം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍