മസ്കത്ത്: റൂവിയില്‍ നഗരമധ്യത്തിലെ കെട്ടിടത്തില്‍ കയറി താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിമുഴക്കിയ ഇന്ത്യക്കാരനെ നാട്ടുകാര്‍ പിടികൂടി റോയല്‍ ഒമാന്‍ പൊലീസില്‍ ഏല്‍പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ റൂവിയിലെ കെ.എഫ്.സി. പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മാനസിക തെറ്റിയ പോലെ പെരുമാറുന്ന ഇദ്ദേഹം ഏറെ നേരം നാട്ടുകാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി.
ഒരു പ്രമുഖ നിര്‍മാണ കമ്പനിയിലെ തൊഴിലാളിയാണെന്നും തനിക്ക് ഇതുവരെ പതാക്ക നല്‍കിയിട്ടില്ലെന്നും ഇയാള്‍ വിളിച്ചുപറഞ്ഞിരുന്നുവെങ്കിലും ഇയാളുടെ ആവശ്യം കൃത്യമായി എന്താണെന്ന് ആര്‍ക്കും പിടികിട്ടിയിരുന്നില്ല. കെട്ടിടത്തിന് പരിസരത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്വദേശികളും അനുനയിപ്പിച്ച് താഴെ ഇറക്കിയാണ് ഇയാളെ പിന്നീട് പൊലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ അല്‍പനേരത്തേിന് ശേഷം പൊലീസ് യുവാവിനെ വിട്ടയച്ചു. സ്വതന്ത്രനായി പുറത്തെത്തിയ ഇദ്ദേഹം പിന്നെയും വസ്ത്രങ്ങളഴിച്ച് നഗരത്തിലിറങ്ങി. മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളുമായി റോഡില്‍ അലഞ്ഞ ഇദ്ദേഹത്തെ പൊലീസ് വീണ്ടുമെത്തി കൂട്ടികൊണ്ടുപോയി. ബുധനാഴ്ച രാത്രി മുതലാണ് ഇദ്ദേഹത്തെ റൂവിയില്‍ കണ്ടുതുടങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു. രാത്രി രണ്ടുമണിയോടെയാണത്രെ ആദ്യം ഇദ്ദേഹം കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ബഹളമുണ്ടാക്കിയത്. ഈസമയം റോഡിലുണ്ടായിരുന്ന ചില പാകിസ്താന്‍ സ്വദേശികളും ഒമാനി ടാക്സി ഡ്രൈവര്‍മാരും അനുനയിച്ച് പറഞ്ഞയക്കുകയായിരുന്നവത്രെ. എന്നാല്‍, അര്‍ധരാത്രി ചില ഫ്ളാറ്റുകളില്‍ എത്തി ഇയാള്‍ ആളുകളെ തട്ടിവിളിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. രാവിലെ പ്രദേശത്തെ പാകിസ്താന്‍ സ്വദേശിയുടെ ഫ്ളാറ്റിലും ഇയാള്‍ കയറിചെന്നു. മോഷ്ടാവാണെന്ന് കരുതി പാകിസ്താനി യുവാവിനെ ‘കൈകാര്യം’ ചെയ്തു. ഇതില്‍ മനംനൊന്താണത്രെ ഇദ്ദേഹം വീണ്ടും കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍