Fri, 05/11/2012 - 18:42 ( 1 year 1 weekago)
സന്തോഷ് ട്രോഫിയില്‍ കളിക്കരുത്; സെവന്‍സില്‍ ആവാം
(+)(-) Font Size

കോട്ടയം: ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഫുട്ബാള്‍ ഭരണക്കാര്‍ സ്വകാര്യ സംരംഭകരുടെ നേതൃത്വത്തില്‍ നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത് വിവാദത്തില്‍. ഐ ലീഗ് കളിക്കുന്ന താരങ്ങള്‍ ഫുട്ബാള്‍ ഫെഡറേഷന്റെ വിലക്കുപ്രകാരം സന്തോഷ് ട്രോഫിയില്‍നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് അതേസമയത്തുതന്നെ നടക്കുന്ന സെവന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ബൂട്ട് കെട്ടാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.പ്രധാന കളിക്കാര്‍ പരിക്കിന്റെ പിടിയില്‍പെടാതിരിക്കുന്നതിനും മത്സരാധിക്യത്താല്‍ ക്ഷീണിക്കാതിരിക്കുന്നതിനുമാണ് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രാദേശിക മത്സരങ്ങളില്‍നിന്ന് അവരെ വിലക്കിയത്. ഒരു വര്‍ഷം നിശ്ചിത മത്സരത്തില്‍ കൂടുതല്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യമിട്ടത്. ഇക്കാരണത്താല്‍ ഐലീഗ് കളിക്കുന്ന താരങ്ങളൊന്നും ഇത്തവണ സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കുന്നില്ല. ഈ ക്ളബുകളുടെ വിദേശ കളിക്കാര്‍ക്കുപോലും പ്രാദേശിക മത്സര വിലക്കുണ്ട്. അതുപ്രകാരം മോഹന്‍ബഗാന്‍ നിരയിലുള്ള വിദേശ കളിക്കാരന് കൊല്‍ക്കത്ത ലീഗ് കളിക്കാന്‍പോലും കഴിയില്ല.ഈ വിലക്ക് നിലനില്‍ക്കെയാണ് കെ.എഫ്.എയുടെ പ്രത്യേക ഇടപെടലില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ സെവന്‍സ് കളിക്കാനൊരുങ്ങുന്നത്. കേരള ഫുട്ബാള്‍ അസോസിയേഷന്റെ താല്‍പര്യപ്രകാരം അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ അനുമതി നേടിയെടുത്ത് മേയ് 15 മുതല്‍ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സൂപ്പര്‍ താരങ്ങള്‍ ബൂട്ടണിയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മാതൃകയില്‍ 'സോക്കര്‍ അല' എന്ന പേരില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഐ.പി.എല്ലിലെ പോലെ എട്ടു ടീമിനും ഓരോ ഐകണ്‍ താരമുണ്ടാവും. ഈ ഐകണ്‍ താരങ്ങള്‍ക്കായി ഇന്ത്യയിലെ പൊന്നുവിലയുള്ള കളിക്കാരുടെ ലേലം ബുധനാഴ്ച കോഴിക്കോട്ടാണു നടന്നത്.ഇന്ത്യന്‍ ഫുട്ബാളിലെ ഏറ്റവും വിലകൂടിയ താരം ഒഡാഫെ ഒക്കോലി, സുനില്‍ ഛേത്രി, മലയാളികളായ എന്‍.പി പ്രദീപ്, മുഹമ്മദ് റാഫി, എം.പി സക്കീര്‍, സി.എസ്. സബീത്ത്, അജയന്‍, ധനരാജ്, ഐവറി കോസ്റ്റ് താരം ചിമേസി അക്കത്തക്കു, പ്രിന്‍സ് മണ്ടെ തുടങ്ങിയവരെയാണ് ടീമുകള്‍ ലേലംകൊണ്ടിരിക്കുന്നത്.സുരക്ഷ പറഞ്ഞ് സന്തോഷ് ട്രോഫിയില്‍പോലും വിലക്ക് കല്‍പ്പിച്ചിരിക്കെയാണ് പരിക്കിന് ഏറ്റവും സാധ്യതയുള്ള സെവന്‍സ് കളിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അണ്ടര്‍ 23 ടീമംഗങ്ങളെ സന്തോഷ് ട്രോഫി കളിക്കാന്‍ അനുവദിക്കണമെന്ന് ഗോവ പോലുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഖിലേന്ത്യാ ഫെഡറേഷന്‍ വഴങ്ങിയിരുന്നില്ല.കെ.എഫ്.എ എക്സിക്യൂട്ടിവ് ചേരാതെ പ്രസിഡന്റ് ഒറ്റക്കാണ് സോക്കര്‍ അലക്ക് അനുമതി നല്‍കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ എക്സിക്യൂട്ടിവ് ചേരാതെ തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ഇതുപോലൊരു സുപ്രധാന വിഷയത്തില്‍ ഏകപക്ഷീയ തീരുമാനമുണ്ടായതാണ് ഒരു വിഭാഗം ചോദ്യംചെയ്യുന്നത്. ചാരിറ്റി മത്സരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സൂപ്പര്‍താരം ഐ.എം വിജയനെതിരെ നടപടിക്കൊരുങ്ങിയ കെ.എഫ്.എ ഇപ്പോള്‍ സെവന്‍സ് ടൂര്‍ണമെന്റിന്റെ വിജയത്തിനു രംഗത്തിറങ്ങുന്നതിനെയും അവര്‍ സംശയത്തോടെയാണ് കാണുന്നത്. കെ.എഫ്.എ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സെവന്‍സ് ടൂര്‍ണമെന്റാണ് സോക്കര്‍ അല. വന്‍കിട സ്വകാര്യ സംരംഭകരാണ് ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായി രംഗത്തുള്ളത്്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus