മൂന്നാര്‍: വന്‍കിട റിസോര്‍ട്ടുകളിലെ മാനസിക-ശാരീരിക പീഡനം മൂലം നൂറുകണക്കിന് തൊഴിലാളികള്‍ ദുരിതത്തില്‍.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതും അമിത ജോലി ഭാരവുമാണ് അന്യ സംസ്ഥാന തൊഴിലാളികളടക്കമുള്ളവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നത്.
മൂന്നാറിലും പരിസരങ്ങളിലുമായി 500 ഓളം വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നതെങ്കിലും തൊഴില്‍ വകുപ്പിന്‍െറ രേഖയില്‍ നാമമാത്ര തൊഴിലാളികള്‍ മാത്രമാണുള്ളത്.
അമിത ജോലി ഭാരവും മാനേജ്മെന്‍റിന്‍െറ പീഡനവും മൂലം നിരവധിയാളുകള്‍ സമ്മര്‍ദം താങ്ങാനാകാതെ ഒളിച്ചോടുന്നത് പതിവാണ്. ഒരുമാസം മുമ്പ് ഒരു പ്രമുഖ റിസോര്‍ട്ടിലെ ജീവനക്കാരന്‍ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലിക്കിടെ സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തതാണെന്ന് ആരോപണമുയര്‍ന്നെങ്കിലും എറണാകുളം സ്വദേശിയായ ഈ യുവാവ് മനോരോഗിയാണെന്ന് റിസോര്‍ട്ട് ഉടമ പ്രചരിപ്പിച്ചു. ഇത് സംബന്ധിച്ച അന്വേഷണം മരവിക്കുന്നതാണ് പിന്നീട് കണ്ടത്. സംഭവത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.
ഹോട്ടല്‍ തൊഴിലാളികളുടെ മരണത്തെത്തുടര്‍ന്ന് തൊഴില്‍ വകുപ്പ്, റിസോര്‍ട്ടുകളിലെ ജീവനക്കാരുടെ സൗകര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. ആരംഭത്തില്‍ കാര്യങ്ങള്‍ ഭംഗിയായിരുന്നെങ്കിലും പിന്നീട് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചു. വന്‍കിട റിസോര്‍ട്ടുകളിലെ റിസപ്ഷന്‍, ഹൗസ്കീപ്പിങ്, വെയ്റ്റര്‍ തസ്തികകളിലാണ് വന്‍തോതില്‍ ചൂഷണം നടക്കുന്നത്. പുലര്‍ച്ചെ നാലുമുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇവിടെയുണ്ട്. ജോലി സമയം എട്ടുമണിക്കൂറാണെന്ന് പറയുമെങ്കിലും റിസോര്‍ട്ടുകളിലെ തൊഴിലാളികള്‍ക്ക് ഇതൊന്നും ബാധകമല്ല.
തൊഴില്‍ വകുപ്പ് അധികൃതരെ കാണിക്കാന്‍ ജീവനക്കാരുടെ ഭക്ഷണ ക്രമത്തിന്‍െറ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെങ്കിലും നടപ്പാക്കാറില്ല. ആഴ്ചയില്‍ രണ്ട് ദിവസം കോഴിയിറച്ചിയും ബീഫും നല്‍കാറുണ്ടെന്നാണ് ബോര്‍ഡ്. എന്നാല്‍, മിക്ക ദിവസവും ചോറും സാമ്പാറും മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിക്കാറുള്ളത്. ഇടുങ്ങിയ മുറികളില്‍ നിരവധി പേര്‍ ഒരുമിച്ച് കിടക്കുന്നിടത്തും അസൗകര്യങ്ങള്‍ ഏറെയാണ്. രാപകലില്ലാതെ ജോലി ചെയ്യുന്നവരുടെ വേതനം മാസം 4000 മുതല്‍ 5500 രൂപ വരെ മാത്രമാണുതാനും.
അവശ്യ കാര്യങ്ങള്‍ക്ക് പോലും അവധി നിഷേധിക്കുന്നതും പലരിലും കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നുണ്ട്.
തൊഴില്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ എണ്ണവും അവര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളുടെ വിവരവും തൊഴില്‍ വകുപ്പ് അധികൃതര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
എന്നാല്‍, 10 ശതമാനം തൊഴിലാളികളുടെ വിവരം പോലും റിസോര്‍ട്ട് ഉടമകള്‍ അധികൃതര്‍ക്ക് നല്‍കാറില്ല.
റിപ്പോര്‍ട്ട് ഒത്തുനോക്കാന്‍ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധന നടത്താറില്ല. റിസോര്‍ട്ട് ഉടമകളും ഹോട്ടലുകാരും ഒറ്റക്കും കൂട്ടായും വന്‍ തുകയാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറുള്ളത്.
ഇതിന് പ്രത്യുപകാരമായി തൊഴിലാളി പീഡനങ്ങള്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണ് പതിവ്.
അന്യസംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിനാളുകളെ ദുരിതത്തിലാക്കുന്ന ചൂഷണത്തിനെതിരെ പരിശോധനയും കര്‍ശന നടപടിയും വേണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍