ചുട്ടുപൊള്ളി സീബ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍; സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധചൂടില്‍ രക്ഷിതാക്കള്‍

മസ്കത്ത്: അന്തരീക്ഷ താപനില 40 ഡിഗ്രി സെന്‍റി ഗ്രേഡിന് മുകളില്‍ രേഖപ്പെടുത്തുന്ന കനത്ത വേനലില്‍ സീബ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ കടുത്ത ‘പരീക്ഷ’ നേരിടുകയാണ്. ചുട്ടുപൊള്ളുന്ന ക്ളാസില്‍ എയര്‍കണ്ടീഷന്‍ ഇല്ലാതെ എങ്ങനെ എത്രനേരമിരിക്കാന്‍ കഴിയുമെന്ന കുട്ടികളുടെ ശാരീരിക ക്ഷമത പരീക്ഷിക്കുകയാണത്രെ ഇവിടുത്തെ സ്കൂള്‍ മാനേജ്മെന്‍റ്. 75 ക്ളാസ് മുറികളുള്ള ഇവിടുത്തെ 26 ക്ളാസ്മുറികളില്‍ എ.സി. പ്രവര്‍ത്തിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് സഹിക്കാന്‍ വയ്യാതെ കഴിഞ്ഞദിവസം കുട്ടികളില്‍ ചിലര്‍ക്ക് ശാരീരകാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
വാട്ടര്‍കൂളറിലെ വെള്ളം ദേഹത്തൊഴിച്ചും ഐസ് കട്ടകള്‍ തുണിയില്‍ പൊതിട്ടുമാണത്രെ വിദ്യാര്‍ഥികളില്‍ ചിലര്‍ ചൂടിനെ നേരിട്ടിരുന്നതത്രെ. രക്ഷിതാക്കള്‍ ഓരോ ക്ളാസിലെയും എ.സി. നന്നാക്കിയിട്ടില്ലെന്ന് പറയുമ്പോള്‍ അത് കഴിഞ്ഞദിവസം നന്നാക്കിയല്ലോ എന്നാണത്രെ സ്കൂള്‍ അധികൃതര്‍ മറുപടി നല്‍കിയിരുന്നത്. പക്ഷെ, പരാതികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കളുടെ സംഘം നേരിട്ട് സ്കൂളിലെ ക്ളാസ് മുറികള്‍ കയറിയിറങ്ങി പരിശോധിച്ചപ്പോഴാണ് 26 ക്ളാസ്മുറികളില്‍ എ.സി. പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായത്. ‘രണ്ട് സ്പ്ളിറ്റ് എ.സി.കളാണ് ഓരോ ക്ളാസിലുമുള്ളത്, ഒമ്പത് ബി, ഒമ്പത് സി, കെ.ജി വണ്‍ എ, കെ.ജി. വണ്‍ ബി ക്ളാസുകളില്‍ ഒറ്റ എ.സി. പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ കണ്ടെത്തിയതായി രക്ഷിതാക്കളില്‍ ഒരാളായ സാലിഹ് തച്ചര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു.
ഇക്കാര്യം ചൂണിക്കാട്ടി 20ഓളം രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നു. സ്കൂളിലെ എ.സി. മെയിന്‍റനന്‍സ് ജോലികള്‍ ഒരു കമ്പനിക്ക് ദീര്‍ഘകാല കരാര്‍ നല്‍കിയിരിക്കുകയാണ്. ഈ കമ്പനി എന്തുകൊണ്ട് കരാര്‍ പാലിക്കുന്നില്ലെന്ന് അന്വേഷിക്കാന്‍ ഇതുവരെ സ്കൂള്‍ തയാറായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു. കരാര്‍ സംബന്ധിച്ച് ചില സംശയങ്ങളും രക്ഷിതാക്കള്‍ ഉന്നയിച്ചു.
സ്കൂളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന കമ്പനി ചില ക്ളാസുകളില്‍ തങ്ങളോട് ആലോചിക്കാതെ അറ്റകുറ്റപണി നടത്തിയതുമായി ബന്ധപ്പെട്ട് മെയിന്‍റനന്‍സ് കരാര്‍ ഏറ്റെടുത്ത കമ്പനിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇത് രമ്യമമായി പരിഹരിച്ചെങ്കിലും ഇപ്പോഴും എ.സി. അറ്റകുറ്റപണി നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്തായാലും കുട്ടികളുടെ ആരോഗ്യം പന്താടാന്‍ തങ്ങള്‍ക്കാവില്ലെന്ന ശക്തമായ നിലപാടിലാണ് രക്ഷിതാക്കള്‍. ശനിയാഴ്ച പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തെയും റോയല്‍ ഒമാന്‍ പൊലീസിനെയും സമീപിക്കാനാണ് ഇവരുടെ തീരുമാനം.
കേടായ മുഴുവന്‍ എ.സി.കളും കഴിഞ്ഞദിവസം അറ്റകുറ്റപണി നടത്തിയിട്ടുണ്ടെന്നാണ് ഇതേകുറിച്ച് സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus