അബൂദബി: യു.എ.ഇയിലെയും സൗദിയിലെയും കസ്റ്റംസ് വിഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ജി.സി.സി കസ്റ്റംസ് യൂനിയന്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ഈ സംവിധാനം വരുന്നതോടെ രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി മേഖലയിലെ ചരക്ക് നീക്കം വേഗത്തിലാകും. യു.എ.ഇ-സൗദി അതിര്‍ത്തി കവാടമായ അല്‍ ഗുവൈഫയിലാണ് ഇതിന്‍െറ ഏറ്റവും വലിയ ഗുണഫലമുണ്ടാവുക.
യു.എ.ഇയിലെയും സൗദിയിലെയും കസ്റ്റംസ് വിഭാഗങ്ങളിലെ ക്ളിയറന്‍സ് നടപടികളാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നത്. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കസ്റ്റംസ് ക്ളിയറന്‍സ് നടപടികള്‍ കടലാസ് രേഖകളുടെ അടിസ്ഥാനത്തില്‍ നടത്താന്‍ ഇപ്പോള്‍ ഏറെ സമയം വേണ്ടിവരുന്നു. ഇതിനു പകരം, ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് സമയ നഷ്ടം ഒഴിവാക്കുകയും ചരക്ക് നീക്കം വേഗത്തിലാക്കുകയും ചെയ്യും. ഒരു രാജ്യത്ത് ക്ളിയറന്‍സ് നേടിയതിന്‍െറ രേഖ മറ്റേ രാജ്യത്തിന്‍െറ അതിര്‍ത്തി ചെക് പോയിന്‍റില്‍ കാണിച്ചാല്‍ ഉടന്‍ അവര്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നതാണ് പ്രധാന നേട്ടം. ഇത് ചരക്കുമായി പോകുന്ന വാഹനങ്ങളിലുള്ളവരുടെയും കസ്റ്റംസ് വിഭാഗങ്ങളിലുള്ളവരുടെയും അധ്വാനം കുറയാനും സഹായിക്കും.
പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എ.ഇയിലെയും സൗദിയിലെയും കസ്റ്റംസ് വിഭാഗങ്ങളുടെ യോഗം അടുത്തു തന്നെയുണ്ടാകും. മിക്കവാറും രണ്ടു മാസത്തിനകം ആദ്യ യോഗവും പിന്നീട് തുടര്‍ നടപടിക്കുള്ള യോഗവുമുണ്ടാകുമെന്നാണ് സൂചന. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നടപ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമം.
ഇതിനു പുറമെ, അതിര്‍ത്തിയിലെ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ മറ്റു ചില ക്രമീകരണങ്ങളും ചെക് പോയിന്‍റുകളില്‍ ഏര്‍പ്പെടുത്തും. ട്രാന്‍സിറ്റ് ചരക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക ലൈനാണ് ഇതില്‍ പ്രധാനം. ട്രാന്‍സിറ്റ് അടിസ്ഥാനത്തിലുള്ള ചരക്കുമായി പോകുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതലായി അതിര്‍ത്തി കടക്കുന്നത് എന്നതാണ് ഇതിന് കാരണം. ഒന്നിലേറെ രാജ്യങ്ങളിലൂടെ കടന്നു പോകേണ്ട ഇത്തരം വാഹനങ്ങള്‍ ഓരോ രാജ്യത്തിന്‍െറയും അതിര്‍ത്തി കവാടങ്ങളില്‍ ദീര്‍ഘനേരം കാത്തുകിടക്കുന്ന അവസ്ഥ ചരക്ക് നീക്കത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിര്‍ദിഷ്ട സ്ഥലത്ത് ചരക്ക് എത്താന്‍ വൈകുന്നത് വ്യാപാരികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടവും വരുത്തുന്നു.
യു.എ.ഇ, സൗദി കസ്റ്റംസ് ക്ളിയറന്‍സ് നടപടികള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാന്‍ ഉടന്‍ നടപടി തുടങ്ങുമെന്ന് സൗദി കസ്റ്റംസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ റശീദ് പറഞ്ഞു. അല്‍ ഗുവൈഫയില്‍ ഇപ്പോള്‍ ട്രക്കുകളുടെ നീക്കം പതിവ് പോലെ നടക്കുന്നുണ്ടെന്നും കാത്തുകിടക്കുന്ന സാഹചര്യമില്ലെന്നും അല്‍ ഗുവൈഫയിലെ യു.എ.ഇ ചെക് പോയിന്‍റ് മേധാവി ഹമൂദ് സഈദ് അല്‍ അഫ്രി അറിയിച്ചു. ഒരു ട്രക്ക് അഞ്ച് മിനുട്ടുകൊണ്ട് അതിര്‍ത്തി കടക്കുന്നതായും ഒരു ദിവസം ഏതാണ്ട് 1,800 ട്രക്കുകള്‍ ഇതിലൂടെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രക്കുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ രണ്ടു രാജ്യത്തെയും കസ്റ്റംസ് വിഭാഗങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍