12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ഉന്നതങ്ങളില്‍ അഴിമതി; രോഗികള്‍ക്ക് ‘സമാധാനം’

ഉന്നതങ്ങളില്‍ അഴിമതി; രോഗികള്‍ക്ക് ‘സമാധാനം’

ആരോഗ്യസംരക്ഷണ, ചികിത്സാ മേഖലയെ ഏറ്റവും നല്ല കറവപ്പശുവായി കാണുന്ന ബഹുരാഷ്ട്ര കമ്പനികളുടെ കണ്ണില്‍ ചോരയില്ലായ്മക്ക് പുതിയൊരു സാക്ഷ്യപത്രം. ഇന്നാട്ടിലെ രോഗികള്‍ക്ക് തിന്നാനും കുടിക്കാനും കൊടുക്കുന്ന മരുന്നുകളില്‍ പലതിന്‍െറയും ഗുണമേന്മയും പാര്‍ശ്വഫലങ്ങളും പരീക്ഷിച്ചറിയാന്‍ മിനക്കെടാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് വിപണനം ചെയ്യുന്നതെന്ന രഹസ്യം സ്കൂപ് തേടി നടക്കുന്ന ഏതോ മീഡിയ പ്രവര്‍ത്തകന്‍െറ ഭാവനാവിലാസമല്ല. ഔധ കൈകാര്യ കര്‍തൃത്വത്തിന്‍െറ പരമോന്നത കേന്ദ്രമായ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും അതിപ്രഗല്ഭരായ ചില ഡോക്ടര്‍മാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ നെറികേടിലേക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത് ആരോഗ്യ-കുടുംബക്ഷേമ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. പുതുതായി ഇറങ്ങുന്ന ഓരോ മരുന്നും കുറിപ്പടിയില്‍ സ്ഥാനം പിടിക്കുംമുമ്പ് അതി വിദഗ്ധരും പരിചയ സമ്പന്നരുമായ ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ‘ക്ളിനിക്കല്‍ ട്രയലിന്’ വിധേയമായിരിക്കണം എന്ന സര്‍വാംഗീകൃത അനുശാസനം അറുകൊല ചെയ്യപ്പെടുകയാണ്. വൈദ്യശാസ്ത്ര വിശാരദന്മാരും ലാഭക്കൊതി പൂണ്ട മരുന്നു കമ്പനിക്കാരും തമ്മിലുള്ള അവിഹിത ബന്ധത്തിന്‍െറയും അഴിമതി ഇടപാടിന്‍െറയും പിന്നാമ്പുറ കഥകള്‍ പറഞ്ഞുതരുന്നുണ്ട് പാര്‍ലമെന്‍ററി സമിതി ചൊവ്വാഴ്ച രാജ്യസഭക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്.
2008 ജനുവരിക്കും 2010 ഒക്ടോബറിനും ഇടയില്‍ ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകാരം നല്‍കിയ 33 മരുന്നുകളില്‍ ഒരെണ്ണംപോലും മനുഷ്യനിലെ പരീക്ഷണം (ക്ളിനിക്കല്‍ ട്രയലിന്) വിധേയമാക്കിയില്ലെന്ന കണ്ടെത്തല്‍ ഈ രാജ്യത്ത് ഇനി നടക്കാത്തതായി എന്തുണ്ട് എന്ന വലിയ ചോദ്യം അവശേഷിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവമല്ല ഇത്. ക്ളിനിക്കല്‍ ട്രയല്‍ എന്ന ഏടാകൂടം പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി വിപണിയിലെത്തുന്ന മരുന്നുകള്‍ നിര്‍മിച്ചിരിക്കുന്നത് നിസ്സാരന്മാരുടേതല്ല. സിപ്ള, നൊവാര്‍ട്ടിസ് എലി ലില്ലി തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നിരിക്കെ ‘പണത്തിനുമീതെ പറക്കാന്‍ ചിറകുപൊന്തുന്ന എത്ര പരുന്തുകള്‍’ നമുക്കിടയിലുണ്ട് എന്ന വെല്ലുവിളിയോട് രചനാത്മകമായി പ്രതികരിക്കാന്‍ നെഞ്ചുറപ്പുള്ളവരുടെ കൂട്ടായ്മയാണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന് സാരം. പൊതുതാല്‍പര്യം മാനിച്ച് ക്ളിനിക്കല്‍ ട്രയല്‍ കൂടാതെ തന്നെ മരുന്നിന് അംഗീകാരം നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് അധികാരമുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍െറ അവകാശവാദം പാര്‍ലമെന്‍ററി സമിതിക്ക് സ്വീകാര്യമായിട്ടില്ല. എന്താണീ ‘പൊതുതാല്‍പര്യം’ എന്നതിന്‍െറ വിവക്ഷ എന്ന് വിശദീകരിച്ചുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല എന്നതുതന്നെ കാരണം. വിദേശ സാഹചര്യങ്ങളില്‍ നിര്‍മിതമായ ഒരു മരുന്ന് ഇന്ത്യന്‍ സാഹചര്യങ്ങളോട് എത്രമാത്രം പൊരുത്തപ്പെടുന്നുണ്ട് എന്ന അതിപ്രധാന വശം മാറ്റിവെക്കാവുന്ന ഏത് പൊതുതാല്‍പര്യത്തെ കുറിച്ചാണാവോ മന്ത്രാലയം പറയുന്നതെന്ന ചോദ്യം വളരെ പ്രസക്തമാണ്.
കഴിവുറ്റ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണത്തിനൊടുവില്‍ നല്‍കേണ്ട ക്ളിനിക്കല്‍ ട്രയല്‍ സാക്ഷ്യപത്രം മരുന്ന് കമ്പനി വക്താക്കളാണ് എഴുതി തയാറാക്കുന്നതെന്ന് പറയുമ്പോള്‍ അങ്ങേയറ്റം അഴുകിയ അഴിമതിയുടെ നാറ്റമാണ് ഉയര്‍ന്നുവരുന്നത്. രാജ്യത്തെ വിവിധ വൈദ്യപഠന-ഗവേഷണ സ്ഥാപനങ്ങളില്‍നിന്ന് വന്ന ഏതാനും സാക്ഷ്യപത്രങ്ങളുടെ വാക്കുകള്‍ പോലും ഒരേപോലെ. അധികൃതര്‍ക്ക് കിട്ടിയതാവട്ടെ ഒരേ ദിവസവും. അതിലെ ക്രമനമ്പര്‍ തൊട്ടുതൊട്ടുള്ളതും. എന്തൊരു യാദൃച്ഛികത! ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചണ്ഡിഗഢ്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വെല്ലൂര്‍, സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജ് വെല്ലൂര്‍ എന്നീ താരത്തിളക്കമുള്ള ആതുരാലയങ്ങളിലെ പോലും ചില വിദഗ്ധ ഭിഷഗ്വരന്മാര്‍ ബഹുരാഷ്ട്ര കമ്പനികളുടെ പ്രേരണക്ക് വശംവദരായിട്ടുണ്ട് എങ്കില്‍ ‘ഉപ്പും പുഴുവരിച്ചുതുടങ്ങിയോ’ എന്ന് ചോദിച്ചുപോവുകയാണ്.
ലാട വൈദ്യന്മാര്‍ മുതല്‍ വ്യാജ ഡോക്ടര്‍മാര്‍വരെ വിലസുന്ന നാടാണിത്. ശരാശരി ഇന്ത്യക്കാരന്‍െറ -പ്രത്യേകിച്ച് കേരളീയന്‍െറ -ദൗര്‍ബല്യങ്ങളെ സമര്‍ഥമായി ചൂഷണംചെയ്ത് വിപണി കൈയടക്കാന്‍ ജനറിക് എന്ന ഓമനപ്പേരില്‍ ഇറങ്ങുന്ന ഹെര്‍ബലും അല്ലാത്തതുമായ ‘ഒറ്റമൂലിയും’ ‘സര്‍വരോഗ സംഹാരി’യുമൊക്കെ മറുവശത്ത്. എന്നാല്‍, ഇതിന്‍െറയൊക്കെ ദൂഷിത വലയത്തിനും മുകളില്‍നിന്നാണ് മള്‍ട്ടി നാഷനലുകളുടെ കളി. അത് തടുക്കാന്‍ പാവം രോഗികള്‍ മാത്രം വിചാരിച്ചാല്‍ പോരാ. അവരുടെ വിവേചനാധികാരത്തിനും ചോയ്സിനും അപ്പുറത്താണല്ലോ പുതിയ പ്രശ്നത്തിന്‍െറ പ്രഭവകേന്ദ്രം. വളരെ ജനകീയമായി കിട്ടുന്ന പാരസെറ്റമോളിന്‍െറ കാര്യം തീരുമാനിക്കാന്‍ അമേരിക്ക 37 പേരടങ്ങുന്ന വിദഗ്ധ സമിതിക്ക് രൂപം കൊടുത്തിരുന്നു എന്ന വസ്തുതയുമായി ഇവിടത്തെ നടപടി ക്രമ(ക്കേടു)ങ്ങള്‍ താരതമ്യം ചെയ്തുനോക്കുക. 500 പേജുകള്‍ വരെ വരുന്ന ബൃഹത്തായ റിപ്പോര്‍ട്ടുകളാണ് കമ്പനി മേധാവികള്‍ എഴുതിത്തയാറാക്കി ‘വിദഗ്ധം, ആധികാരികം, വിശ്വസ്തം’ എന്ന പേരില്‍ സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരെ ക്കൊണ്ട് മേലൊപ്പ് ചാര്‍ത്തിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നത്. രാജ്യത്തെ ഔധ വിദഗ്ധന്മാരില്‍ പ്രമുഖനായ സി.എം. ഗുലാത്തി അഭിപ്രായപ്പെടുംപോലെ വ്യാപകമായ അഴിമതിയാണ് ഈ രംഗത്തു നടന്നുകൊണ്ടിരിക്കുന്നത്.
മരുന്ന് നിര്‍മാതാക്കളും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍െറ ചിലരും ഏതാനും ഡോക്ടര്‍മാരും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ടുണ്ട് എന്ന നിഗമനത്തില്‍ അന്വേഷണ സമിതി എത്തിച്ചേര്‍ന്നിരിക്കുകയുമാണ്. മാരകമായ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന അത്യപൂര്‍വ സാഹചര്യത്തില്‍ ക്ളിനിക്കല്‍ ട്രയല്‍ കൂടാതെ തന്നെ മരുന്ന് പ്രയോഗിക്കാം എന്ന പഴുതിനെയാണ് കേന്ദ്ര മന്ത്രാലയം ലാഘവത്തോടെ വലിച്ചുനീട്ടിയിരിക്കുന്നതെന്ന് വ്യക്തം. അത്തരം അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ അതുതന്നെയേ നടക്കൂ. ഒന്നുകില്‍ മരുന്ന് കഴിക്കാതെ വരുന്നതുവരട്ടെ എന്ന് കരുതിയിരിക്കുക, അല്ലെങ്കില്‍ ലഭ്യമായ മരുന്ന്, അതിന്‍െറ പാര്‍ശ്വഫലങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കാതെ, ജീവന്‍ നിലനിര്‍ത്തുക എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി കഴിക്കുക. ഇതല്ലല്ലോ സാധാരണ സാഹചര്യങ്ങളിലെ അവസ്ഥ. ആ സാഹചര്യത്തെ മറന്നുകൊണ്ട് പൊതുതാല്‍പര്യം എന്ന പഴുതിന് വട്ടംവെപ്പിക്കുന്നതിന്‍െറ നേട്ടം രോഗികള്‍ക്കല്ല; മറ്റ് പലര്‍ക്കുമാണ്. രോഗികള്‍ക്ക് നഷ്ടപ്പെടാനേ ഉള്ളൂ. ആ നഷ്ടം ആര് നികത്തും?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com