അബൂദബി: ഭക്ഷ്യ വസ്തുക്കളിലെ വികിരണം കണ്ടുപിടിക്കാന്‍ നൂതന പരിശോധനാ സംവിധാനം വരുന്നു. ഇതിനു വേണ്ടി അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ലബോറട്ടറി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
ഭക്ഷ്യ വസ്തുക്കളില്‍ അടങ്ങിയ അതിസൂക്ഷ്മാണുക്കളെ നശിപ്പിച്ച്, ഭക്ഷ്യ വസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കാന്‍ എക്സ്-റേക്ക് വിധേയമാക്കാറുണ്ട്. ഉയര്‍ന്ന ശേഷിയുള്ള ഇലക്ട്രോണ്‍, ഗാമ രശ്മികളാണ് ഇങ്ങനെ കടത്തിവിടുന്നത്. ബാക്ടീരിയകള്‍ പെരുകുന്നത് തടയാനും ഇതിലൂടെ സാധിക്കും.
ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ കവറിന് പുറത്ത് ഈ വിവരം രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍, മിക്ക ഉല്‍പന്നങ്ങളുടെയും കാര്യത്തില്‍ ഇതുണ്ടാകാറില്ല. ജനങ്ങള്‍ ഇവ വാങ്ങാന്‍ മടികാണിക്കുമെന്നതാണ് കാരണം.
ചില രാജ്യങ്ങളില്‍ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ കവറിന് പുറത്ത് ഈ വിവരം രേഖപ്പെടുത്തണമെന്ന നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍, മറ്റു ചില രാജ്യങ്ങളില്‍ ഈ വ്യവസ്ഥയില്ല. യു.എ.ഇയില്‍ 90 ശതമാനം ഭക്ഷ്യ വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. സമീപ ഭാവിയില്‍ ചൈനയും വിയറ്റ്നാമും കൂടുതല്‍ ഭക്ഷ്യ വസ്തുക്കളില്‍ വികിരണം നടത്താന്‍ സാധ്യതയുണ്ട്. ഇതിന്‍െറ ഫലമായി യു.എ.ഇയിലെത്തുന്ന ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ അളവ് വര്‍ധിക്കും. എന്നാല്‍, ഇത് കണ്ടുപിടിക്കാന്‍ ഇതുവരെ വ്യക്തമായ പ്രായോഗിക സംവിധാനമില്ലായിരുന്നു.
ഈ സാഹചര്യത്തിലാണ് ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിക്ക് കീഴില്‍ പുതിയ ലബോറട്ടറി തുടങ്ങുന്നത്. ഇതിന്‍െറ പ്രവര്‍ത്തനം അടുത്ത മാസം തന്നെയുണ്ടാകുമെന്നറിയുന്നു. ഏതു തരം ഭക്ഷ്യ വസ്തുവും വികിരണമുള്ളതാണോ, അല്ലയോ എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി റേഡിയേഷന്‍ വിഭാഗം മേധാവി ഡോ. മബ്റൂക് അല്ലാഗി പറഞ്ഞു. സുഗന്ധ വ്യഞ്ജനങ്ങള്‍, നൂഡില്‍സ് തുടങ്ങിയ ഇനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക. സെപ്റ്റംബറില്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധന തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍