മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ‘ഗ്രാന്‍റ് ഫിനാലെ’

മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ‘ഗ്രാന്‍റ് ഫിനാലെ’

മനാമ: പ്രതിഭകകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വിജ്ഞാനത്തിന്‍െറയും വിനോദത്തിന്‍െറയും വിസ്മയം തീര്‍ത്ത മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ‘ഗ്രാന്‍റ് ഫിനാലെ’യിലെ ജേതാക്കളെ ഇന്നറിയാം. അറേബ്യന്‍ പ്രവാസ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് രണ്ടു ഘട്ടങ്ങളിലായി അരലക്ഷം കുരുന്നുകള്‍ പങ്കെടുത്ത മത്സരങ്ങളുടെ പരിസമാപ്തിയാണ് ഇന്ന് ഉച്ചക്ക് രണ്ടിന് പവിഴ ദ്വീപില്‍ അരങ്ങേറുക.
കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. അവതാരകന്‍ ക്വിസ് കുലപതി ഗ്രാന്‍റ് മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് ഇന്നലെ രാവിലെ ബഹ്റൈനില്‍ എത്തി. ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ അഹ്മദ് റഫീഖ്, കെ.ടി. സലീം, ബദറുദ്ദീന്‍, അബ്ബാസ്, വി.കെ. നൗഫല്‍, സുബൈര്‍ കമാല്‍ എന്നിവര്‍ ചേര്‍ന്ന്് അദ്ദേഹത്തെ സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളും രക്ഷിതാക്കളും ഇന്നലെ രാത്രിയോടെ എത്തിച്ചേ
ര്‍ന്നു.
കിഡ്സ്, ജൂനിയര്‍, സബ്ജൂനിയര്‍ എന്നീ മൂന്നു തലങ്ങളിലായാണ് ആറ് മണിക്കൂര്‍ നീളുന്ന ഫൈനല്‍ മത്സരം അരങ്ങേറുക. ബഹ്റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ ആറ് രാഷ്ട്രങ്ങളിലെ 60 കുട്ടികളാണ് ഫൈനലില്‍ മാറ്റുരക്കുക. ഈ രാഷ്ട്രങ്ങളിലെ അരലക്ഷം മലയാളി കുട്ടികളെ കോര്‍ത്തിണക്കി 10 മേഖലകളിലെ 100 കേന്ദ്രങ്ങളില്‍ നടന്ന രണ്ടാംഘട്ട മത്സരങ്ങളില്‍നിന്ന് കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഓരോ മേഖലയില്‍നിന്നും വിജയികളായ രണ്ട് പേരടങ്ങുന്ന 10 വീതം ടീമുകളാണുണ്ടാവുക. ഒന്നാം സ്ഥാനക്കാരാകുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അരലക്ഷം രൂപയും മൊമന്‍േറാകളും സമ്മാനമായി ലഭിക്കും. കുവൈത്ത്, ദോഹ, അബൂദബി, മസ്കറ്റ്, സലാല, ദമാം, റിയാദ്, ജിദ്ദ, മനാമ എന്നീ റീജിയനുകളുടെ പ്രതിനിധികളാണ് ഇവര്‍. പരിസ്ഥിതി, ആനുകാലികം, ശാസ്ത്രം, ഐ.ടി, യുക്തിചിന്ത, കല, കായികം, സാഹിത്യം, സംസ്കാരം എന്നിവയായിരിക്കും ഫൈനല്‍ മത്സരത്തിന്‍െറ ചോദ്യമേഖലകള്‍.
ഇളം തലമുറയുടെ നൈസര്‍ഗികമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയും ജീവിതത്തില്‍ മത്സരിച്ച് മുന്നേറുന്നതിന്‍െറ വഴികള്‍ കാണിച്ച് കൊടുക്കുകയും ചെയ്ത മെഗാക്വിസ് പരിപാടിയില്‍ ഗള്‍ഫിലുടനീളം കുട്ടികളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ഉണ്ടായത്. പ്രവാസ ചരിത്രത്തിലാദ്യമായാണ് ആറ് രാഷ്ട്രങ്ങളുടെ പ്രവാസ വിദ്യാര്‍ഥി പ്രതിനിധികളെ ഒരേ വേദിയില്‍ അണിനിരത്തി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. അതത് റീജിയനുകളില്‍നിന്നുള്ള മത്സരാര്‍ഥികളുടെ യാത്രയും കുടുംബങ്ങളുടെ ബഹ്റൈനിലുള്ള താമസവും സൗജന്യമാണ്.
www.malarvadionline.com എന്ന വെബ്സൈറ്റ് വഴിയായിരിന്നു ഒന്നാം ഘട്ട മത്സരം. പാഠങ്ങള്‍ക്കപ്പുറം എന്ന പ്രമേയത്തെ ആസ്പദമാക്കി പുസ്തകങ്ങളുടെ അക്ഷരക്കൂട്ടുകള്‍ക്കപ്പുറം അറിവിന്‍െറ പുതിയ വാതായനങ്ങള്‍ കുരുന്നുകള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുന്നതായിരിന്നു മെഗാ ക്വിസിലെ ആദ്യ ഘട്ട മത്സര പരിപാടികള്‍.
സമാപന ചടങ്ങില്‍ പത്മശ്രീ രവിപിള്ള മുഖ്യാതിഥി ആയിരിക്കും. ബഹ്റൈന്‍ യൂനിവേഴ്സിറ്റി പ്രോഫസര്‍ ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ അത്താവി, കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഇബ്നുല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ശകീല്‍ അഹ്മദ് ആസ്മി എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തകരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും. ബഹ്റൈന്‍ റിജിയനിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus