12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

ഈ പറക്കും തൊഴുത്ത് വൃത്തിയാക്കാനാരുണ്ട്?

ഈ പറക്കും തൊഴുത്ത് വൃത്തിയാക്കാനാരുണ്ട്?

നേരത്തേതന്നെ രാജ്യത്തിന്‍െറ പൊതുഖജനാവിന് ദുര്‍വഹമായ ഭാരവും കെടുകാര്യസ്ഥതക്ക് മകുടോദാഹരണവുമായിത്തീര്‍ന്ന എയര്‍ഇന്ത്യ, പൈലറ്റുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രമോഷന്‍ വ്യവസ്ഥകളുടെ പരിഷ്കരണവും ബോയിങ് 787 ഡ്രീംലൈനറിലെ പരിശീലനത്തിനുള്ള കുത്തകാവകാശവും ആവശ്യപ്പെട്ട് എന്‍.സി.പി പിന്തുണയുള്ള ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് ആരംഭിച്ച പണിമുടക്ക് അനിശ്ചിതമായി നീളുമ്പോള്‍ വ്യോമയാന മേഖലയിലെ ഈ പൊതുസ്ഥാപനം പ്രതിദിനം എട്ടുകോടി നഷ്ടമാണ് വരുത്തിവെക്കുന്നത്. പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച ദല്‍ഹി ഹൈകോടതി ഉത്തരവ് അവഗണിച്ചുകൊണ്ട് സമരം തുടരുന്ന പൈലറ്റുമാരുടെ യൂനിയന്‍െറ നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കോടതി അത് തള്ളി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ചര്‍ച്ചക്ക് തയാറാണെന്ന് പൈലറ്റ്സ് ഗില്‍ഡും സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയാവാമെന്ന് മന്ത്രി അജിത് സിങ്ങും പറയുന്നു. ഗില്‍ഡിന്‍െറ അംഗീകാരം റദ്ദാക്കി പണിമുടക്കിയ 44 പൈലറ്റുമാരെ ഇതിനകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ഓരോ ദിവസവും കൂടുതല്‍ പൈലറ്റുമാര്‍ സമരരംഗത്തേക്ക് വരുകയാണ്. ഇപ്പോള്‍തന്നെ മാര്‍ക്കറ്റ്ഷെയര്‍ 17 ശതമാനം മാത്രമായ എയര്‍ഇന്ത്യയെ ഇനിയും വെട്ടിച്ചുരുക്കലിന് വിധേയമാക്കുമെന്ന ഭീഷണിയും വ്യോമയാന മന്ത്രി മുഴക്കിയിട്ടുണ്ട്. ഫൈ്ളറ്റുകളുടെ എണ്ണം കുറച്ച് കിങ്ഫിഷര്‍ സ്ഥിതി മെച്ചപ്പെടുത്തിയതായി അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു.
വ്യോമഗതാഗതം റോഡ് ഗതാഗതവും റെയില്‍വേയുംപോലെ ഒരവശ്യസര്‍വീസായിത്തീര്‍ന്ന കാലഘട്ടമാണിത്. ഇന്നത് സമ്പന്നരുടെയും മന്ത്രിമാരുടെയുമൊക്കെ ആഡംബരമല്ല. പണിമുടക്കുമൂലം സര്‍വീസ് റദ്ദാക്കിയതിനാല്‍ നിരവധി യാത്രക്കാരാണ് വലയുന്നത്. ഇപ്പോള്‍ ഗള്‍ഫ് സര്‍വീസുകളെയും പണിമുടക്ക് ബാധിച്ച് തുടങ്ങിയിരിക്കുന്നു. ഒരുവശത്ത് ഭീമമായ നഷ്ടം വരുത്തിവെക്കുകയും മറുഭാഗത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന എയര്‍ഇന്ത്യ എല്ലാ അര്‍ഥത്തിലും ഒരു വെള്ളാനയായി മാറിയിട്ട് കാലം കുറേയായി. രാജ്യത്തേറ്റവും ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ വര്‍ഗത്തിലാണ് പൈലറ്റുമാരെങ്കിലും നിത്യേന പുതിയ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാറിനെയും ജനങ്ങളെയും നിസ്സഹായതയുടെ കുന്തമുനയില്‍ നിര്‍ത്തുക അവരുടെ വിനോദപരിപാടിയായി മാറിയിരിക്കുന്നു. എന്നാല്‍, ഇത് മാത്രമല്ല എയര്‍ഇന്ത്യ നേരിടുന്ന പ്രതിസന്ധി. ആരോടും ഒരു ഉത്തരവാദിത്തവുമില്ലാത്ത ഈ സ്ഥാപനം ദുര്‍ഭരണത്തിലും സ്വജനപക്ഷപാതത്തിലും കൃത്യവിലോപത്തിലുമാണ് പേരെടുത്തിരിക്കുന്നത്. തന്മൂലം പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അടുത്തിടെയാണ് സര്‍ക്കാര്‍ 30,000 കോടി പൊതുഖജനാവില്‍നിന്ന് ചോര്‍ത്തിക്കൊടുത്ത് പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്. എന്നിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. 2011-12 വര്‍ഷത്തില്‍ 7853 കോടിയായിരുന്നു നഷ്ടം. 175 ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യക്ക് രണ്ടേ രണ്ടു റൂട്ടുകളില്‍ മാത്രമേ പൂര്‍ണമായ ലാഭമുണ്ടാക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വകുപ്പുമന്ത്രി പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തിയത്. കൊല്‍ക്കത്ത-യാംഗോന്‍, കൊല്‍ക്കത്ത-കാഠ്മണ്ഡു റൂട്ടുകളാണവ. എട്ട് സര്‍വീസുകളില്‍നിന്ന് എണ്ണക്കാശ് പോലും കിട്ടുന്നില്ല! ലാഭമുണ്ടാക്കുന്ന റൂട്ടുകളില്‍ കോഴിക്കോട്-ഷാര്‍ജയും ഉള്‍പ്പെടുന്നു. അതേയവസരത്തില്‍ ദല്‍ഹി-ടൊറണ്ടോ, അഹ്മദാബാദ്-ലണ്ടന്‍, അമൃത്സര്‍-ലണ്ടന്‍, ചെന്നൈ-പാരിസ്, കൊല്‍ക്കത്ത-ലണ്ടന്‍, മുംബൈ-ഫ്രാങ്ക്ഫര്‍ട്ട്, മുംബൈ-റിയാദ്, മുംബൈ-ഹോങ്കോങ്, അഹ്മദാബാദ്-ന്യൂയോര്‍ക്, ദല്‍ഹി-സിംഗപ്പൂര്‍ എന്നീ റൂട്ടുകള്‍ പരമാവധി നഷ്ടമുണ്ടാക്കുന്നതിലാണ് മത്സരിക്കുന്നത്. കേവലം മിഥ്യാഭിമാനത്തിന്‍െറ പേരിലാണ് ഈ അന്തര്‍ദേശീയ റൂട്ടുകളിലത്രയും എയര്‍ഇന്ത്യ പറക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവും. കനത്ത നഷ്ടം നികത്തേണ്ട ഭാരം പാവം ഗള്‍ഫ് യാത്രക്കാരുടെമേല്‍ കെട്ടിയേല്‍പിക്കുകയാണ്. ഒന്നാന്തരം എയര്‍ലൈന്‍സുകള്‍ മത്സരിക്കുന്ന ഈ റൂട്ടുകളില്‍നിന്നെല്ലാം പിന്മാറി താരതമ്യേന ലാഭമുണ്ടാക്കുന്നതോ നഷ്ടം കുറഞ്ഞതോ ആയ റൂട്ടുകളില്‍ മാത്രമേ എയര്‍ഇന്ത്യ സര്‍വീസ് നടത്തൂ എന്ന് തീരുമാനിച്ചാല്‍തന്നെ ഒരുവിധം രക്ഷപ്പെടും.
പക്ഷേ, അതുമാത്രം പോര. രണ്ട് പൊതുമേഖലാ വ്യോമയാന സ്ഥാപനങ്ങളായിരുന്ന എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ച് ഒന്നാക്കിയതോടെ ആരംഭിച്ച തൊഴുത്തില്‍കുത്തും മൂപ്പിളമ തര്‍ക്കവും സ്ഥിതിഗതികളെ പൂര്‍വാധികം വഷളാക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ ഒരുവിഭാഗം പൈലറ്റുമാരുടെ സമരത്തിനുതന്നെ ഒരു കാരണം ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ പൈലറ്റുമാരെ ബോയിങ് 787ലെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തരുത് എന്ന ശാഠ്യമാണ്. ഇമ്മാതിരി തൊഴുത്തില്‍കുത്ത് അവസാനിപ്പിക്കാനും സിവില്‍ വ്യോമഗതാഗത വകുപ്പ് തന്‍േറടത്തോടെ ഭരിക്കാനും കഴിയുന്ന ഒരുത്തനെയല്ല ബന്ധപ്പെട്ട മന്ത്രാലയത്തില്‍ കുടിയിരുത്താറ് എന്നതാണ് സ്ഥിരമായ പ്രശ്നം. പകരം, അമ്പലംവിഴുങ്ങികളെ വകുപ്പ് ഏല്‍പിച്ചുകൊടുക്കുന്നു. അതിലൊരുവനായ പ്രഫുല്‍ പട്ടേല്‍ വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ 16,000 കോടിയുടെ കുംഭകോണാരോപണത്തെതുടര്‍ന്ന് രാജിവെക്കേണ്ടിവന്നത് സമീപകാലത്താണ്. മന്ത്രിമാര്‍ ഈ തരക്കാരാണെങ്കില്‍ ഉദ്യോഗസ്ഥര്‍ ഏതുതരക്കാരായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്താലും ലക്ഷങ്ങളുടെ വേതനത്തില്‍ ‘ഉപദേഷ്ടാവ്’ പദവിയില്‍ പുനരധിവസിപ്പിക്കപ്പെടുകയാണത്രേ ചെയ്യുന്നത്. അപ്രകാരം നിയമിതരായ ശതക്കണക്കില്‍ ഉപദേഷ്ടാക്കാള്‍ ഉപദേശിച്ച് ഉപദേശിച്ച് മഹാരാജാവിനെ കുത്തുപാളയെടുപ്പിച്ചു. സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുന്നതും സാധാരണ സംഭവമാണ്. എത്രകാലം ഈ തോന്നിയവാസം രാജ്യം സഹിക്കണമെന്നതാണ് ചോദ്യം. പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും അതിശക്തമായി ഇടപെട്ട് ഈ പറക്കും തൊഴുത്ത് വൃത്തിയാക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കേണ്ടകാലം എന്നേ അതിക്രമിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com