അബൂദബി: യു.എ.ഇയില്‍ വിദേശികളുടെ റസിഡന്‍സ് വിസക്ക് നാട്ടില്‍ വൈദ്യപരിശോധന നടത്തുന്ന സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് നടപ്പാക്കിയ സംവിധാനം വന്‍ വിജയമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്. ഇതിനു പുറമെ, ഇത്തരം പരിശോധനാ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ സംവിധാനവും നടപ്പാക്കും.
വിദേശികളുടെ വൈദ്യപരിശോധന നാട്ടില്‍ നടത്താനുള്ള തീരുമാനത്തിന്‍െറ ഫലമായി, വിവിധ സാംക്രമിക രോഗങ്ങളുള്ളവര്‍ ഇവിടെ എത്തുന്നത് ഗണ്യമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ നയങ്ങള്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിലെ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് ഫിക്രി പറഞ്ഞു. പ്രത്യേകിച്ച് ട്യൂബര്‍കുലോസിസ് പോലുള്ള രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം 50 ശതമാനം കുറഞ്ഞു. ഇങ്ങനെയുള്ള പല രോഗങ്ങളും ബാധിച്ചവരെ അതാത് രാജ്യത്തെ പരിശോധനയില്‍ തന്നെ കണ്ടെത്തുന്നതിനാല്‍ അവര്‍ ഇവിടേക്ക് വരുന്നതും ഇവിടെ വെച്ച് പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങുന്നതും ഒഴിവാകുന്നു. രോഗങ്ങള്‍ ബാധിച്ചവര്‍ യു.എ.ഇയില്‍ എത്തുന്നത് തടയാം എന്നതിനൊപ്പം, നാട്ടില്‍നിന്ന് പണം കടം വാങ്ങിയും മറ്റും ഇവിടെ വന്ന ശേഷം മടങ്ങുന്ന സാഹചര്യം പലര്‍ക്കും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
2011 ഒക്ടോബര്‍ ഒന്നിനാണ് ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഈ സംവിധാനം നടപ്പാക്കിയത്. ആറു മാസത്തെ നിരീക്ഷണത്തില്‍ ഇത് വിജയിച്ചതായി വ്യക്തമായി. അതിനാല്‍ ഉടന്‍ മറ്റു ചില രാജ്യങ്ങളിലുള്ളവര്‍ക്കും നടപ്പാക്കും. രണ്ടാം ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുമോ എന്ന് വ്യക്തമായിട്ടില്ല.
വിവിധ രാജ്യങ്ങളില്‍ പരിശോധന നടത്തുന്ന കേന്ദ്രങ്ങളുമായി എപ്പോഴും ബന്ധപ്പെടാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും. യു.എ.ഇ ആരോഗ്യ മന്ത്രാലയം, സൗദി റിയാദിലെ എക്സിക്യൂട്ടീവ് ഓഫിസ് എന്നിവയെയും നാട്ടിലെ കേന്ദ്രങ്ങളെയുമാണ് ബന്ധിപ്പിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍