റാക് ശൈഖ് ഖലീഫ ആശുപത്രി വര്‍ഷാവസാനം തുറക്കും

ദുബൈ: റാസല്‍ഖൈമയില്‍ നിര്‍മാണം പുരോഗമിക്കുന്ന ശൈഖ് ഖലീഫ ആശുപത്രിയുടെ പ്രവൃത്തി സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി വിലയിരുത്തി. ഇന്നലെ രാവിലെയാണ് അദ്ദേഹം ശൈഖ് ഖലീഫ സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ സൈറ്റിലെത്തിയത്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് യു.എ.ഇ ഭരണകൂടം മികച്ച ശ്രദ്ധയാണ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്‍മാര്‍ക്ക് രാജ്യാന്തര നിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുന്നതിനും ഈ രംഗത്തിന്‍െറ വികസനത്തിനും ആവശ്യമായ മുഴുവന്‍ സാമ്പത്തിക, ധാര്‍മിക പിന്തുണയും പ്രസിഡന്‍റ് ശൈഖ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് ആശുപത്രി നിര്‍മിക്കുന്നതെന്നും ശൈഖ് സഊദ് വ്യക്തമാക്കി.
ആശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ ചുറ്റിക്കണ്ട അദ്ദേഹം നിര്‍മാണ പുരോഗതി വിലയിരുത്തി. റാക് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂഷന്‍ ഡയറക്ടര്‍ മറിയം മുഹമ്മദ് അബ്ദുല്‍ കരീം ഭരണാധികാരിക്ക് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു നല്‍കി.
6,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ശൈഖ് ഖലീഫ ഹോസ്പിറ്റല്‍ മിഡിലീസ്റ്റിലെ തന്നെ വന്‍കിട ആശുപത്രികളിലൊന്നായി മാറും. ഒരു ബില്യന്‍ ദിര്‍ഹം ചെലവില്‍ ആറ് നിലകളിലാണ് ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. തുടക്കത്തില്‍ ഉണ്ടാകുന്ന 248 കിടക്ക സൗകര്യം പിന്നീട് 400 ആയി ഉയര്‍ത്തും. രണ്ട് ഹെലിപാഡുകളും 640 പാര്‍ക്കിങ് സ്പോട്ടുകളുമുണ്ടാകും. 2012 അവസാനത്തോടെ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus