ദോഹ: രാജ്യത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സൗകര്യം കണക്കിലെടുത്ത് ഇന്ത്യന്‍ സ്കൂളുകള്‍ പ്രവൃത്തിസമയത്തില്‍ താല്‍ക്കാലിക മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. ക്ളാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിലവിലുള്ളതിനേക്കാള്‍ അരമണിക്കൂറോളം നേരത്തെയാക്കാനാണ് തീരുമാനമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത ചൂട് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്കൂളുകളുടെ പ്രവൃത്തിസമയത്തില്‍ സൗകര്യപ്രദമായ മാറ്റം വേണമെന്ന് രക്ഷിതാക്കള്‍ക്കിടയില്‍ നിന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു.
മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് പല സ്കൂളുകളും പ്രവൃത്തിസമയം താല്‍ക്കാലികമായി മാറ്റിയിരുന്നു. സമയമാറ്റം ജൂണ്‍ അവസാനം വേനലവധിക്കായി സ്കൂള്‍ അടക്കുന്നതുവരെ തുടരും. സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ പ്രത്യേക നിര്‍ദേശമൊന്നുമില്ലാതെ തന്നെയാണ് സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് സമയത്തില്‍ മാറ്റം വരുത്തുന്നത്.
ബിര്‍ള പബ്ളിക് സ്കൂളില്‍ സമയമാറ്റം ഈ മാസം 20ന് പ്രാബല്യത്തില്‍ വരും. രാവിലെ 6.45 മുതല്‍ ഉച്ചക്ക് 1.15 വരെയായിരിക്കും പുതിയ പ്രവൃത്തിസമയമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ ജൂണ്‍ ആദ്യവാരം മുതലാണ് പുതിയ പ്രവൃത്തിസമയം. ക്ളാസുകള്‍ രാവിലെ 6.45ന് തുടങ്ങി ഉച്ചക്ക് 1.15ന് അവസാനിക്കുമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മായില്‍ അറിയിച്ചു. സമയമാറ്റം പരിഗണനയിലുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ലീലാമ്മ ജോസഫ് പറഞ്ഞു. ക്ളാസുകള്‍ അരമണിക്കൂര്‍ നേരത്തെ തുടങ്ങി അരമണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭവന്‍സ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. മനുലാല്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍