പത്രാധിപന്‍മാര്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതുമ്പോള്‍ പലര്‍ക്കും പേടി തോന്നുന്നത് സ്വാഭാവികമാണ്. കലര്‍പ്പോ മറയോ ഇല്ലാതെ ഔദ്യാഗിക ജീവിതം രേഖപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അത് കോളിളക്കമാകുമെന്നുറപ്പ്. ഖുശ്വന്ത് സിംഗിനെയും ഡോം മോറിസിനെയും മറന്നാലും ഇങ്ങ് മലയാളത്തില്‍ പോലും പല പത്രക്കാരും ആത്മകഥാ കഥനം നടത്തിയപ്പോഴുണ്ടായിരുന്ന പുകില്‍ ആരും മറക്കാനിടയില്ല. രാജ്യത്തെ പ്രമുഖ ഇംഗ്ളീഷ് വാരികയായ ‘ഔട്ട് ലുക്ക്’ എഡിറ്റര്‍ വിനോദ് മേത്തയുടെ ആത്മകഥയാണ് ഈയിടെ പെന്‍ഗ്വിന്‍ വൈകിംഗ് പ്രസിദ്ധീകരിച്ച ‘ലക്നൊ ബോയ്’.വില: 499 രൂപ.
പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് വിനോദിന്‍െറ വേരുകള്‍. പിന്നീട് കുടുംബം ഇന്ത്യയിലെത്തിയെങ്കിലും റാവല്‍പിണ്ടിയിലെ പ്രമുഖ കച്ചവടക്കാരായിരുന്ന പൂര്‍വപിതാക്കന്‍മാരുടെ ഓര്‍മകള്‍ അവിടുത്തെ ഒരു റോഡിന്‍െറ പേരായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
നീണ്ട നാലു ദശകങ്ങള്‍ നീണ്ട മാധ്യമപ്രവര്‍ത്തന ജീവിതം സ്വന്തമായുള്ള വിനോദ് മേത്തയുടെ ആത്മകഥ ആഖ്യാനത്തിലൂം ഉള്ളടക്കത്തിലൂം വേറിട്ടു നില്‍ക്കുന്ന പുസ്തകമാണ്. ‘പ്ളേബോയ് ’ മാസികയുടെ ഇന്ത്യന്‍ അനുകരണമായിരുന്ന ‘ഡബണയര്‍’ മുതല്‍ ഇങ്ങേ അറ്റത്ത് ‘ഔട്ട് ലുക്ക്’ വരെ നീളുന്ന ആ കാലത്തെ തികഞ്ഞ നര്‍മബോധത്തോടെയാണ് വിനോദ് നോക്കിക്കാണുന്നത്. അത് വിനോദിന്‍െറ സ്വാഭാവിക രീതിയാണെന്ന മനസിലാകണമെങ്കില്‍ അദ്ദേഹം സ്വന്തം വളര്‍ത്തുനായക്കിട്ട പേര് ‘എഡിറ്റര്‍’ എന്നാണെന്ന് മനസിലാക്കണം.
ആരുടെയെങ്കിലും സഹായമോ, അക്കാദമിക് പിന്‍ബലമോ ഇല്ലാതെയാണ് വിനോദ് മാധ്യമരംഗത്തേക്ക് വരുന്നത്. അതിനുമുമ്പ് ലണ്ടനിലുള്ളപ്പോള്‍ പല സാധാരണ ജോലികളും ചെയ്തു. പ്രണയം തിളച്ചുമറിഞ്ഞ ആ കാലത്തിന്‍െറ ശേഷിപ്പുകള്‍ പിന്നീട് മായാത്ത നൊമ്പരപ്പൂവുകളായത് ഈ കുറിപ്പുകളില്‍ വായിക്കാം. ഉത്തരേന്ത്യയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന ലക്നൊവിലാണ് വിനോദ് വളര്‍ന്നത്. പുസ്തകത്തില്‍ ഉടനീളം ഈ നഗരത്തെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകള്‍ അലയടിക്കുന്നു. വിഭജനത്തിനു ശേഷം നഗരത്തില്‍ ചേക്കേറിയവരുടെ ജീവിത വിജയത്തിനായുള്ള ആധിയാണ് ലക്നൊവിന്‍െറ ലളിതവും ഉദാസീനവുമായ ജീവിതത്തെ തകര്‍ത്തതെന്ന് ഒരു സങ്കടവും അദ്ദേഹത്തിനുണ്ട്.ഹിന്ദി നടി മീനാ കുമാരിയുടെ ജീവചരിത്രമെഴുതാനുള്ള വിവരങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ക്കിടെ പരദൂഷണമായി പലരും പറഞ്ഞ കഥകള്‍ ഉള്‍പ്പെടുത്തിയത് രസകരമാണ്.
‘ഡബണയര്‍’, ‘സണ്‍ഡെ ഒബ്സെര്‍വര്‍’, ‘ഇന്ത്യന്‍ പോസ്റ്റ്’ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ബെന്നറ്റ് ആന്‍റ് കോള്‍മാന്‍ ഗ്രൂപ്പിനൊപ്പം ചേരുന്നത്. അവിടത്തെ ആഴ്ചകള്‍ നീണ്ട സേവനത്തിനുശേഷം ‘പയനീറി’ന്‍െറ എഡിറ്ററായി. ഭൂതകാലത്തില്‍ അഭിരമിച്ച് തളര്‍ന്ന ആ പത്രത്തെ നാലുവര്‍ഷം കൊണ്ട് വിനോദ് പൊടിതട്ടിയെടുത്തെങ്കിലും ഉള്‍പ്പോരുകള്‍ അദ്ദേഹത്തിന് പാരയായി. അങ്ങിനെയാണ് 1995ല്‍ ഇന്ത്യന്‍ മാഗസിന്‍ ചരിത്രത്തിലെ നാഴികക്കല്ലായ ‘ഔ്ലുക്ക്’ അദ്ദേഹം തുടങ്ങിയത്.
ഇടംവലം നോക്കാതെയുള്ള വിനോദിന്‍െറ എഴുത്തില്‍ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുന്നുണ്ട്. ഉദാഹരണത്തിന് അദ്ദേഹം മുന്‍ പ്രധാനമന്ത്രിയും സമുന്നത ബി.ജെ.പി നേതാവുമായ വാജ്പേയിയെക്കുറിച്ച് പറയുന്നത് നോക്കുക: "വാജ് പേയ് ഒരു പുണ്യാളനല്ല. മിതമായി മദ്യപിക്കാനും മിതമായല്ലാതെ സസ്യേതര ഭക്ഷണം ആസ്വദിക്കാനും അദ്ദേഹത്തിനിഷ്ടമായിരുന്നു. ഒരു രാഷ്ട്രീയ താരവും അവിവാഹിതനുമായിരുന്ന അദ്ദേഹത്തിന് (അധികാരമാണ് പരമോന്നത വാജീകരണ ഔധം-ഹെന്‍റി കിസിംജര്‍) പെണ്‍കൂട്ടുകള്‍ക്കായി ഒരിക്കലും കാത്തിരിക്കേണ്ടി വന്നില്ല".
തുറന്നെഴുത്ത്, ധൈര്യം, കൂസലില്ലായ്മ, സത്യസന്ധത എന്നിവയാണ് ഈ ആത്മകഥനത്തിന്‍െറ മുഖമുദ്ര. സ്വന്തം കാമുകിയെയും രാഷ്ട്രീയ നേതാക്കളെയും എഴുത്തുകാരെയും കുറിച്ച് പറയുമ്പോള്‍ ഒരേ സ്വരത്തില്‍ പാലിക്കുന്ന നിര്‍മമത ഈ പുസ്തകത്തെ വേറിട്ടതാക്കും.
പക്ഷേ ഒരു സംശയം. പുസ്തകത്തിന്‍െറ റിലീസിംഗിനോടനുബന്ധിച്ച് നടത്തിയ ‘മീഡിയ ഓപറേഷന്‍സ്’ ഒഴിവാക്കിയാല്‍ എന്തെങ്കിലും സംഭവിക്കുമായിരുന്നോ? അത്രയും ആത്മവിശ്വാസക്കുറവ് വിനോദ് മേത്ത കാണിക്കണമായിരുന്നോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍