പത്തിരിപ്പാല: കയറ്റിറക്ക് പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സഹായിച്ചില്ലെന്ന് ആരോപിച്ച് മങ്കര ചന്ദനപ്പുറം യൂനിറ്റ് സെക്രട്ടറിയടക്കം 21 ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ ചേര്‍ന്നു.
ചന്ദനപ്പുറത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ ഉടമസ്ഥതയിലുള്ള ചെറുകിട സിമന്‍റ് കല്ല് നിര്‍മാണ കമ്പനിയിലെ കയറ്റിറക്ക് തര്‍ക്കത്തില്‍ ഡി.സി.സി അംഗത്തിന്‍െറ നേതൃത്വത്തില്‍ ഐ.എന്‍.ടി.യു.സി തൊഴിലാളികളും രംഗത്തിറങ്ങിയതോടെയാണ് പ്രശ്നം തുടങ്ങിയത്. കമ്പനി ഉടമ കയറ്റിറക്കിന് രണ്ട് പേര്‍ക്ക് ലേബര്‍ കാര്‍ഡും സംരക്ഷണത്തിന് കോടതി വിധിയും സമ്പാദിച്ചിരുന്നു. സിമന്‍റ് കല്ല് കയറ്റി പോകാനൊരുങ്ങിയ ലോറി ഡി.സി.സി അംഗമുള്‍പ്പടെ തടഞ്ഞതോടെ പൊലീസെത്തി അറസ്റ്റ് ചെയ്തു. കമ്പനിയുടമയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു ഭാഗത്തും ഡി.സി.സി അംഗവും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരും മറുഭാഗത്തും ആയതോടെ ചേരിപ്പോര് രൂക്ഷമായി. പ്രശ്നം പരിഹരിക്കാന്‍ പ്രദേശിക കോണ്‍ഗ്രസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഐ.എന്‍.ടി.യു.സി യൂനിറ്റ് സെക്രട്ടറി ഇ.ആര്‍. രാജഗോപാലന്‍ അടക്കം 21ഓളം തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ ചേര്‍ന്നത്. ഇവരെ സ്വീകരിക്കാനും അംഗത്വ വിതരണത്തിനുമായി സി.പി.എം മങ്കര ലോക്കല്‍ കമ്മിറ്റി ചന്ദനപ്പുറത്ത് പൊതുയോഗം സംഘടിപ്പിച്ചു.
നൂറുകണക്കിന് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും ഉണ്ടായി. പൊതുയോഗം അഡ്വ. എം.എസ്. സക്കറിയ ഉദ്ഘാടനം ചെയ്തു. എം. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ഡിവിഷനല്‍ സെക്രട്ടറി ഗംഗാധരന്‍, ഒ.എം. മോഹന്‍രാജ്, കെ.വി. ബാബു, ഗംഗാധരന്‍, മണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കപ്പന്‍, ഇ.ആര്‍. ശശി, മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍